ഇന്ത്യന്‍ ടീമിന്റെ മുഖ്യ ലക്ഷ്യമെന്ത്? ബിസിസിഐ ആദ്യം തീരുമാനിക്കണം-വിമര്‍ശിച്ച് ആകാശ്

മുംബൈ: കരുത്തരുടെ നിരയെന്ന് പറയുമ്പോഴും ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ പ്രശ്‌നങ്ങളേറെ. വമ്പന്മാരേറെയുണ്ടായിട്ടും പല കാരണങ്ങളാല്‍ ഇന്ത്യക്ക് ഐസിസി കിരീടം നഷ്ടമാവുന്നു. ഇന്ത്യയുടെ ടീം സെലക്ഷനിലെ പാളിച്ചകളും തന്ത്രങ്ങളിലെ പാളിച്ചകളുമാണ് ഇന്ത്യക്ക് തിരിച്ചടിയാവുന്നത്. ഇന്ത്യന്‍ ടീമിലെ നിലവിലെ ഫിറ്റ്‌നസ് സാഹചര്യവും നിരാശപ്പെടുത്തുന്നതാണ്. പല താരങ്ങളും ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്നു.
ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, രോഹിത് ശര്‍മ, മുഹമ്മദ് ഷമി, ദീപക് ചഹാര്‍ തുടങ്ങി പല പ്രമുഖരും പരിക്കിന്റെ പിടിയിലാണ്. രാഹുല്‍ ദ്രാവിഡ് പരിശീലകനായ ശേഷം ഇന്ത്യന്‍ ടീമിലെ താരങ്ങള്‍ക്ക് വിശ്രമം നല്‍കുന്നത് കൂടിയെങ്കിലും താരങ്ങളുടെ പരിക്കില്‍ കുറവുവന്നിട്ടില്ലെന്നതാണ് വസ്തുത. ഇപ്പോഴിതാ ഇന്ത്യന്‍ ടീമിന്റെ പദ്ധതികള്‍ക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര.

എന്തിന് ഇത്രയും വിശ്രമം
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പ്രധാനപ്പെട്ടത് എന്താണെന്നത് ബിസിസി ഐ തീരുമാനിക്കണം. ഐപിഎല്‍ അന്താരാഷ്ട്ര ക്രിക്കറ്റിനെക്കാള്‍ മുകളിലാണോയെന്നത് ബിസിസി ഐയാണ് തീരുമാനിക്കേണ്ടത്. താരങ്ങള്‍ക്ക് ഏത് ക്രിക്കറ്റും കളിക്കാം. എന്നാല്‍ അന്താരാഷ്ട്ര മത്സരം കളിക്കുമ്പോള്‍ താരങ്ങള്‍ പൂര്‍ണ്ണ ഫിറ്റ്‌നസോടെ ഉണ്ടാവണം. പരമ്പരകള്‍ തുടര്‍ച്ചയായി വരുമ്പോള്‍ അനിവാര്യമായ മാറ്റങ്ങള്‍ നടത്താം. എന്നാല്‍ താരങ്ങള്‍ക്ക് അനാവശ്യമായി വിശ്രമം അനുവദിക്കുന്നത് ടീമിന് ഒരു കാരണവശാലും ഗുണം ചെയ്യില്ല- ആകാശ് ചോപ്ര പറഞ്ഞു.
Also Read: IND vs SL ODI: ഇന്ത്യയുടെ സാധ്യതാ ടീം ഇതാ, റിഷഭ് പുറത്താവും, സഞ്ജുവെത്തും, അറിയാം

ഐപിഎല്ലില്‍ കളിക്കാന്‍ ആര്‍ക്കും പ്രയാസമില്ല
ഇന്ത്യന്‍ ടീമിനായി കളിക്കുമ്പോള്‍ താരങ്ങള്‍ക്ക് കൂടുതല്‍ വിശ്രമം വേണ്ടിവരുന്നു. ചെറിയ പരുക്കുപോലും താരങ്ങളെ തളര്‍ത്തുന്നു. എന്നാല്‍ ഐപിഎല്ലില്‍ കളിക്കുമ്പോള്‍ താരങ്ങള്‍ക്ക് യാതൊരു പ്രശ്‌നവും കാണുന്നില്ലെന്നാണ് ആകാശ് പറയുന്നത്. 'ഇന്ത്യന്‍ ടീമില്‍ കളിക്കുമ്പോള്‍ ഒരു പരമ്പരക്ക് ശേഷം തൊട്ടടുത്ത പരമ്പരയില്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുന്നു. എന്നാല്‍ ഐപിഎല്ലില്‍ താരങ്ങള്‍ക്ക് ഇതിന്റെ ആവിശ്യമില്ല. ഐപിഎല്‍ കറന്‍സിയാണ് ഇന്ത്യന്‍ താരങ്ങള്‍ക്കാവശ്യം. പല താരങ്ങളും ഇത് അംഗീകരിക്കില്ല. അവരെല്ലാം ഇത് തെറ്റാണെന്ന് വാദിക്കുമായിരിക്കും. എന്നാല്‍ വസ്തുത അതല്ല-ആകാശ് പറഞ്ഞു.

താരങ്ങള്‍ ഫിറ്റ്‌നസില്‍ ശ്രദ്ധിക്കുന്നില്ല
ഇന്ത്യന്‍ താരങ്ങള്‍ ഫിറ്റ്‌നസില്‍ കാര്യത്തില്‍ പിന്നോട്ട് പോവുകയാണ്. വിരാട് കോലിക്ക് കീഴില്‍ ഇന്ത്യക്കുണ്ടായിരുന്ന ഫിറ്റ്‌നസ് കരുത്ത് ഇപ്പോഴില്ല. നായകന്‍ രോഹിത് ശര്‍മ, യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് എന്നിവരെല്ലാം ഇപ്പോള്‍ തടിയന്മാരായിരിക്കുകയാണ്. രണ്ട് പേരും ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളാണെങ്കിലും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ശ്രദ്ധയില്ല. കെ എല്‍ രാഹുലിനും ഇപ്പോള്‍ ഫിറ്റ്‌നസാണ് വെല്ലുവിളിയാവുന്നത്. വലിയ ടൂര്‍ണമെന്റുകള്‍ക്ക് മുന്‍പ് താരങ്ങള്‍ പൂര്‍ണ്ണ ഫിറ്റല്ലാത്തതും ഇന്ത്യയുടെ പ്രകടനത്തെ ബാധിക്കുന്നുണ്ട്.

2023ലെ ലോകകപ്പ് മുന്നില്‍ കാണണം
2023ലെ ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ട് ഇപ്പോഴേ ഇന്ത്യ മുന്നോട്ട് പോകേണ്ടതായുണ്ട്. നേരത്തെ ഇപ്പോള്‍ ലോകകപ്പ് മനസിലില്ലെന്നാണ് ഇന്ത്യന്‍ നായകന്‍ രോഹിത് പ്രതികരിച്ചത്. ഇതിനെതിരേ വലിയ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. ഇന്ത്യക്ക് ഇപ്പോഴും പല ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്തേണ്ടതായുണ്ട്. ഇതില്‍ മുന്നില്‍ക്കണ്ട് മുന്നൊരുക്കം ഇപ്പോഴേ ആരംഭിക്കാത്ത പക്ഷം സമീപകാലത്തെ ഐസിസി ടൂര്‍ണമെന്റുകളിലെ തകര്‍ച്ച ഇന്ത്യക്ക് ആവര്‍ത്തിക്കേണ്ടി വരും.
Also Read: IND vs BAN Test: രാഹുല്‍-ഗില്‍ ഓപ്പണിങ്, റിഷഭ് ആറാമന്‍, ഇന്ത്യയുടെ ബെസ്റ്റ് 11 ഇതാ

ജനുവരിയില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍
ജനുവരിയില്‍ ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. രോഹിത് ശര്‍മയെ ടി20 നായകസ്ഥാനത്ത് നിന്ന് മാറ്റി പകരം ഹര്‍ദിക് പാണ്ഡ്യയെ എത്തിച്ചേക്കും. കൂടാതെ ടി20യില്‍ പരിശീലകസ്ഥാനം വിവിഎസ് ലക്ഷ്മണിന് നല്‍കും. ഏകദിനത്തിലും ടി20യും വ്യത്യസ്തമായ ടീമുകള്‍ എന്നിങ്ങനെയെല്ലാമുള്ള പദ്ധതികള്‍ ഇന്ത്യക്ക് മുന്നിലുണ്ട്. ഇതില്‍ ഏതൊക്കെ നടപ്പിലാക്കുമെന്നത് കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications