ഐപിഎല്‍: ഇവരെ നോക്കി വച്ചോ... അടുത്ത സീസണില്‍ കസറും, ഇത് സൂചന മാത്രം
മുംബൈ: ഐപിഎല്ലിലേക്കുള്ള താരലേലം ഡിസംബര്‍ 19ന് നടക്കാനിരിക്കെ ആഭ്യന്തര ക്രിക്കറ്റിലെയും പ്രകടനം കളിക്കാര്‍ക്കു അവസരം ലഭിക്കുന്നതില്‍ നിര്‍ണായകമാവും. ഇന്ത്യയില്‍ അവസാനമായി നടന്ന സയ്ദ് മുഷ്താഖ് അലി ട്രോഫിയിലും തൊട്ടുമുമ്പത്തെ വിജയ്് ഹസാരെ ട്രോഫിയിലെയുമെല്ലാം പ്രകടനങ്ങള്‍ ഫ്രാഞ്ചൈസികള്‍ വിലയിരുത്തും. ഇതിനു ശേഷമായിരിക്കും ഏതൊക്കെ കളിക്കാരെയായിരിക്കും അടുത്ത സീസണില്‍ തങ്ങള്‍ക്കു വേണ്ടതെന്ന കാര്യത്തില്‍ ഫ്രാഞ്ചൈസികള്‍ തീരുമാനമെടുക്കുക.
സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ വിവിധ ടീമുകള്‍ക്കു വേണ്ടി ചില താരങ്ങള്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇവര്‍ക്കു അടുത്ത സീസണില്‍ തങ്ങളുടെ ടീമിനൊപ്പം കൂടുതല്‍ അവസരം ലഭിക്കുമെന്നുറപ്പാണ്. ഈ കളിക്കാര്‍ ആരൊക്കെയെന്നു നോക്കാം.

ദേവ്ദത്ത് പടിക്കല്‍
കര്‍ണാടകയെ മുഷ്താഖ് അലി ട്രോഫിയില്‍ കിരീട വിജയത്തിലേക്കു നയിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച താരങ്ങളിലൊരാളാണ് മറുനാടന്‍ മലയാളി കൂടിയായ ദേവ്ദത്ത് പടിക്കല്‍. 19 കാരനായ താരം വെടിക്കെട്ട് പ്രകടനത്തിലൂടെ തന്റെ സാന്നിധ്യമറിച്ചിയിരുന്നു.
ഐപിഎല്ലില്‍ വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ടീമിന്റെ ഭാഗമാണ് ദേവ്ദത്ത്. പുതിയ സീസണിനു മുന്നോടിയായി ആര്‍സിബി നിലനിര്‍ത്തിയ താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. കഴിഞ്ഞ സീസണില്‍ ഒരു കളിയില്‍പ്പോലും താരത്തിനു അവസരം ലഭിച്ചിരുന്നില്ല.
എന്നാല്‍ മുഷ്താഖ് അലി ട്രോഫിയില്‍ 12 മല്‍സരങ്ങളില്‍ നിന്നും 64.44 ശരാശരിയില്‍ 580 റണ്‍സ് അടിച്ചെടുത്ത് ദേവ്ദത്ത് ആര്‍സിബി മാനേജ്‌മെന്റിന്റെ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. പുറത്താവാതെ നേടിയ 122 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. വിജയ് ഹസാരെ ട്രോഫിയിലും ദേവ്ദത്ത് കസറിയിരുന്നു. 11 ഇന്നിങ്‌സുകളില്‍ നിന്നും 609 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

സായ് കിഷോര്‍
തമിഴ്‌നാടിന്റെ ലെഗ് സ്പിന്നറായ ആര്‍ സായ് കിഷോര്‍ മികച്ച പ്രകടനമാണ് മുഷ്താഖ് അലി ട്രോഫിയില്‍ പുറത്തെടുത്തത്. 23 കാരനായ സ്പിന്നര്‍ 12 മല്‍സരങ്ങളില്‍ നിന്നും 20 വിക്കറ്റുകള്‍ കൊയ്തിരുന്നു. 4.6 എന്ന മികച്ച ഇക്കോണമി റേറ്റിലാണ് താരം ഇത്രയും വിക്കറ്റുകളെടുത്തത്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ വീഴ്ത്തിയതും സായ് കിഷോറായിരുന്നു. പവര്‍പ്ലേ ഓവറുകളിലാണ് താരം കൂടുതല്‍ വിക്കറ്റുകളും നേടിയത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
കഴിഞ്ഞ രണ്ടു ഐപിഎല്‍ ലേലങ്ങളിലും സായ് കിഷോറിനെ ഒരു ഫ്രാഞ്ചൈസിയും വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ താരത്തിനു വേണ്ടി ഫ്രാഞ്ചൈസികള്‍ രംഗത്തിറങ്ങുമെന്നാണ് കരുതുന്നത്.

സൂര്യകുമാര്‍ യാദവ്
ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റ്‌സ്മായ സൂര്യകുമാര്‍ യാദവ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈക്കായി മിന്നിയിരുന്നു. 11 മല്‍സരങ്ങളില്‍ നിന്നും 56 ശരാശരിയില്‍ 392 റണ്‍സ് അദ്ദേഹം നേടി. പുറത്താവാതെ നേടിയ 94 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലുമെല്ലാം മികച്ച പ്രകടനം നടത്തിയിട്ടും ദേശീയ ടീമിനൊപ്പം വേണ്ടത്ര അവസരങ്ങള്‍ സൂര്യകുമാറിന് ലഭിച്ചിട്ടില്ല. അടുത്ത ഐപിഎല്ലില്‍ കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ മുംബൈ ഇറങ്ങുമ്പോള്‍ ടീമിന്റെ നിര്‍ണായക താരങ്ങളിലൊരാളായി സൂര്യകുമാര്‍ മാറിയേക്കും.

ഹര്‍ഷല്‍ പട്ടേല്‍
ഹരിയാനയുടെ ഹര്‍ഷല്‍ പട്ടേലെന്ന ബൗളര്‍ നേരത്തേ തന്നെ ശ്രദ്ദിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ മുഷ്താഖ് അലി ട്രോഫിയിലൂടെ അദ്ദേഹം തന്റെ ബാറ്റിങ് മികവും തെളിയിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ടൂര്‍ണമെന്റില്‍ ഏറ്റവും മികച്ച ഓള്‍റൗണ്ട് പ്രകടനം നടത്തിയ താരം കൂടിയാണ് പട്ടേല്‍. മുഷ്താഖ് അലി ട്രോഫിയില്‍ വിക്കറ്റ് കൊയ്ത്തില്‍ രണ്ടാമതും റണ്‍വേട്ടയില്‍ നാലാമതും അദ്ദേഹം എത്തിയിരുന്നു. 12 മല്‍സരങ്ങളില്‍ നിന്നും 374 റണ്‍സെടുത്ത പട്ടേല്‍ 19 വിക്കറ്റുകളും വീഴ്ത്തിയിരുന്നു.
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിന്റെ താരമാണ് പട്ടേല്‍. കഴിഞ്ഞ സീസണില്‍ രണ്ടു മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹത്തിനു അവസരം ലഭിച്ചുള്ളൂ. എന്നാല്‍ അടുത്ത സീസണില്‍ ഡല്‍ഹിക്കായി കൂടുതല്‍ മല്‍സരങ്ങളില്‍ പട്ടേലിനെ കാണാനായേക്കും.

റുതുരാജ് ഗെയ്ക്ക്വാദ്
ഇന്ത്യ എ ടീമിലെ സ്ഥിരാംഗമായ റുതുരാജ് ഗെയ്ക്ക്വാദ് മുഷ്താഖ് അലി ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്കു വേണ്ടിയാണ് കളിച്ചത്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത രണ്ടാമത്തെ താരം കൂടിയാണ് അദ്ദേഹം. 22 കാരനായ താരം 11 മല്‍സരങ്ങളില്‍ നിന്നും 419 റണ്‍സാണ് റുതുരാജ് നേടിയത്.
ഇതു കൂടാതെ ഇന്ത്യ എയ്ക്കു വേണ്ടിയും താരം മികച്ച പ്രകടനം നടത്തിയിരുന്നു. ശ്രീലങ്ക എ, വെസ്റ്റ് ഇന്‍ഡീസ് എ എന്നിവര്‍ക്കെതിരായ പരമ്പരകളില്‍ റുതുരാജ് റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമാണ് അദ്ദേഹം. അടുത്ത സീസണില്‍ റുതുരാജിനെ കൂടുതല്‍ മല്‍സരങ്ങളില്‍ സിഎസ്‌കെ ഇറക്കാന്‍ സാധ്യത കൂടുതലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications