ഇവര്‍ക്കു വേണം ബ്രേക്ക്... വിന്‍ഡീസിനെതിരേ ടി20യില്‍ വേണ്ട!! കാരണം മിഷന്‍ ഓസീസ്

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകളാണ് ഇനി ഇന്ത്യന്‍ ടീമിനു മുന്നിലുള്ളത്. രണ്ടു മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ഇന്ത്യ ഇനി നിശ്ചിത ഓവര്‍ മല്‍സരങ്ങളിലും വിജയം ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. അഞ്ച് ഏകദിനങ്ങളും മൂന്നു ട്വന്റി20കളുമാണ് വിന്‍ഡീസിനെതിരേ ഇന്ത്യ കളിക്കുക.
ടി20 പരമ്പരയില്‍ ചില പ്രമുഖ താരങ്ങള്‍ക്കു വിശ്രമം നല്‍കുന്നതാവും ഇന്ത്യക്കു ഗുണം ചെയ്യുക. കാരണം, ഈ ടി20 പരമ്പര കഴിഞ്ഞ് വെറും ഒമ്പത് ദിവസത്തിനുള്ളിലാണ് കരുത്തരായ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യക്കു ടി20 പരമ്പരയുള്ളത്. പരമ്പരയില്‍ വിശ്രമം നല്‍കപ്പെടേണ്ട താരങ്ങള്‍ ആരൊക്കെയാണന്നു നോക്കാം.

ഭുവനേശ്വര്‍ കുമാര്‍
ഇന്ത്യയുടെ പേസാക്രമണത്തിന്റെ കുന്തമുനയാണ് ഭുവനേശ്വര്‍ കുമാര്‍. ഓസീസ് പര്യടനത്തില്‍ ഇന്ത്യക്കു ഏറെ പ്രതീക്ഷയുള്ള താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. അടുത്തിടെ ഇടയ്ക്കിടെ പരിക്ക് വില്ലനാവുന്ന ഭുവിയെ ടി20 പരമ്പരയില്‍ നിന്നും മാറ്റിനിര്‍ത്തുന്നത് ഓസീസ് പര്യടനത്തില്‍ ഇന്ത്യക്കു ഗുണം ചെയ്യും.
കഴിഞ്ഞ ഏഷ്യാ കപ്പില്‍ മികച്ച പ്രകടനം നടത്തിയ താരത്തിനു വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വിശ്രമം നല്‍കിയിരുന്നു. എന്നാല്‍ ഏകദിന പരമ്പരയിലേക്ക് ഭുവിയെ തിരിച്ചുവിളിച്ചിരിക്കുകയാണ് ഇന്ത്യ. ദൈര്‍ഘ്യമേറിയ ഏകദിന പരമ്പരയ്ക്കു പിന്നാലെ ടി20യിലും താരത്തെ കളിപ്പിക്കുന്നത് ഇന്ത്യക്കു തിരിച്ചടിയായി മാറിയേക്കും.

ജസ്പ്രീത് ബുംറ
ഭുവനേശ്വര്‍ കുമാറിനെപ്പോലെ തന്നെ ഇന്ത്യന്‍ പേസാക്രമണത്തിലെ മറ്റൊരു തുറുപ്പുചിട്ടാണ് ജസ്പ്രീത് ബുംറ. തുടര്‍ച്ചയായ മല്‍സരഷെഡ്യൂളുകള്‍ കാരണം ബുംറയ്ക്കു അടുത്തിടെ പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്നു ഇംഗ്ലണ്ട് പര്യടനത്തിലെ നിരവധി മല്‍സരങ്ങള്‍ അദ്ദേഹത്തിനു നഷ്ടമായിരുന്നു. ഏഷ്യാ കപ്പിലൂടെ തിരിച്ചെത്തിയ ബുംറ തകര്‍പ്പന്‍ പ്രകടനം നടത്തുകയും ചെയ്തു. വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇല്ലാതിരുന്ന അദ്ദേഹത്തെ ഏകദിനത്തിനുള്ള ടീമിലേക്കു തിരിച്ചുവിളിക്കുകയും ചെയ്തിട്ടുണ്ട്.
ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ തന്റെ വേഗം കൊണ്ടും കൃത്യത കൊണ്ടും അദ്ഭുതം സൃഷ്ടിക്കാന്‍ ബുംറയ്ക്കാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടു തന്നെ വിന്‍ഡീസിനെതിരേയുള്ള ടി20 പരമ്പരയില്‍ താരത്തിനു വിശ്രമം കൂടിയേ തീരൂ.

