കാലിഫോര്‍ണിയ: എട്ട് മാസം ഗര്‍ഭിണിയായ ഒരു സ്ത്രീക്ക് എന്തൊക്കെ ചെയ്യാനാകും. അത്യാവശ്യം വേണ്ട കാര്യങ്ങളെല്ലാം സ്വയം ചെയ്യാനാകും അല്ലേ... എന്നാല്‍ ഒരു ഓട്ട മത്സരത്തില്‍ പങ്കെടുത്താല്‍ എങ്ങനെയിരിക്കും?
അമേരിക്കയിലെ ഓട്ടക്കാരിയായ അലീസ്യ മൊണ്ടാനോ ഇത് പ്രാവര്‍ത്തികമാക്കി. അതും എട്ട് മാസം ഗര്‍ഭിണിയായിരിക്കെ.

നിറവയറുമായി അലീസ്യ ഓടിയത് 800 മീറ്റര്‍ മത്സരത്തില്‍. രണ്ട് മിനിട്ട് 32.13 സെക്കന്റില്‍ ഫിനിഷ് ചെയ്യുകയും ചെയ്തു. ജൂണ്‍ 26 ന് നടന്ന അമേരിക്കന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പിലായിരുന്നു ഇത്. തന്‍റെ റെക്കോര്‍ഡിനേക്കാള്‍ 35 സെക്കന്‍റ് വൈകിയാണ് അലീസ്യക്ക് ഫിനിഷ് ചെയ്യാനായത്.
വെറും ഒരു ആവേശത്തിന് വേണ്ടിയായിരുന്നില്ല അലീസ്യയുടെ ഓട്ടം. മുമ്പ് അഞ്ച് തവണ 800 മീറ്ററില്‍ ദേശീയ ചാമ്പ്യന്‍ ആയിട്ടുള്ള കക്ഷിയാണ്. തന്റെ ഗര്‍ഭകാലത്ത് മുഴുവന്‍ താന്‍ ഈ ഓട്ടത്തിനുള്ള പരിശീലത്തിലായിരുന്നുവെന്നാണ് അലീസ്യ പറയുന്നത്. ഓട്ടം ഒരു ആലസ്യവും ഉണ്ടാക്കിയതുമില്ല.
28 വയസ്സുള്ള ഈ ഓട്ടക്കാരി, മുന്‍ യൂണിവേഴ്‌സിറ്റി ചാമ്പ്യനും ആണ്. എന്നാല്‍ ഇത്തവണ ഹീറ്റ്‌സില്‍ ഏറ്റവും ഒടുവിലായാണ് അലീസ്യ ഫിനിഷ് ചെയ്തത്. അതില്‍ ഇവര്‍ക്ക് ഒരു ദു:ഖവും ഇല്ല. കാഴ്ചക്കാര്‍ അലീസ്യക്ക് നല്‍കിയത് അത്രമാത്രം ആവേശകരമായ പ്രോത്സാഹനമായിരുന്നു.
ഇത്തവണത്തെ മത്സരത്തില്‍ ഒന്നാമതെത്തുക എന്നത് തന്‍റെ ലക്ഷ്യമേ ആയിരുന്നില്ലെന്ന് അലീസ്യ മത്സരത്തിന് ശേഷം പറഞ്ഞു. തുടക്കം മുതല്‍ ഒടുക്കം വരെ ഒരേ വേഗത്തിലോടിയാണ് ഇവര്‍ ഫിനിഷ് ചെയ്തത്.
മാധ്യമ ശ്രദ്ധ നേടാന്‍ വേണ്ടി രണ്ടും കല്‍പിച്ചുളള ഒരു ഓട്ടമായിരുന്നില്ല അത്. ഡോക്ടര്‍മാരുടെ പൂര്‍ണ സമ്മതത്തോടെയുള്ള മത്സരം. എന്തായാലും അലീസ്യക്ക് ജനിക്കാന്‍ പോകുന്ന് കുഞ്ഞ് ഭാഗ്യം ചെയ്തതായിരിക്കും. അമ്മുടെ വയറ്റില്‍ കിടന്ന് 800 മീറ്റര്‍ മത്സരത്തില്‍ പങ്കെടുത്തിലേ....