ഒരു ക്രിക്കറ്ററെ സംബന്ധിച്ചിടത്തോളം അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ മികവ് പ്രദര്‍ശിപ്പിക്കാനുള്ള ആദ്യത്തെ പ്രധാനപ്പെട്ട വേദിയായാണ് ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പ് വിലയിരുത്തപ്പെടുന്നത്. ഭാവി സൂപ്പര്‍ താരത്തിന്റെ പിറവിക്കു സാക്ഷിയാവുന്ന ആദ്യത്തെ ടൂര്‍ണമെന്റ് കൂടിയാണിത്. അതുകൊണ്ടുതന്നെ അണ്ടര്‍ 19 ലോകകപ്പുകളുടെ പ്രാധാന്യവും വളരെ വലുതാണ്. നിരവധി വമ്പന്‍ താരങ്ങളുടെ ഉദയത്തിനു മുന്‍ ടൂര്‍ണമെന്റുകള്‍ വേദിയായിട്ടുണ്ട്.
ഇന്ത്യയുടെ കാര്യമെടുത്താല്‍ യുവരാജ് സിങ് മുതല്‍ വിരാട് കോലി വരെയുള്ള വലിയൊരു നിര തന്നെ അണ്ടര്‍ 19 ലോകകപ്പുകളിലൂടെ വരവറിയിച്ചവരാണ്. ഈ ലിസ്റ്റിലെ അവസാനത്തെയാളുകള്‍ ശുഭ്മന്‍ ഗില്‍, രവി ബിഷ്‌നോയ് എന്നിവരാണ്. പക്ഷെ അണ്ടര്‍ 19 ലോകകപ്പ് കൊണ്ടു മാത്രം ഒരു ക്രിക്കറ്ററുടെ തലവര മാറണമെന്നില്ല. അണ്ടര്‍ ലോകകപ്പില്‍ ഇന്ത്യക്കായി കസറിയിട്ടും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ക്ലിക്കാവാതെ പോയ ചില താരങ്ങളുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

മുന്‍ ലോകകപ്പ് വിന്നിങ് ക്യാപ്റ്റനും വെടിക്കെട്ട് ബാറ്ററുമായ പൃഥ്വി ഷായാണ് ഈ ലിസ്റ്റിലെ ഒരാള്‍. 2018ലെ അണ്ടര്‍ 19 ലോകകപ്പില്‍ ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമിന്റെ നായകനായിരുന്നു പൃഥ്വി. ടൂര്‍ണമെന്റില്‍ 65.25 ശരാശരിയില്‍ 94.56 സ്‌ട്രൈക്ക് റേറ്റില്‍ 261 റണ്‍സും താരം സ്‌കോര്‍ ചെയ്തിരുന്നു.
അതിനു പിന്നാലെ സീനിയര്‍ ടീമിനായും പൃഥ്വി അരങ്ങേറിയെങ്കിലും പിന്നീട് അപ്രത്യക്ഷനാവുകയായിരുന്നു. ഇതേ ടീമിന്റെ ഭാഗമായ ഗില്ലാവട്ടെ ഇപ്പോള്‍ സീനിയര്‍ ടീമിലെ നിര്‍ണായക താരവുമാണ്.
ഫിറ്റ്‌നസ് പ്രശ്‌നങ്ങളും കളിക്കളത്തിനു പുറത്തെ വിവാദങ്ങളും പൃഥ്വിയുടെ കരിയറില്‍ വില്ലനായി മാറി. ഇപ്പോള്‍ 24 വയസ്സ് മാത്രമേയുള്ളൂവെന്നതിനാല്‍ തിരിച്ചുവരവിനു അദ്ദേഹത്തിന്റെ പക്കല്‍ ഇനിയും ധാരാളം സമയമുണ്ട്. പൃഥ്വിക്കു അതിനു സാധിക്കുമോയെന്നതു കാലം തെളിയിക്കും.
മറ്റൊരു മുന്‍ അണ്ടര്‍ 19 ക്യാപ്റ്റനായ ഉന്‍മുക്ത് ചാന്ദും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഫ്‌ളോപ്പായ താരങ്ങളിലൊരാളാണ്. 2012ലെ ലോകകപ്പിലായിരുന്നു താരം ടീമിനെ നയിച്ചത്. 49.20 ശരാശരിയില്‍ 75 സ്‌ട്രൈക്ക് റേറ്റില്‍ ചാന്ദ് 246 റണ്‍സും സ്‌കോര്‍ ചെയ്തു. ഓസ്‌ട്രേലിയക്കെതിരായ ഫൈനലില്‍ ക്യാപ്റ്റന്റെ കളി കെട്ടഴിച്ച താരം പുറത്താവാതെ 111 റണ്‍സും കുറിച്ചിരുന്നു.
