ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റില്‍ (റോയല്‍ ലണ്ടന്‍ ഏകദിന കപ്പ്) കഴിഞ്ഞ ദിവസം തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറിയുമായി പൃഥ്വി ഷാ കസറിയപ്പോള്‍ അദ്ദേഹത്തെ എല്ലാവരും പ്രശംസിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. പക്ഷെ താരത്തിന്റെ ബാറ്റിങ് പ്രകടനത്തെ അഭിനന്ദിക്കുന്നതിനേക്കാള്‍ ആളുകള്‍ താല്‍പ്പര്യം കാണിച്ചത് പൃഥ്വിയുടെ ശരീരത്തെയും ഫിറ്റ്‌നസ് നിലവാരത്തെയും കളിക്കാനായിരുന്നു.
കൗണ്ടിയില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച ആദ്യത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് കുറിച്ചിട്ടും നാട്ടുകാരില്‍ നിന്നും പൃഥ്വിക്കു നേരിടേണ്ടി വന്നത് പരിഹാസവും പുച്ഛവും മാത്രമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ബോഡി ഷേമിങിനു പൃഥ്വി ഇരയായിരുന്നു. താരത്തിന്റെ തടിച്ച ശരീര പ്രകൃതത്തെയും കഷണ്ടിയെയുമെല്ലാം പരിഹസിച്ച പലരും ബാറ്റിങ് പ്രകടനത്തെക്കുറിച്ച് ഒന്നു പരാമര്‍ശിക്കാന്‍ പോലും തയ്യാറായില്ല.

സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായി ബോഡി ഷേമിങിനു വിധേയനായ പൃഥ്വിയെ പിന്തുണച്ചും ഇപ്പോള്‍ നിരവധി പേരാണ് രംഗത്തുവന്നത്. താരത്തിന്റെ ശരീരസൗന്ദര്യത്തെയല്ല മറിച്ച് ക്രിക്കറ്റിനെയാണ് ശ്രദ്ധിക്കേണ്ടതെന്നും ആരാധകര്‍ പറയുന്നു.
പൃഥ്വി ഷായെ ബോഡി ഷേമിങ് നടത്തിക്കൊണ്ടുളള ട്രോളുകള്‍ കണ്ടപ്പോള്‍ ലജ്ജയാണ് തോന്നിയത്. അയാളൊരു ക്രിക്കറ്ററാണ്, മോഡലൊന്നുമല്ല. പൃഥ്വി എന്തു ചികില്‍സയ്ക്കാണ് ഇപ്പോള്‍ വിധേയനായിക്കൊണ്ടിരിക്കുന്നതെന്നു നമുക്കറിയില്ല. അതുകൊണ്ടു തന്നെ ദയവു ചെയ്ത് തെറ്റായ നിരീക്ഷണങ്ങള്‍ നടത്താതിരിക്കൂയെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.
നിങ്ങള്‍ എന്തിനാണ് പൃഥ്വി ഷായെ ബോഡി ഷേമിങ് നടത്തുന്നത്? നിങ്ങളുടെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗമൊന്നും അയാള്‍ കടം വാങ്ങിയിട്ടില്ല. പൃഥ്വിയുടെ ക്രിക്കറ്റ് മികച്ചതാണെന്നും ആരാധകര്‍ പറയുന്നു. പൃഥ്വി ഷാ ബോഡി ഷേമിങിന് ഇരയായിക്കൊണ്ടിരിക്കുമ്പോള്‍ വളരെയധികം നിരാശ തോന്നുന്നു. ഒരു തരത്തിലുള്ള ദയയും ബോധവും ആളുകള്‍ക്കില്ല.
നമുക്കു ഒരാളുടെയും വെല്ലുവിളികളെക്കുറിച്ച് അറിയാന്‍ താല്‍പ്പര്യമില്ല. തുടര്‍ന്നും നന്നായി പെര്‍ഫോം ചെയ്യാനും പോസിറ്റീവായി തുടരാനും പൃഥ്വിക്കു കഴിയട്ടെയെന്നു പ്രാര്‍ഥിക്കുകയാണെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
പൃഥ്വി ഷായ്‌ക്കെതിരേ ബോഡി ഷേമിങ് നടത്തുന്നത് ശുദ്ധ അസംബന്ധമാണ്. അദ്ദേഹത്തിന്റെ പ്രകടനത്തെക്കുറിച്ചു കമന്റ് ചെയ്യൂ. അദ്ദേഹത്തിന്റെ ശരീരഭാരം നോക്കേണ്ടത് നിങ്ങളുടെ ആരുടെയും ജോലിയല്ല. പൃഥ്വി ഫിറ്റല്ലെന്നു സെലക്ടര്‍മാര്‍ക്കു തോന്നിയാല്‍ അദ്ദേഹം ഇന്ത്യന്‍ ടീമിലേക്കു വരില്ല, കാര്യങ്ങള്‍ അത്രയ്ക്കു സിംപിളാണെന്നും ആരാധകര്‍ പറയുന്നു.
അത്‌ലറ്റുകള്‍ വ്യത്യസ്ത വലിപ്പത്തിലും ആകൃതിയിലുമുള്ളവരായിരിക്കും. മെലിഞ്ഞ ആളുകള്‍ മാത്രമാണ് ഫിറ്റെന്നത് വിഡ്ഢിത്തമാണ്. ഈ തരത്തിലുള്ള ബോഡി ഷേമിങ് അവസാനിപ്പിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.
അതേസമയം, സോമര്‍സെറ്റുമായുള്ള മല്‍സരത്തില്‍ നോര്‍താംപ്റ്റണ്‍ഷെയറിനു വേണ്ടി ഇറങ്ങിയാണ് പൃഥ്വി തന്റെ ലിസ്റ്റ് എ കരിയറിലെ രണ്ടാമത്തെ ഡബിള്‍ സെഞ്ച്വറി കണ്ടെത്തിയത്. 153 ബോളില്‍ 244 റണ്‍സ് താരം വാരിക്കൂട്ടുകയായിരുന്നു.
28 ഫോറുകളും 11 സിക്‌സറുകളും ഇന്നിങ്‌സിലുണ്ടായിരുന്നു. 81 ബോളുകളില്‍ സെഞ്ച്വറി കണ്ടെത്തിയ പൃഥ്വിക്കു ഡബിള്‍ സെഞ്ച്വറിയിലെത്താന്‍ 129 ബോളുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. രോഹിത് ശര്‍മ കഴിഞ്ഞാല്‍ ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവുമധികം ഡബിള്‍ സെഞ്ച്വറികളുള്ള രണ്ടാമത്തെ താരം കൂടിയാണ് പൃഥ്വി.
മൂന്നു ഡബിള്‍ സെഞ്ച്വറികളാണ് ഹിറ്റ്മാന്റെ പേരിലുള്ളത്. രണ്ടു ഡബിള്‍ സെഞ്ച്വറികളോടെ പൃഥ്വി തൊട്ടു താഴെയും നില്‍ക്കുന്നു. 2021ലെ വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റിലായിരുന്നു പൃഥ്വി കന്നി ഡബിള്‍ നേടിയത്. അന്നു പുതുച്ചേരിക്കെതിരായ മല്‍സരത്തില്‍ മുംബൈയ്ക്കായി അദ്ദേഹം 227 റണ്‍സ് നേടുകയായിരുന്നു.