
രാജ്‌കോട്ട്: വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ കൗമാരതാരം പൃഥ്വി ഷാ അരങ്ങേറ്റത്തിലെ ആദ്യ ഇന്നിങ്‌സില്‍ തന്നെ സെഞ്ച്വറി നേടി. 99 പന്തില്‍നിന്നും സെഞ്ച്വറി നേടിയാണ് പൃഥ്വി സെലക്ടര്‍മാരുടെ തീരുമാനം തെറ്റിയില്ലെന്ന് തെളിയിച്ചത്. ഇതോടെ ഒരുപിടി റെക്കോര്‍ഡുകളും താരം തന്റെ പേരിലാക്കി. ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന പതിനഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് പൃഥ്വി ഷാ.
സ്വപ്‌നം സമാന തുടക്കവുമായി പൃഥ്വി ഷാ അരങ്ങേറി; സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത താരം യഥാര്‍ഥ പിന്‍ഗാമിയാകുമോ?
അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ഇനി പൃഥ്വിയുടെ പേരിലാണ്. നേരത്തെ, പതിനെട്ട് വയസും 329 ദിവസും പ്രായമുള്ളപ്പോള്‍ ഇന്ത്യയ്ക്കായി അരങ്ങേറിയ പൃഥ്വി അരങ്ങേറ്റത്തില്‍ അര്‍ധസെഞ്ച്വറി നേടുന്ന പ്രായംകുറഞ്ഞ ഇന്ത്യന്‍താരമെന്ന ബഹുമതിയും സ്വന്തമാക്കിയിരുന്നു. അബ്ബാസ് അലി ബെയ്ഗ്(ഇരുപത് വയസും 126 ദിവസവും), ഗുണ്ടപ്പ വിശ്വനാഥ്(20 വസും 276 ദിവസവും) എന്നിവരായിരുന്നു ഈ നേട്ടം നേരത്തെ കൈവരിച്ചത്.

പതിനഞ്ച് ബൗണ്ടറികളുടെ അകമ്പടിയോടെയായിരുന്നു പൃഥ്വിയുടെ സെഞ്ച്വറി. ഇതോടെ, അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടുന്ന ലോകത്തിലെ പ്രായം കുറഞ്ഞ നാലാമത്തെ ബാറ്റ്‌സ്മാന്‍ കൂടിയായി താരം. മുഹമ്മദ് അഫ്‌റഫുള്‍, ഹാമില്‍ട്ടന്‍ മസാക്കഡ്‌സ, സലീം മാലിക് എന്നിവരാണ് പൃഥ്വിയുടെ മുന്‍പിലുള്ളവര്‍. ഒരു ഇന്റര്‍ സ്‌കൂള്‍ ടൂര്‍ണമെന്റില്‍ ആദ്യമായി 500 റണ്‍സിന് മേലെ നേടുന്ന താരമെന്ന ബഹുമതി നേരത്തെ പൃഥ്വി സ്വന്തമാക്കിയിരുന്നു. കൂടാതെ, രഞ്ജി ട്രോഫിയിലും, ദുലീപ് ട്രോഫിയിലും അരങ്ങേറ്റ സെഞ്ച്വറി നേടിയ ആദ്യ കളിക്കാരനും മറ്റാരുമല്ല.
ഓപ്പണറായി അരങ്ങേറിയ ഇന്ത്യയുടെ രണ്ടാമത്തെ പ്രായംകുറഞ്ഞ താരമായി മാറിക്കഴിഞ്ഞു പൃഥ്വി. 18 വര്‍ഷവും 329 ദിവസവും പ്രായമുള്ളപ്പോഴാണ് താരം ഇന്ത്യയ്ക്കായി ബാറ്റിങ് ഓപ്പണ്‍ ചെയ്യാനെത്തിയത്. 1955ല്‍ ന്യൂസിലാന്‍ഡിനെതിരെ വിജയ് മെഹ്‌റ 17 വര്‍ഷവും 265 ദിവസവും പ്രായമുള്ളപ്പോള്‍ അറങ്ങേറിയിരുന്നു. പ്രായം കുറഞ്ഞ ഓപ്പണര്‍ എന്ന ബഹുമതി വിജയിയുടെ പേരിലാണ്.