പക്ഷെ ടൂര്‍ണമെന്റിനു ശേഷം ചാന്ദിന്റെ കരിയര്‍ ഗ്രാഫ് താഴേക്കാണ് പോയത്. ഐപിഎല്ലിന്റെ ഭാഗമായെങ്കിലും അവിടെ തിളങ്ങാന്‍ സാധിക്കാതെ വന്നതോടെ ഒഴിവാക്കപ്പെട്ടു. മൂന്നു ഫ്രാഞ്ചൈസികള്‍ക്കായി ചാന്ദ് കളിച്ചെങ്കിലും എവിടെയും ക്ലിക്കായില്ല. ഇവിടെ അവസരങ്ങള്‍ കുറഞ്ഞതോടെ 30ാം വയസ്സില്‍ വിരമിച്ച താരം ഇന്ത്യ വിടുകയും അമേരിക്കയിലേക്കു തട്ടകം മാറുകയുമായിരുന്നു.
ആഭ്യന്തര ക്രിക്കറ്റില്‍ ഇപ്പോള്‍ തുടര്‍ച്ചയായി റണ്‍സ് വാരിക്കൂട്ടുന്ന സര്‍ഫറാസ് ഖാനാണ് ഈ ലിസ്റ്റിലെ മൂന്നാമന്‍. രണ്ടു അണ്ടര്‍ 19 ലോകകപ്പുകളില്‍ ഇന്ത്യക്കായി കളിക്കാന്‍ താരത്തിനു ഭാഗ്യമുണ്ടായിട്ടുണ്ട്. 2014, 16 വര്‍ഷങ്ങളിലായിരുന്നു ഇത്. 2016ലെ ടൂര്‍ണമെന്റില്‍ 71 എന്ന മികച്ച ശരാശരിയില്‍ സര്‍ഫറാസ് 355 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു.
അതിനു ശേഷം ആഭ്യന്തര ക്രിക്കറ്റിലും റണ്‍വേട്ട തുടരുകയാണെങ്കിലും ഇതുവരെ അദ്ദേഹത്തിനു ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കു വിളിയെത്തിയിട്ടില്ല. ഐപിഎല്ലിലും സര്‍ഫറാസിനു ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും തിളങ്ങാന്‍ സാധിച്ചില്ല. കഴിഞ്ഞ താര ലേലത്തില്‍ ഒരു ഫ്രാഞ്ചൈസിയും താരത്തെ വാങ്ങാന്‍ തയ്യാറായിരുന്നില്ല.
തന്‍മയ് ശ്രീവാസ്തവയാണ് അണ്ടര്‍ 19 ലോകകപ്പില്‍ തിളങ്ങിയ ശേഷം നിരാശപ്പെടുത്തിയ നാലാമത്തെയാള്‍. 2008ലെ ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററായിരുന്നു താരം. 52.40 ശരാശരിയില്‍ 262 റണ്‍സാണ് തന്‍മയ് സ്‌കോര്‍ ചെയ്തത്. വിരാട് കോലിക്കു കീഴില്‍ ഇന്ത്യ ടൂര്‍ണമെന്റില്‍ ജേതാക്കളായപ്പോള്‍ ടീമിന്റെ നിര്‍ണായക താരമായിരുന്നു തന്‍മയ്.

ഇതേ സംഘത്തില്‍ രവീന്ദ്ര ജഡേജ, മനീഷ് പാണ്ഡെ എന്നിവരുമുണ്ടായിരുന്നു. പക്ഷെ അണ്ടര്‍ 19 ലോകകപ്പിലെ പ്രകടനം തന്‍മയ്ക്കു സീനിയര്‍ ടീമിലേക്കു വഴി തുറന്നില്ല. 2020ല്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും 34 കാരന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയു ചെയ്തിരുന്നു.
ഫാസ്റ്റ് ബൗളര്‍ സന്ദീപ് ശര്‍മയാണ് ഈ ലിസ്റ്റിലെ അഞ്ചാമത്തെ താരം. 2012ലെ അണ്ടര്‍ 19 ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്നു ഇടംകൈയന്‍ പേസര്‍. ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ പ്രകടനമാണ് സന്ദീപ് കാഴ്ചവച്ചത്. ആറു മല്‍സരങ്ങളില്‍ നിന്നും 3.62 ഇക്കോണമി റേറ്റില്‍ 12 വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തിയിരുന്നു.
അതിനു ശേഷം ഐപിഎല്ലിലും ഫോം ആവര്‍ത്തിക്കാന്‍ സന്ദീപിനായിരുന്നു. ഇതിനകം 116 മല്‍സരങ്ങളില്‍ നിന്നും 124 വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തിയിട്ടുണ്ട്. 2015ല്‍ സീനിയര്‍ ടീമിനായി ടി20യില്‍ അരങ്ങേറിയ പേസര്‍ക്കു വെറും രണ്ടു മല്‍സരങ്ങളില്‍ മാത്രമേ കളിക്കാന്‍ അവസരം ലഭിച്ചുള്ളൂ.