Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പുജാരയെപ്പോലെ ബാറ്റ് ചെയ്യാനാവില്ല, വെടിക്കെട്ട് ശൈലി തുടരും! വ്യക്തമാക്കി പൃഥ്വി ഷാ

മുംബൈ: ഇന്ത്യയുടെ അടുത്ത സെവാഗ് എന്ന നിലയില്‍ വളര്‍ന്നുവന്ന താരമാണ് പൃഥ്വി ഷാ. അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച പൃഥ്വി തന്റെ വെടിക്കെട്ട് ശൈലികൊണ്ടാണ് ആരാധക ശ്രദ്ധ നേടിയെടുത്തത്. ആരെയും ഭയമില്ലാത്ത മനോഭാവത്തോടെ കളിക്കുന്ന പൃഥ്വി ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈക്കൊപ്പം മികവ് കാട്ടുന്നു. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമാണ് അദ്ദേഹം. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ പൃഥ്വിക്ക് ഇപ്പോള്‍ ഇടമില്ല.

ഇന്ത്യക്കായി അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ പൃഥ്വി വലിയ പ്രതീക്ഷ നല്‍കി. എന്നാല്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട് ഒരു വര്‍ഷം പുറത്തിരിക്കേണ്ടി വന്നതോടെ കരിയര്‍ മാറി. ഫിറ്റ്‌നസ് തളര്‍ത്തിയതും മോശം ഫോം വേട്ടയാടിയതും പൃഥ്വിയുടെ കരിയറില്‍ തിരിച്ചടിയായി മാറി. ഇപ്പോള്‍ ഒരു ഫോര്‍മാറ്റിലും പൃഥ്വിക്ക് ഇന്ത്യന്‍ ടീമില്‍ സ്ഥാനമില്ല. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും പൃഥ്വി തഴയപ്പെട്ടിരിക്കുകയാണ്.

prithvi shaw

എന്നാല്‍ തഴയപ്പെടുമ്പോഴും തന്റെ ശൈലിയില്‍ മാറ്റം വരുത്തില്ലെന്ന ഉറച്ച നിലപാടിലാണ് പൃഥ്വി ഷാ. ചേതേശ്വര്‍ പുജാരയെപ്പോലെ കളിക്കാനാവില്ലെന്നും നിലവിലെ വെടിക്കെട്ട് ശൈലി തുടരുമെന്നുമാണ് പൃഥ്വി പറയുന്നത്. 'കാര്യങ്ങള്‍ എന്റെ വഴിക്കല്ല പോകുന്നതെന്ന് എനിക്കറിയാം. എന്നാല്‍ എന്റെ ശൈലി മാറ്റണമെന്ന് തോന്നിയിട്ടില്ല. നിലവില്‍ ഉള്ളതിനെക്കാള്‍ അല്‍പ്പം കൂടി സ്മാര്‍ട്ടാകണമെന്നാണ് കരുതുന്നത്. ബൗളറെ തലങ്ങും വിലങ്ങും പറത്തി സമ്മര്‍ദ്ദത്തിലാക്കാനാണ് ശ്രമിക്കുന്നത്.

ബൗളര്‍ ആഗ്രഹിക്കുന്നിടത്തല്ല ഞാന്‍ ആഗ്രഹിക്കുന്നിടത്ത് ബൗളറെക്കൊണ്ട് പന്തെറിയിക്കണം. എന്തൊക്കെ സംഭവിച്ചാലും നിലവിലെ സാങ്കേതികതയില്‍ ഉറച്ച് നില്‍ക്കും. അതില്‍ മാറ്റം വരുത്തിയാല്‍ എല്ലാം തകരാറിലാവും. ഉദാഹരണമായി പറഞ്ഞാല്‍ പുജാര (ചേതേശ്വര്‍ പുജാര) സാറിനെപ്പോലെ ബാറ്റുചെയ്യാന്‍ എനിക്കാവില്ല. എന്നെപ്പോലെ ബാറ്റുചെയ്യാന്‍ അദ്ദേഹത്തിനും സാധിക്കില്ല. ആക്രമണോത്സകത ബാറ്റിങ്ങില്‍ തുടരാനാണ് ആഗ്രഹിക്കുന്നത്.

അത് ടി20യായാലും ഏത് ഫോര്‍മാറ്റായാലും. എല്ലാ ഫോര്‍മാറ്റിലും ഒരേ മനോഭാവമാണ്. ടെസ്റ്റില്‍ ഇങ്ങനെ കളിക്കുകയെന്നത് പ്രായോഗികമല്ല. എന്നാല്‍ ആക്രമണോത്സകതയോടെ കളിക്കാനാവും'-പൃഥ്വി ഷാ പറഞ്ഞു. നിലവില്‍ ദുലീപ് ട്രോഫിയിലാണ് പൃഥ്വി കളിക്കുന്നത്. പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായിട്ടില്ല. നിലവിലെ പ്രകടനത്തിന്റെ കരുത്തില്‍ പെട്ടെന്ന് ദേശീയ ടീമിലേക്കെത്താന്‍ അദ്ദേഹത്തിന് സാധിച്ചേക്കില്ല. വരാനിരിക്കുന്ന ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും പൃഥ്വി ഇന്ത്യന്‍ ടീമിലുണ്ടാവില്ല.

2024ല്‍ നടക്കുന്ന ടി20 ലോകകപ്പിലും പൃഥ്വിക്ക് ഇടം പ്രതീക്ഷിക്കാനാവില്ല. എന്നാല്‍ പൃഥ്വിയുടെ പ്രായം 23 മാത്രമാണ്. അതുകൊണ്ടുതന്നെ ദേശീയ ടീമിലേക്ക് തിരിച്ചുവരാന്‍ ഇനിയും അദ്ദേഹത്തിന് മുന്നില്‍ അവസരമുണ്ട്. പൃഥ്വി അണ്ടര്‍ 19 ലോകകപ്പില്‍ നയിച്ചപ്പോള്‍ വൈസ് ക്യാപ്റ്റനായിരുന്ന ശുബ്മാന്‍ ഗില്‍ ഇന്ത്യയുടെ മുഖ്യ ഓപ്പണറായി മാറിക്കഴിഞ്ഞു. എന്നാല്‍ പൃഥ്വിക്ക് സാങ്കേതികമായി ഇപ്പോഴും പിഴവുകളേറെയാണ്. കൂടുതല്‍ തവണയും ക്ലീന്‍ ബൗള്‍ഡായാണ് അദ്ദേഹം പുറത്താവുന്നത്.

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ രണ്ട് തവണയും ക്ലീന്‍ബൗള്‍ഡായി പുറത്തായതോടെയാണ് പൃഥ്വിയുടെ ചീട്ടുകീറിയത്. സ്പിന്നിനെയും പേസിനെയും കടന്നാക്രമിക്കാന്‍ മികവുണ്ടെങ്കിലും സ്ഥിരതയും പ്രശ്‌നമാണ്. ഫോമിലേക്കെത്തിയാല്‍ എതിര്‍ ബൗളര്‍മാരെയും കശാപ്പുചെയ്യാന്‍ പൃഥ്വിക്ക് കഴിവുണ്ട്. ടി20യില്‍ പൃഥ്വി അപകടകാരിയായ ബാറ്റ്‌സ്മാനാണ് അദ്ദേഹം. പവര്‍പ്ലേയ്ക്കുള്ളില്‍ മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുള്ളവനാണ് പൃഥ്വി.

പക്ഷെ മികച്ച തുടക്കം നല്‍കാന്‍ ഇപ്പോള്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. ഇന്ത്യക്കായി അഞ്ച് ടെസ്റ്റില്‍ നിന്ന് 339 റണ്‍സും ആറ് ഏകദിനത്തില്‍ നിന്ന് 189 റണ്‍സും ഒരു ടി20യില്‍ നിന്ന് പൂജ്യം റണ്‍സുമാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 71 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 1694 റണ്‍സും യുവ ഓപ്പണറുടെ പേരിലുണ്ട്. സമയം മുന്നിലുള്ളതിനാല്‍ ഫിറ്റ്‌നസ് ശ്രദ്ധിച്ച് നന്നായി മുന്നൊരുക്കം നടത്തിയാല്‍ പൃഥ്വിക്ക് ദേശീയ ടീമിലേക്ക് മടങ്ങിയെത്താനായേക്കും.

Story first published: Sunday, July 9, 2023, 9:43 [IST]
Other articles published on Jul 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+