
പുതിയ ക്യാപ്റ്റന്‍, ഫ്രഷ് ടീം
എം എസ് ധോണിയുടെ പരിചയസമ്പന്നതയെക്കാള്‍ സ്റ്റീവ് സ്മിത്തിന്റെ പ്രസരിപ്പിനാണ് പുനെ മാനേജ്‌മെന്റ് മുന്‍തൂക്കം കൊടുത്തത്. സ്മത്തിന് കീഴില്‍ ബെന്‍ സ്റ്റോക്‌സ്, ഉസ്മാന്‍ ഖ്വാജ, ഡുപ്ലിസി, രഹാനെ, ധോണി എന്നിവരടങ്ങിയ ബാറ്റിംഗ് നിര അണിനിരക്കുമ്പോള്‍ പ്രതീക്ഷയ്ക്ക് വകയുണ്ട്. സ്മിത്തിന് കീഴില്‍ ധോണി എങ്ങനെ കളിക്കും എന്നതാണ് കാണേണ്ടത്.

പുനെയുടെ സാധ്യതകള്‍
ഇത്തവണ ബാറ്റിംഗിലാണ് പുനെ സണ്‍റൈസേഴ്സിന്റെ ശക്തി. ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നാല്‍ ശരാശരിയിലും ഉയര്‍ന്ന സ്‌കോര്‍ നേടിയാലേ അവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ പറ്റൂ. ദുര്‍ബലമായ ബൗളിംഗ് മാത്രമല്ല, എതിരാളികളായ മുംബൈയ്ക്ക് അതിശക്തമായ ബാറ്റിംഗ് നിരയുണ്ട് എന്നതും കണക്കിലെടുക്കണം. മുംബൈ നിരയില്‍ വെള്ളിയാഴ്ച മലിംഗ ഉണ്ടാകില്ല എന്നത് പുനെയ്ക്ക് ആശ്വസിക്കാനുള്ള വക നല്‍കുന്ന കാര്യമാണ്.

ബൗളിംഗിലാണ് പ്രശ്‌നങ്ങള്‍
സ്പിന്നര്‍ ആര്‍ അശ്വിന്‍ പരിക്കേറ്റ് പിന്മാറിയതാണ് പുനെയുടെ ബൗളിംഗ് തീരെ ദുര്‍ബലമാക്കിയത് അശോക് ദിന്‍ഡ, ഈശ്വര്‍ പാണ്ഡെ, ഡാനിയല്‍ ക്രിസ്റ്റ്യന്‍ ബെന്‍ സ്റ്റോക്സസ്, നഥാന്‍ ലിയോണ്‍ എന്നിവരാരും റണ്‍ നിയന്ത്രിക്കുന്നതില്‍ വിദഗ്ധരല്ല. രോഹിത് ശര്‍മ, കീരണ്‍ പൊള്ളാര്‍ഡ്, ബട്‌ലര്‍ തുടങ്ങിയ വമ്പനടിക്കാരെ പുനെ ബൗളര്‍മാര്‍ എങ്ങനെ പിടിച്ചുകെട്ടും എന്ന് കാത്തിരുന്ന് കാണാം.

മുംബൈയുടെ ബാലന്‍സ്
ബാറ്റിംഗിലും ബൗളിംഗിലും വലി പ്രശ്‌നങ്ങളിലാത്ത ടീമാണ് മുംബൈ. ബാറ്റ്‌സ്മാന്‍മാരും ബൗളര്‍മാരും മികച്ച ഓള്‍റൗണ്ടര്‍മാരും ടീമിലുണ്ട്. ക്യാപ്റ്റനായ രോഹിത് ശര്‍മ, പൊള്ളാര്‍ഡ്, റായുഡു, ബട്ലര്‍, സിമ്മണ്‍സ്, പാര്‍ഥിവ് പട്ടേല്‍, നിക്കോളാസ് പൂറന്‍, ഗുണരത്നെ, സൗരഭ് തിവാരി, ക്രുനാല്‍ പാണ്ഡ്യ, ഹര്‍ദീക് പാണ്ഡ്യ എന്നിങ്ങനെ പോകുന്നു മുംബൈയുടെ ബാറ്റിംഗ് പവര്‍.

ബൗളിംഗും കേമം തന്നെ
എം എസ് ധോണിക്കും സ്മിത്തിനും കൂട്ടര്‍ക്കും അത്ര എളുപ്പം റണ്‍സെടുക്കാന്‍ പറ്റുന്നതല്ല മുംബൈ ബൗളിംഗ് നിര. മിച്ചല്‍ ജോണ്‍സന്‍, മിച്ചല്‍ മക്ലനാഗന്‍ എന്നിവരാകും പുനെയ്‌ക്കെതിരെ കളിക്കുന്ന വിദേശി ഫാസ്റ്റ് ബൗളര്‍മാര്‍. ജസ്പ്രീത് ഭുമ്ര, വിനയ് കുമാര്‍ എന്നിവര്‍ക്കൊപ്പം ഹര്‍ഭജന്‍, ഹര്‍ദീക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ കൂടിയാകുമ്പോള്‍ മുംബൈ ബൗളിംഗ് കടലാസിലെങ്കിലും ശക്തമാണ്.

ടീമുകളുടെ സ്ഥിതി ഇങ്ങനെ
ഐ പി എല്ലില്‍ താരതമ്യേന പുതിയ ടീമാണ് പുനെ സൂപ്പര്‍ജയന്റ്‌സ്. കഴിഞ്ഞ തവണ ആദ്യമായി ഐ പി എല്ലില്‍ എത്തി. അവസാന സ്ഥാനക്കാരായി മടക്കം. എതിര്‍വശത്തുള്ള മുംബൈ ആകട്ടെ, രണ്ട് തവണ ഐ പി എല്‍ ചാമ്പ്യന്മാരും രണ്ട് തവണ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളുമാണ്. മൂന്ന് ഐ പി എല്‍ കിരീടം എന്ന അത്യപൂര്‍വ്വ നേട്ടമാണ് മുംബൈയുടെ ലക്ഷ്യം.

ഇവരെ കരുതിയിരിക്കുക - പുനെ
14.5 കോടി രൂപയ്ക്ക് പുനെ വാങ്ങിയ ബെന്‍ സ്റ്റോക്‌സിന് ഇത് ഐ പി എല്ലില്‍ അരങ്ങേറ്റ മത്സരമാണ്. ക്യാപ്റ്റന്‍ സ്ഥാനം പോയ ധോണി, പുതിയ ക്യാപ്റ്റന്‍ സ്മിത്ത് എന്നിവരെയും പുനെ നിരയില്‍ ശ്രദ്ധിക്കണം. അജിന്‍ക്യ രഹാനെയുടെ ബാറ്റിംഗ് ഫോമാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ആര്‍ അശ്വിന് പകരം ടീമിലെത്തിയ നഥാന്‍ ലിയോണിന് അവസരം കിട്ടാന്‍ സാധ്യതയില്ല.

ഇവരെ കരുതിയിരിക്കുക - മുംബൈ
പരിക്ക് മൂലം ഒരുപാട് കാലം വിട്ടുനില്‍ക്കേണ്ടി വന്ന രോഹിത് ശര്‍മയിലാണ് മുംബൈ ആരാധകരുടെ കണ്ണുകള്‍. ട്വന്റി 20 സ്പഷലിസ്റ്റുകളായ പൊളളാര്‍ഡും ഹര്‍ദീക് പാണ്ഡ്യയും. ജോസ് ബട്‌ലറാണ് ശ്രദ്ധിക്കേണ്ട മറ്റൊരു താരം. ബൗളിംഗില്‍ മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മുംബൈ ടീമില്‍ തിരിച്ചെത്തുന്ന മിച്ചല്‍ ജോണ്‍സനാകും താരം.


Click it and Unblock the Notifications