IND vs AUS: പുജാര 79 ടെസ്റ്റ്, രോഹിത് 32ഉം- എന്നിട്ടും എന്തുകൊണ്ട് വൈസ് ക്യാപ്റ്റന്‍? കാരണമറിയാം
ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ ശേഷിക്കുന്ന രണ്ടു ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി കഴിഞ്ഞ ദിവസം രോഹിത് ശര്‍മയെ നിയമിച്ചിരുന്നു. രണ്ടാം ടെസ്റ്റില്‍ വൈസ് ക്യാപ്റ്റനായിരുന്ന ചേതേശ്വര്‍ പുജാരയെ മാറ്റിയാണ് സെലക്ഷന്‍ കമ്മിറ്റി രോഹിത്തിനോട് സഹനായകസ്ഥാനമേറ്റെടുക്കാന്‍ ആവശ്യപ്പെട്ടത്.
ആദ്യ രണ്ടു ടെസ്റ്റുകളിലും അദ്ദേഹം ടീമില്‍ ഇല്ലായിരുന്നു. രണ്ടാം ടെസ്റ്റിനു മുമ്പ് രോഹിത് ഓസ്‌ട്രേലിയയിലെത്തിയിരുന്നെങ്കിലും രണ്ടാഴ്ച ക്വാറന്റീനില്‍ കഴിയേണ്ടി വന്നതിനാല്‍ കളിക്കാനായില്ല. പുജാരയെ നീക്കി പകരം എന്തുകൊണ്ടാണ് രോഹിത്തിനു വൈസ് ക്യാപ്റ്റന്‍സി നല്‍കിയത് എന്നതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ബിസിസിഐ.

അനുഭവസമ്പത്തില്‍ പുജാര
ടെസ്റ്റിലെ അനുഭവസമ്പത്ത് പരിഗണിച്ചാല്‍ രോഹിത്തിനേക്കാള്‍ ഏറെ മുന്നിലാണ് പുജാര. ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ പുതിയ 'വന്‍മതിലെന്നു' ചൂണ്ടിക്കാണിക്കപ്പെടുന്ന അദ്ദേഹം 79 ടെസ്റ്റുകള്‍ കളിച്ചു കഴിഞ്ഞു. മറുഭാഗത്ത് വെറും 32 ടെസ്റ്റുകളില്‍ മാത്രമേ രോഹിത് കളിച്ചിട്ടുള്ളൂ.
സ്ഥിരം ക്യാപ്റ്റന്‍ വിരാട് കോലിക്കു ഭാര്യയുടെ പ്രസവം കാരണം ആദ്യ ടെസ്റ്റിനു ശേഷം നാട്ടിലേക്കു മടങ്ങേണ്ടി വന്നതോടെയാണ് ഇന്ത്യക്കു വൈസ് ക്യാപ്റ്റനെ തിരയേണ്ടി വന്നത്. കോലിയുടെ അഭാവത്തില്‍ വൈസ് ക്യാപ്റ്റനായ അജിങ്ക്യ രഹാനെ നായകസ്ഥാനത്തേക്കു വന്നിരുന്നു.

താല്‍ക്കാലികം മാത്രം
പുജാരയെ വൈസ് ക്യാപ്റ്റനാക്കിയത് വെറും താല്‍ക്കാലികം മാത്രമായിരുന്നുവെന്നു വ്യക്തമാക്കിയിരിക്കുകയാണ് ബിസിസിഐ ഒഫീഷ്യല്‍. വിരാട് ബ്രേക്കെടുക്കുകയും അജിങ്ക്യ പകരം ചുമതലയേല്‍ക്കുകയും ചെയ്താല്‍ ആരായിരിക്കും വൈസ് ക്യാപ്റ്റനെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലായിരുന്നു. രോഹിത് ടീമിനൊപ്പം ചേരുന്നതു വരെയുള്ള ഒരു താല്‍ക്കാലിക ക്രമീകരണം മാത്രമായിരുന്നു പുജാരയുടെ നിയമനം.
രോഹിത് ദീര്‍ഘകാലമായി ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാണ്. അതുകൊണ്ടു തന്നെ വിരാടിന്റെ അഭാവത്തില്‍ ടീമിന്റെ നേതൃനിരയിലെ ഒഴിച്ചുകൂടാനാവാത്ത താരമാണ് രോഹിത്തെന്നും ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.

വൈസ് ക്യാപ്റ്റനായത് ഇതാദ്യം
ആദ്യമായാണ് രോഹിത് ഇന്ത്യന്‍ ടെസ്റ്റ്് ടീമിന്റെ സഹനായകസ്ഥാനത്തേക്കു വന്നത്. കോലിയുടെ പിന്‍മാറ്റം അദ്ദേഹത്തിന് വൈസ് ക്യാപ്റ്റന്‍സി റോളിലേക്കു വഴിയൊരുക്കുകയായിരുന്നു. കോലിയുടെ അഭാവത്തില്‍ ദേശീയ ടീമിനെ 10 ഏകദിനങ്ങളിലും 19 ടി20കളിലും രോഹിത് ടീമിനെ നയിച്ചിട്ടുണ്ട്. ഇവയില്‍ എട്ട് ഏകദിനങ്ങളിലും 15 ടി20കളിലും ടീമിനെ വിജയിപ്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.
ഐപിഎല്ലിലും മികച്ച റെക്കോര്‍ഡാണ് ക്യാപ്റ്റനെന്ന നിലയില്‍ ഹിറ്റ്മാനുള്ളത്. മുംബൈ ഇന്ത്യന്‍സിനെ അഞ്ചു തവണ അദ്ദേഹം ജേതാക്കളാക്കിയിട്ടുണ്ട്. ട്രോഫികളുടെ എണ്ണത്തില്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കും മുകളിലാണ് രോഹിത്തിന്റെ സ്ഥാനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications