IPL: ഗെയ്‌ലിനെ ഇനി പഞ്ചാബിന് വേണ്ട! നിലനിര്‍ത്തേണ്ടത് ആരെയൊക്കെ? ചോപ്ര പറയുന്നു
ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ കിങ്‌സ് ഇലലന്‍ പഞ്ചാബ് ടീമില്‍ എന്തൊക്കെ മാറ്റങ്ങളാണ് കൊണ്ടു വരേണ്ടത് എന്നതിനെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാഷ് ചോപ്ര. യുഎഇയില്‍ നടന്ന കഴിഞ്ഞ സീസണില്‍ പഞ്ചാബ് പ്ലേഓഫ് കാണാതെ പുറത്തായിരുന്നു. കെഎല്‍ രാഹുലിനെ ക്യാപ്റ്റനാക്കിയും അനില്‍ കുംബ്ലെയെ കോച്ചാക്കിയും പഞ്ചാബ് പുതിയ ലുക്കിലായിരുന്നു കഴിഞ്ഞ സീസണില്‍ കളിച്ചത്. എന്നാല്‍ സീസണിന്റെ ആദ്യപാദത്തിലെ മോശം പ്രകടനം അവര്‍ക്കു പ്ലേഓഫ് നഷ്ടപ്പെടുത്തി.
രണ്ടാം പാദത്തിലെ ഏഴു മല്‍സരങ്ങളില്‍ അഞ്ചെണ്ണത്തില്‍ തുടര്‍ച്ചയായി ജയിച്ച് പഞ്ചാബ് ടൂര്‍ണമെന്റിലേക്കു തിരിച്ചുവന്നെങ്കിലും പ്ലേഓഫ് ബെര്‍ത്ത് കൈവിടുകയായിരുന്നു. വരാനിരിക്കുന്ന സീസണില്‍ പഞ്ചാബ് നിലനിര്‍ത്തേണ്ട താരങ്ങള്‍ ആരൊക്കെയാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ചോപ്ര.

ഗെയ്‌ലിനെ ഒഴിവാക്കണം
അടുത്ത സീസണിനു മുമ്പ് മെഗാ താരലേലം നടക്കുകയാണെങ്കില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസ ഓപ്പണര്‍ ക്രിസ് ഗെയ്‌ലിനെ പഞ്ചാബ് ഒഴിവാക്കുന്നതാണ് ഉചിതമെന്നു ചോപ്ര നിര്‍ദേശിച്ചു. ഇനിയൊരു മൂന്നു വര്‍ഷം കൂടി ഗെയ്‌ലിനു മല്‍സരരംഗത്തു തുടരാന്‍ സാധിക്കുമെന്നു താന്‍ കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ സീസണിലെ ആദ്യപാദ മല്‍സരങ്ങളില്‍ ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്നു ഗെയ്ല്‍ കളിച്ചിരുന്നില്ല. രണ്ടാംപാദത്തില്‍ പ്ലെയിങ് ഇലവനില്‍ മടങ്ങിയെത്തിയ അദ്ദേഹം മികച്ച ചില ഇന്നിങ്‌സുകള്‍ കളിച്ചിരുന്നു.

മികച്ച ഡെത്ത് ബൗളര്‍മാരുടെ അഭാവം
കഴിഞ്ഞ സീസണില്‍ പഞ്ചാബിന്റെ ഏറ്റവും പ്രധാനപ്പെട്ട പോരായ്മകളിലൊന്ന് മികച്ച ഡെത്ത് ബൗളര്‍മാരുടെ അഭാവമായിരുന്നുവെന്നു ചോപ്ര അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന ടൂര്‍ണമെന്റില്‍ പഞ്ചാബ് ബൗളിങ് മെച്ചപ്പെടുത്തിയേ തീരൂ. ജോര്‍ഡന്‍, കോട്രെല്‍, നീഷാം, വില്‍ജ്യോണ്‍ എന്നിവരൊന്നും മികച്ച ഫാസ്റ്റ് ബൗളര്‍മാരല്ല. ഇവരെയൊന്നും ഡെത്ത് ഓവറുകളില്‍ ആശ്രയിക്കാന്‍ കഴിയില്ലെന്നും ചോപ്ര വിലയിരുത്തി.
മികച്ച ഡെത്ത് ഓവര്‍ ബൗളര്‍മാരില്ലെങ്കില്‍ ഒരു ടീമിനും മുന്നേറാന്‍ കഴിയില്ല. കഴിഞ്ഞ സീസണിലെ ആദ്യ പകുതിയിലെ ഏഴു മല്‍സരങ്ങളെടുത്താല്‍ അവസാന മൂന്നോവറില്‍ ശരാശരി 54 റണ്‍സോളമാണ് പഞ്ചാബ് വഴങ്ങിയത്. ഇത് ആവര്‍ത്തിക്കുകയാണെങ്കില്‍ പിന്നെയെങ്ങനെ ടീമിനു വിജയിക്കാനാവുമെന്നും ചോപ്ര ചോദിക്കുന്നു.

പൂരനെ നിലനിര്‍ത്തണം
ഗെയ്‌ലിനെ ഒഴിവാക്കിയ ശേഷം വിന്‍ഡീസിന്റെ യുവ താരം നിക്കോളാസ് പൂരനെ നിലനിര്‍ത്തുകയാണ് പഞ്ചാബ് ചെയ്യേണ്ടത്. തന്നോട് ഒരാളെ നിലനിര്‍ത്താന്‍ ആരെങ്കിലും ആവശ്യപ്പെടുകയാണെങ്കില്‍ അതു പൂരനെ ആയിരിക്കുമെന്നും ചോപ്ര പറഞ്ഞു.
ഇന്ത്യന്‍ താരങ്ങളുടെ കാര്യമെടുത്താല്‍ കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, മുഹമ്മദ് ഷമി എന്നിവരെയും പഞ്ചാബ് നിലനിര്‍ത്തുകയോ റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി വാങ്ങുകയോ വേണം. രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്, ദീപക് ഹൂഡ, മുരുഗന്‍ അശ്വിന്‍ എന്നിവരെയും നിലനിര്‍ത്തിയാല്‍ പഞ്ചാബിനു ഗുണം ചെയ്യുമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications