ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ അരങ്ങേറിയ കര്‍ണാടകയില്‍ നിന്നുള്ള പേസര്‍ പ്രസിദ്ധ് കൃഷ്ണ കന്നി മല്‍രത്തിലൂടെ തന്നെ പ്രസിദ്ധനായി മാറിയിരിക്കുകയാണ്. ഇന്ത്യ 66 റണ്‍സിന്റെ അവിശ്വസനീയ വിജയം കൊയ്ത മല്‍സരത്തില്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്ന പ്രകടനമായിരുന്നു താരത്തിന്റേത്. ഇംഗ്ലണ്ടിന്റെ ആദ്യത്തെയും അവസാനത്തേതുമടക്കം നാലു വിക്കറ്റുകളാണ് കളിയില്‍ പ്രസിദ്ധ് വീഴ്ത്തിയത്. 8.1 ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 54 റണ്‍സ് വിട്ടുകൊടുത്തായിരുന്നു പ്രസിദ്ധ് നാലു പേരെ പുറത്താക്കിയത്.

ഈ പ്രകടനത്തോടെ പുതിയൊരു റെക്കോര്‍ഡിനും താരം അര്‍ഹനായി. ഇന്ത്യക്കു വേണ്ടി ഏകദിനത്തില്‍ അരങ്ങേറ്റ മല്‍സരത്തില്‍ നാലു വിക്കറ്റെടുത്ത ആദ്യത്തെ പുരുഷ താരമായി പ്രസിദ്ധ് മാറി. നേരത്തേ മറ്റൊരു താരവും കന്നി മല്‍സരത്തില്‍ ഇന്ത്യക്കു വേണ്ടി നാലു വിക്കറ്റുകളെടുത്തിട്ടില്ല. 16 താരങ്ങള്‍ അരങ്ങേറ്റത്തില്‍ മൂന്നു വിക്കറ്റുകള്‍ നേടിയിട്ടുണ്ടെങ്കിലും ഇത് തിരുത്തി പ്രസിദ്ധ് ചരിത്രം കുറിച്ചിരിക്കുകയാണ്.
ആദ്യ സ്‌പെല്ലില്‍ നന്നായി തല്ലുവാങ്ങിയ താരം രണ്ടാം സ്‌പെല്ലില്‍ ഗംഭീര തിരിച്ചുവരവ് നടത്തി. ഭുവനേശ്വര്‍ കുമാറിനൊപ്പം ന്യൂബോള്‍ എറിഞ്ഞത് പ്രസിദ്ധായിരുന്നു. താരമെറിഞ്ഞ ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സിലെ ആറാം ഓവറില്‍ 22 റണ്‍സാണ് ജോണി ബെയര്‍സ്‌റ്റോ- ജാസണ്‍ റോയ് സഖ്യം വാരിക്കൂട്ടിയത്. രണ്ടു വീതം സിക്‌സറും ബൗണ്ടറികളും ഇതിലുള്‍പ്പെടുന്നു. മൂന്നോവറില്‍ 37 റണ്‍സ് വിട്ടുകൊടുത്ത പ്രസിദ്ധിനെ ഇതോടെ കോലി പിന്‍വലിച്ചു.

പിന്നീട് 14ാം ഓവറിലാണ് പ്രസിദ്ധിനെ കോലി തിരിച്ചുവിളിക്കുന്നത്. ഇവിടെയാണ് കളിയിലെ ടേണിങ് പോയിന്റ് തുടങ്ങിയത്. ആദ്യ ബോളില്‍ ബൗണ്ടറി വഴങ്ങിയെങ്കിലും അടുത്ത ബോളില്‍ ജാസണ്‍ റോയിയെ പുറത്താക്കി പേസര്‍ ഇന്ത്യക്കു ആദ്യത്തെ ബ്രേക്ക്ത്രൂ നല്‍കി. ഈ ഓവറില്‍ ഇംഗ്ലണ്ടിനു നേടാനായത് നാലു റണ്‍സ് മാത്രം. തന്റെ അടുത്ത ഓവറിലെ രണ്ടാമത്തെ ബോളില്‍ അപകടകാരിയായ ബെന്‍ സ്റ്റോക്‌സിനെയും പ്രസിദ്ധ് പവലിയനിലേക്ക് അയച്ചു. ഈ ഓവറാവട്ടെ മെയ്ഡനുമായിരുന്നു. ഈ പ്രകടനത്തോടെ ആത്മവിശ്വാസം വീണ്ടെടുത്ത പ്രസിദ്ധ് പിന്നീട് രണ്ടു വിക്കറ്റുകള്‍ കൂടി വീഴ്ത്തി ഇംഗ്ലണ്ടിന്റെ തകര്‍ച്ചയ്ക്കു ചുക്കാന്‍ പിടിച്ചു. സാം ബില്ലിങ്‌സ്, ടോം കറെന്‍ എന്നിവരായിരുന്നു താരത്തിന്റെ അടുത്ത രണ്ടു ഇരകള്‍.
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ താരമാണ് പ്രസിദ്ധ്. ഐപിഎല്ലിലെ മികച്ച പ്രകടനം തന്നെയാണ് താരത്തിന് ഏകദിന ടീമിലേക്കു വഴി തുറന്നത്. ലഭിച്ച ആദ്യ അവസരം തന്നെ മുതലെടുത്ത പ്രസിദ്ധ് എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ്. തമിഴ്‌നാട്ടുകാരനായ പേസര്‍ ടി നടരാജനു ശേഷം ഇന്ത്യ പേസ് ബൗളിങിലെ പുതിയ സെന്‍സേഷനായി താരം മാറിയിരിക്കുകയാണ്.