ദില്ലി: പാകിസ്താന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ബൂം ബൂം അഫ്രീദിക്ക് ആശംസകളുമായി ഇന്ത്യയുടെ സൂപ്പര്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ യുവരാജ് സിംഗ്. യുവരാജ് സിംഗ് ആശംസകള്‍ അറിയിക്കുന്ന വീഡിയോ അഫ്രീദി തന്നെയാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. പാകിസ്താന്‍ സൂപ്പര്‍ ലീഗ് ക്രിക്കറ്റിന് മുന്നോടിയായിട്ടാണ് യുവരാജ് സിംഗ് അഫ്രീദിക്കും അഫ്രീദിയുടെ ഫ്രാഞ്ചൈസിയായ പെഷവാറിനും ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയത്.
ഹിന്ദിയില്‍ റെക്കോര്‍ഡ് ചെയ്ത 39 സെക്കന്‍ഡ് വീഡിയോ ആണ് അഫ്രിദി ഷെയര്‍ ചെയ്തത്. അഫ്രീദിയുടെ ബാറ്റിംഗിനെ പ്രത്യേകിച്ചും അഫ്രീദിയുടെ കൂറ്റന്‍ സിക്‌സറുകളെ യുവരാജ് പുകഴ്ത്തുന്നതും കേള്‍ക്കാം. ഞങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കും. പാകിസ്താന്‍ സൂപ്പര്‍ ലീഗ് ക്രിക്കറ്റിന്റെ ഒന്നാം സീസണ്‍ പെഷവാര്‍ വിജയിക്കുമെന്നും യുവരാജ് പറയുന്നു.
ഇതിന് കാരണമായി യുവരാജ് പറയുന്നത് അഫ്രീദിയെ ആണ്. അഫ്രിദീയെ പോലുള്ള കളിക്കാര്‍ ഉള്ള ടീമുകള്‍ ജയിക്കാന്‍ സാധ്യത കൂടുതലാണ്. ഗ്രൗണ്ടിന്റെ എല്ലാ മൂലയിലേക്കും സിക്‌സറുകള്‍ അടിക്കാന്‍ കെല്‍പുള്ള കളിക്കാരനാണ് അദ്ദേഹം. അഫ്രീദിയുടെ പാകിസ്താന്‍ ടീമിനെതിരെ കളിച്ചിട്ടുള്ള ഓര്‍മകളും യുവരാജ് പങ്കുവെക്കുന്നു.

2016 ഫെബ്രുവരിയിലാണ് പാകിസ്താന്‍ സൂപ്പര്‍ ലീഗ് ക്രിക്കറ്റ് തുടങ്ങുന്നത്. 5 ടീമുകളാണ് ഉണ്ടാകുക. ഇസ്ലാമാബാദ്, കറാച്ചി, പെഷവാര്‍, ലാഹോര്‍, ക്വറ്റ എന്നിവയാണ് ടീമുകള്‍. നാല് വിദേശികള്‍ ഉള്‍പ്പെടെ 16 കളിക്കാരാണ് ഓരോ ടീമിലും ഉണ്ടാകുക. പാകിസ്താന്‍ സൂപ്പര്‍ ലീഗ് ക്രിക്കറ്റില്‍ ഇന്ത്യന്‍ കളിക്കാരും പങ്കെടുത്തേക്കുമെന്ന് സൂചനകളുണ്ട്.