ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ബാറ്റിങ് സെന്‍സേഷനായി മാറിയിരിക്കുകയാണ് യുവതാരം പ്രിയാന്‍ഷ് ആര്യ. കഴിഞ്ഞ ദിവസം ഡല്‍ഹി ടി20 ലീഗില്‍ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിനെ അനുസ്മരിപ്പിച്ച് ഒരോവറിലെ ആറു ബോളും സിക്‌സറിലേക്കു പറത്തിയതോടെയാണ് ഈ ഇടംകൈയന്‍ ഓപ്പണിങ് ബാറ്ററെ ക്രിക്കറ്റ് ലോകം ശ്രദ്ധിച്ചത്. ഈ സിക്‌സര്‍ വേട്ട മാത്രമല്ല ടൂര്‍ണമെന്റിലുടനീളം മിന്നുന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന പ്രിയാന്‍ഷിനെ ഐപിഎല്‍ ഫ്രാഞ്ചൈസികളും നോട്ടമിട്ടിരിക്കുകയാണ്.
വരാനിരിക്കുന്ന മെഗാ താരേലത്തില്‍ ഏതെങ്കിലുമൊരു ഫ്രാഞ്ചൈസി അദ്ദേഹത്തെ സ്വന്തമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ ദിവസം നോര്‍ത്ത് ഡല്‍ഹിയുമായുള്ള പോരാട്ടത്തിലാണ് സൗത്ത് ഡല്‍ഹി സൂപ്പര്‍ സ്റ്റാര്‍സിനായി ഇറങ്ങിയ പ്രിയാന്‍ഷ് ഒരോവറിലെ മുഴുവന്‍ ബോളും സിക്‌സറിലെത്തിച്ച് യുവി 2.0 ആയി മാറിയത്. ഈ കളിയില്‍ കിടിലന്‍ സെഞ്ച്വറിയും യുവതാരം കുറിച്ചിരുന്നു.

പ്രിയാന്‍ഷിന്റെ 'ആറാട്ട്' സ്പിന്നര്‍ക്കെതിരേ
സ്പിന്നര്‍ മനന്‍ ഭരദ്വാജെറിഞ്ഞ 12ാം ഓവറിലായിരുന്നു പ്രിയാന്‍ഷിന്റെ സിക്‌സര്‍ ആറാട്ട് കണ്ടത്. ആദ്യത്തെ ബോള്‍ ലോങ് ഓഫിനു മുകളിലൂടെ പറത്തിയാണ് സിക്‌സര്‍ വേട്ടയ്ക്കു താരം തിരികൊളുത്തിയത്. അടുത്ത ബോള്‍ ഡീപ്പ് മിഡ് വിക്കറ്റിനു മുകളിലൂടെയാണ് താരം ഗ്യാലറിയിലേക്കു പായിച്ചത്.
ഈ രണ്ടു സിക്‌സര്‍ കൊണ്ടും പ്രിയാന്‍ഷിനു നിര്‍ത്താന്‍ ഭാവമില്ലായിരുന്നു. ശേഷിച്ച നാലു ബോള്‍ കൂടി സിക്‌സറിലേക്കു പറത്തി അദ്ദേഹം ബൗളറുടെ കഥ കഴിക്കുകയും ചെയ്തു. ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ രണ്ടാമത്തെ സെഞ്ച്വറിയും വൈകാതെ പ്രിയാന്‍ഷ് പൂര്‍ത്തിയാക്കി. 50 ബോളില്‍ 10 വീതം ഫോറും സിക്‌സറുമടക്കം 120 റണ്‍സ് വാരിക്കൂട്ടിയാണ് താരം ക്രീസ് വിട്ടത്.
എന്നാല്‍ ടീമിന്റെ ക്യാപ്റ്റന്‍ ആയുഷ് ബദോനിയുടെ അഴിഞ്ഞാട്ടത്തിനു മുന്നില്‍ പ്രിയാന്‍ഷിന്റെ ഈ സെഞ്ച്വറി മുങ്ങിപ്പോവുകയായിരുന്നു. വെറും 55 ബോളില്‍ 165 റണ്‍സാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരം കൂടിയായ ബദോനി അടിച്ചെടുത്തത്. 19 സിക്‌സറും എട്ടു ഫോറുകളും ഇതിലുള്‍പ്പെടും. ടി20യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റുമുയര്‍ന്ന വ്യക്തിഗതസ്‌കോറും കൂടിയാണിത്.
റണ്‍വേട്ടയില്‍ തലപ്പത്ത്
ഡല്‍ഹി ടി20 ലീഗില്‍ ഇത്തവണത്തെ റണ്‍മെഷീനായി മാറിയിരിക്കുകയാണ് 23 കാരനായ പ്രിയാന്‍ഷ് ആര്യ. നിലവില്‍ ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്താണ് അദ്ദേഹമുള്ളത്. 196 എന്ന ഞെട്ടിക്കുന്ന സ്‌ട്രൈക്ക് റ്റേില്‍ എട്ടു കളിയില്‍ നിന്നും 566 റണ്‍സ് പ്രിയാന്‍ഷ് നേടിക്കഴിഞ്ഞു. രണ്ടു സെഞ്ച്വറികളും ഇതിലുള്‍പ്പെടും. ടൂര്‍ണമെന്റില്‍ താരത്തിന്റെ ഏറ്റവും ചെറിയ സ്‌കോര്‍ 45 റണ്‍സാണ്. ബാറ്റിങില്‍ എത്ര മാത്രം സ്ഥിരതയാണ് പ്രിയാന്‍ഷ് പുലര്‍ത്തുന്നതെന്നു ഇതില്‍ നിന്നു തന്നെ വ്യക്തമാണ്.

പ്രിയാന്‍ഷിന്റെ കരിയര്‍
പ്രിയാന്‍ഷ് ആര്യയുടെ കരിയറിലേക്കു വന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിയുടെ താരമായ അദ്ദേഹം ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനു വേണ്ടിയും നേരത്തെ കളിച്ചിട്ടുണ്ട്. ഇടംകൈയന്‍ ബാറ്റര്‍ മാത്രമല്ല വലംകൈയന്‍ ഓഫ് ബ്രേക്ക് ബൗളറും കൂടിയാണ് താരം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പ്രിയാന്‍ഷ് ഇനിയും അരങ്ങേറിയിട്ടില്ല.
ലിസ്റ്റ് എ ക്രിക്കറ്റില്‍ അഞ്ചു മല്‍സരങ്ങളിലാണ് താരം കളിച്ചത്. ഇവയില്‍ നിന്നു 69 റണ്‍സ് നേടുകയും ചെയ്തു. ടി20 കരിയറെടുത്താല്‍ വെറും ഒമ്പതു മല്‍സരങ്ങളില്‍ മാത്രമേ പ്രിയാന്‍ഷ് ഇതു വരെ കളിച്ചിട്ടുള്ളൂ. 248 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തിരിക്കുന്നത്.