ഹര്‍ദിക് പാണ്ഡ്യ
നിലവില്‍ ഇന്ത്യന്‍ ടീമിലെ ഏക ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറായ ഹര്‍ദിക് പാണ്ഡ്യ മൂന്നു ഫോര്‍മാറ്റുകളിലും സ്ഥിരം സാന്നിധ്യമാണ്. കഴിഞ്ഞ ഏഷ്യാ കപ്പിനിടെ ഗുരുതരമായി പരിക്കേറ്റ ശേഷം വിശ്രമത്തിലാണ് അദ്ദേഹം. വിന്‍ഡീസിനെതിരേ സമാപിച്ച ടെസ്റ്റ് പരമ്പരയിലേക്കും ഇനി നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലേക്കും പാണ്ഡ്യയെ പരിഗണിച്ചിരുന്നില്ല.
ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ വിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ അദ്ദേഹത്തെ കളിപ്പിക്കാതിരിക്കുകയാവും ഇന്ത്യക്കു നല്ലത്. കാരണം, ഈ പരമ്പരയില്‍ കൂടി വിശ്രമം നല്‍കിയാല്‍ ഓസ്‌ട്രേലിയക്കെതിരേ കൂടുതല്‍ കരുത്തോടെ തിരിച്ചെത്താന്‍ പാണ്ഡ്യക്കു കഴിഞ്ഞേക്കും.

വിരാട് കോലി
ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി തന്നൊവും ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടെ വജ്രായുധം. യുകെയില്‍ നടന്ന ദൈര്‍ഘ്യമേറിയ പര്യടനത്തിലെ മുഴുവന്‍ മല്‍സരങ്ങളിലും കളിച്ച കോലിക്കു ഏഷ്യാ കപ്പില്‍ ഇന്ത്യ വിശ്രമം നല്‍കിയിരുന്നു. ഇപ്പോള്‍ വിന്‍ഡീസിനെതിരേ തിരിച്ചുവിളിക്കപ്പെട്ട അദ്ദേഹം ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. ഏകദിനത്തിലും ടീമിനെ നയിക്കുന്നത് കോലിയാണ്.
കോലിയുടെ അഭാവത്തില്‍ ഇന്ത്യയെ ഗംഭീരമായാണ് രോഹിത് ശര്‍മ നയിച്ചത്. രോഹിത്തിന് തന്റെ ക്യാപ്റ്റന്‍സി മിടുക്ക് ഒരിക്കല്‍ക്കൂടി തെളിയിക്കാന്‍ ടി20 പരമ്പരയില്‍ അവസരം നല്‍കുകയാണ് ഇനി ഇന്ത്യ നല്‍കേണ്ടത്. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മുഴുവന്‍ മല്‍സരങ്ങളിലും കോലിയുടെ സേവനം ഇന്ത്യക്കു ആവശ്യമായി വരും.

എംഎസ് ധോണി
നിലവില്‍ നിശ്ചിത ഓവര്‍ ടീമില്‍ മാത്രം അംഗമായ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിക്കും വിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയില്‍ വിശ്രമം നല്‍കുകയാവും ഉചിതം. ബാറ്റിങില്‍ മാത്രമല്ല ഓസ്‌ട്രേലിയയില്‍ ധോണിയുടെ സേവനം ഇന്ത്യക്കു കൂടിയേ തീരൂ. വിക്കറ്റ് കീപ്പിങില്‍ ഗംഭീര പ്രകടനം നടത്തുന്ന അദ്ദേഹം ടീമിനെ അടിയന്തര ഘട്ടങ്ങളില്‍ ഉപദേശങ്ങള്‍ നല്‍കാനും മിടുക്കനാണ്. പല മല്‍സരങ്ങളിലും കോലിയും രോഹിത്തുമെല്ലാം ധോണിയുടെ സഹായം തേടുന്നത് പല തവണ കണ്ടു കഴിയുകയും ചെയ്തു.
ധോണിക്കു വിശ്രമം നല്‍കിയാല്‍ ഈ റോളിലേക്ക് യുവതാരങ്ങളെ പരീക്ഷിക്കാനും ഇന്ത്യക്കു അവസരം ലഭിക്കും. റിഷഭ് പന്തിനെപ്പോലുള്ള താരങ്ങള്‍ ഊഴം കാത്ത് പുറത്തു നില്‍ക്കുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications