പൂനെ: ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനു മികച്ച തുടക്കം. 13 ഓവര്‍ പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് ഒരു വിക്കറ്റിന് 86 റണ്‍സ് നേടി.ഓപണര്‍ ജാസണ്‍ റോയിയുടെ (60*) അര്‍ധസെഞ്ച്വറിയാണ് ഇംഗ്ലണ്ടിനു കരുത്തേകിയത്. 48 പന്ത് നേരിട്ട താരം 11 ബൗണ്ടറികളും നേടി. അലെക്‌സ് ഹെയ്ല്‍സാണ് (9) പുറത്തായത്. താരത്തെ ജസ്പ്രീത് ബുംറ റണ്ണൗട്ടാക്കുകയായിരുന്നു.
ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ ഏകദിനത്തില്‍ത്തന്നെ വിരാട് കോലിക്ക് ടോസ് ലഭിക്കുകയായിരുന്നു. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആദ്യം ഫീല്‍ഡ് ചെയ്യാനാണ് തീരുമാനിച്ചത്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ഒന്നാമത്തെ കളിയാണ് പുനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്നത്. പകലും രാത്രിയുമായാണ് മത്സരം.
Read Also: യുവരാജ് സിംഗിനെ ടീമിലെടുത്തത് ധോണിക്ക് വേണ്ടിയോ.. ക്യാപ്റ്റന്‍ വിരാട് കോലി പറയുന്നതെന്ത്?
സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ അജിന്‍ക്യ രഹാനെയെ ഒഴിവാക്കിയാണ് വിരാട് കോലി ആദ്യ ഇലവനെ തിരഞ്ഞെടുത്തത് എന്നതാണ് രസകരം. രഹാനെയ്ക്ക് പുറമേ മനീഷ് പാണ്ഡെ, ഭുവനേശ്വര്‍ കുമാര്‍, അമിത് മിശ്ര എന്നിവരും ഒന്നാം ഏകദിനത്തിന് തിരഞ്ഞെടുക്കപ്പെട്ടില്ല. മധ്യനിരയില്‍ ഓള്‍റൗണ്ടര്‍മാരായ ഹര്‍ദീക് പാണ്ഡ്യ, കേദാര്‍ ജാദവ് എന്നിവരെയാണ് കോലി ഉള്‍ക്കൊള്ളിച്ചത്. തുടര്‍ന്ന് ജഡേജ, അശ്വിന്‍, ഭുമ്ര, ഉമേഷ് യാദവ് എന്നിവരും എത്തും.

ശിഖര്‍ ധവാനും കെ എല്‍ രാഹുലുമാണ് ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണ്‍ ചെയ്യുക. മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ കോലി. പിന്നാലെ യുവരാജ് സിംഗ്. അഞ്ചില്‍ ധോണി. തുടര്‍ന്ന് ജാദവ്, പാണ്ഡ്യ എന്നിവര്‍. ടോസ് കിട്ടിയിരുന്നെങ്കില്‍ ആദ്യം ഫീല്‍ഡ് ചെയ്യുമായിരുന്നു എന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍ പറഞ്ഞു. ഇതാദ്യമായിട്ടാണ് ഇന്ത്യ ഡി ആര്‍ എസ് സംവിധാനത്തോടെ ഒരു പരമ്പര കളിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്.