ദില്ലി: ഐപിഎല്ലിന്റെ താരലേലം ഈ മാസം 19ന് നടക്കാനിരിക്കെ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ മുഖ്യ കോച്ചും ഓസ്ട്രേലിയയുടെ മുന്‍ ഇതിഹാസ താരവുമായ റിക്കി പോണ്ടിങ് ടീം മാനേജ്മെന്റുമായി ചര്‍ച്ച നടത്തി. ലേലത്തില്‍ വിദേശത്തു നിന്നുള്ള ഫാസ്റ്റ് ബൗളര്‍മാരെ കൊണ്ടു വരുന്നതിനാണ് ഡല്‍ഹി പ്രഥമ പരിഗണന നല്‍കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ലേലത്തില്‍ ആരൊയൊക്കെ ലക്ഷ്യമിടണമെന്ന കാര്യം തങ്ങള്‍ കാര്യമായി ചര്‍ച്ച ചെയ്തതായും പോണ്ടിങ് വെളിപ്പെടുത്തി.
കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ വിഷയത്തെക്കുറിച്ച് പല ചര്‍ച്ചകളും നടത്തിയിരുന്നു. മികച്ച രീതിയില്‍ തന്നെ ടീം തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനു വേണ്ടിയായിരുന്നു ഇത്. എല്ലാ തരത്തിലുള്ള പ്ലാനിങുകളും നമുക്ക് ഇപ്പോള്‍ നടത്താന്‍ സാധിക്കും. എന്നാല്‍ ലേലത്തില്‍ എന്തൊക്കെ സംഭവിക്കുമെന്നത് പ്രവചനാതീതമാണെന്നും പോണ്ടിങ് വിശദമാക്കി. കഴിഞ്ഞ ഐപിഎല്ലില്‍ ശ്രേയസ് അയ്യര്‍ നയിച്ച ഡല്‍ഹി മികച്ച പ്രകടനം നടത്തിയിരുന്നു. പ്ലേഓഫില്‍ തോറ്റാണ് ഡല്‍ഹി പുറത്തായത്.
ഇന്ത്യ vs വിന്‍ഡീസ്: ടീം ഇന്ത്യ ചെപ്പോക്കില്‍... ഇനി ഏകദിന പരീക്ഷ, കണക്കുകള്‍ ഇങ്ങനെ
മികച്ച ഫാസ്റ്റ് ബൗളര്‍മാര്‍ ഇല്ലെന്നതാണ് പുതിയ സീസണില്‍ ഡല്‍ഹി നേരിടുന്ന പ്രധാന പോരായ്മ, പ്രത്യേകിച്ചും വിദേശ പേസര്‍മാര്‍. പാറ്റ് കമ്മിന്‍സ് ലേലത്തില്‍ വന്‍ തുകയ്ക്കു വിറ്റു പോയേക്കാം. ക്രിസ് വോക്സിനും ഉയര്‍ന്ന വില ലഭിക്കും. ഓള്‍റൗണ്ടര്‍മാര്‍ എല്ലായ്പ്പോഴും ലേലത്തില്‍ ആകര്ഷിക്കുന്നവരാണെന്നാണ് തന്റെ അഭിപ്രായം. ഗ്ലെന്‍ മാക്വ്സെല്, മാര്‍ക്കസ് സ്റ്റോയ്ണിസ്, മിച്ചെല്‍ മാര്‍ഷ്, ജെയിംസ് നീഷാം, കോളിന് ഡി ഗ്രാന്‍ഡോം എന്നിവരെല്ലാം ലേലത്തില്‍ ശ്രദ്ധിക്കപ്പെടും. ഏതൊക്കെ തരത്തിലുള്ള താരങ്ങളാണ് ടീമില്‍ വേണ്ടതെന്നു കൃത്യമായ ധാരണയോടെ മാത്രമേ ലേലത്തിനു പോവാന്‍ പാടുള്ളൂവെന്നും പോണ്ടിങ് ചൂണ്ടിക്കാട്ടി.