ഇന്ത്യ v/s ഓസ്‌ട്രേലിയ ടി20: മിസ്സാക്കരുത് ഈ താരപ്പോരുകള്‍... കോലിയെ തളയ്ക്കുമോ റിച്ചാര്‍ഡ്‌സന്‍?

വിശാഖപട്ടണം: ന്യൂസിലാന്‍ഡ് പര്യടനത്തിനു ശേഷം ടീം ഇന്ത്യ വീണ്ടും മറ്റൊരു പരമ്പരയ്ക്കു കച്ചമുറുക്കുകയാണ്. ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയക്കെതിരേ സ്വന്തം നാട്ടില്‍ ടി20, ഏകദിന പരമ്പരകളാണ് ഇനി വിരാട് കോലിക്കും സംഘത്തിനും മുന്നിലുള്ളത്. രണ്ടു ടി20കളിലും അഞ്ച് ഏകദിനങ്ങളിലുമാണ് കംഗാരുപ്പടയുമായി ഇന്ത്യ കൊമ്പുകോര്‍ക്കുന്നത്. ഞായറാഴ്ച വിശാഖപട്ടണത്താണ് ആദ്യ ടി20.
പരമ്പരയില്‍ രണ്ടു മല്‍സരങ്ങള്‍ മാത്രമേ ഉള്ളൂവെന്നതിനാല്‍ ആദ്യ ടി20യില്‍ ജയിച്ച് പരമ്പര കൈവിടില്ലെന്ന് ഉറപ്പിക്കുകയാവും ഇന്ത്യയുടെ ഓസീസിന്റെയും ലക്ഷ്യം. ടി20 പരമ്പരയില്‍ ചില താരങ്ങള്‍ തമ്മിലുള്ള പോരുകളാവും ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുക. ഇവ ഏതൊക്കെയാണെന്നു നോക്കാം.

കോലി x റിച്ചാര്‍ഡ്‌സന്‍
ന്യൂസിലാന്‍ഡ് പര്യനത്തിലെ വിശ്രമത്തിനു ശേഷം കോലിയുടെ തിരിച്ചുവരവ് കൂടിയാണ് ഓസീസിനെതിരായ പരമ്പര. ടെസ്റ്റിലും ഏകദിനത്തിലും തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിന് പക്ഷെ ടി20യില്‍ ഈ മികവ് പുറത്തെടുക്കാന്‍ കഴിയുന്നില്ല. എന്നാല്‍ ടി20യില്‍ കോലി ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ടീമുകളിലൊന്നാണ് ഓസീസ്. കഴിഞ്ഞ നവംബറില്‍ സിഡ്‌നിയില്‍ നടന്ന ടി20യില്‍ ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത് അദ്ദേഹമായിരുന്നു. ടി20യില്‍ കോലി കൂടുതല്‍ റണ്‍സെടുത്തിട്ടുള്ളത് ഓസീസിനെതിരേയാണ്. 61 ശരാശരിയില്‍ 488 റണ്‍സാണ് ഇന്ത്യന്‍ നായകന്റെ സമ്പാദ്യം.
ഓസീസ് പേസ് ബൗളിങിലെ പുതിയ കണ്ടെത്തലാണ് 22 കാരനായ ജൈ റിച്ചാര്‍ഡ്‌സന്‍. ഇത്തവണ കോലിയും റിച്ചാര്‍ഡസും തമ്മില്‍ ടി20യിലെ പോരില്‍ ആര് നേടുമെന്നാണ് അറിയാനുള്ളത്. നേരത്തേ ഓസീസിനെതിരേ നടന്ന ഏകദിന പരമ്പരയില്‍ കോലിയെ മൂന്നു തവണ പുറത്താക്കിയത് റിച്ചാര്‍ഡ്‌സനായിരുന്നു. 3.73 ശരാശരിയില്‍ പേസര്‍ ആറു വിക്കറ്റെടുക്കുകയും ചെയ്തിരുന്നു.

ധവാന്‍ x ബെറന്‍ഡോര്‍ഫ്
ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനും ഓസീസ് പേസര്‍ ജാസണ്‍ ബെറന്‍ഡോര്‍ഫും തമ്മിലുള്ള പോരാട്ടവും തീപാറുമെന്നുറപ്പാണ്. ഇന്ത്യക്കെതിരേ കളിച്ചപ്പോഴെല്ലാം മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ് ബെറന്‍ഡോര്‍ഫ്. 2017ല്‍ അരങ്ങേറ്റ പരമ്പരയില്‍ തന്നെ ഇന്ത്യക്കെതിരേ താരം കസറിയിരുന്നു. നാലു വിക്കറ്റെടുത്ത ബെറന്‍ഡോര്‍ഫിന്റെ മികവില്‍ ടി20യില്‍ ഇന്ത്യയെ ഓസീസ് തകര്‍ത്തുവിടുകയും ചെയ്തു. ഈ വര്‍ഷമാദ്യമാണ് ബെറന്‍ഡോര്‍ഫ് ഏകദിനത്തില്‍ ആദ്യമായി ഇന്ത്യക്കെതിരേ പന്തെറിഞ്ഞത്. രണ്ടു മല്‍സരങ്ങളില്‍ നിന്നും താരം മൂന്നു വിക്കറ്റെടുക്കുകയും ചെയ്തു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ധവാനെ മൂന്നു തവണ പുറത്താക്കാന്‍ ബെറന്‍ഡോര്‍ഫിനായിട്ടുണ്ട്. ഈ വര്‍ഷം നടന്ന ഏകദിന പരമ്പരയില്‍ രണ്ടു തവണയും ധവാന്റെ അന്തകനായത് അദ്ദേഹമാണ്.

പാണ്ഡ്യ x സാംപ
സസ്‌പെന്‍ഷന്‍ കഴിഞ്ഞ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ മോശമല്ലാത്ത പ്രകടനമാണ് നടത്തിയത്. എന്നാല്‍ ഓസ്‌ട്രേലിയന്‍ ടീമിന് അകത്തും പുറത്തുമായി കഴിയുന്ന താരമാണ് സ്പിന്നര്‍ ആദം സാംപ. ടി20യിലാണ് താരം ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ളത്.
അവസാനമായി ഓസീസ് ഇന്ത്യയിലെത്തിയപ്പോള്‍ പാണ്ഡ്യയും സാംപയും തമ്മിലുള്ള പോരുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പല തലണയും സാംപയ്‌ക്കെതിരേ തകര്‍പ്പന്‍ ബാറ്റിങാണ് പാണ്ഡ്യ പുറത്തെടുത്തത്. സാംപയാവട്ടെ ഒന്നിലേറെ തവണ പാണ്ഡ്യയെ പുറത്താക്കുകയും ചെയ്തിരുന്നു.

ചഹല്‍ x മാക്‌സ്‌വെല്‍
ഓസീസിന്റെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും ഇന്ത്യന്‍ റിസ്റ്റ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലും തമ്മിലുള്ള പോരാട്ടവും ഇത്തവണ ശ്രദ്ധിക്കപ്പെടും. പല തവണ മുഖാമുഖം വന്നപ്പോഴും മാക്‌സ്‌വെല്ലിനെ വിറപ്പിക്കാന്‍ ചഹലിനായിട്ടുണ്ട്. 2017ല്‍ ഓസീസ് ഇന്ത്യയിലെത്തിയപ്പോള്‍ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായി മൂന്നു തവണ മാക്‌സ്‌വെല്ലിനെ ഔട്ടാക്കിയത് ചഹലായിരുന്നു. കൂടാതെ ടി20യിലും ഐപിഎല്ലിലും മൂന്നു തവണ ചഹലിനു മുന്നില്‍ അദ്ദേഹം മുട്ടുമടക്കിയിട്ടുണ്ട്.
ഇത്തവണത്തെ ടി20 പരമ്പരയില്‍ തന്റെ 'ക്രൈം പാര്‍ട്‌നറായ' കുല്‍ദീപ് യാദവിന്റെ അഭാവത്തില്‍ ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിന് ചുക്കാന്‍ പിടിക്കുക ചഹലായിരിക്കും.

ബുംറ x ഫിഞ്ച്
ഓസ്‌ട്രേലിയന്‍ ഓപ്പണറും ക്യാപ്റ്റനുമായ ആരോണ്‍ ഫിഞ്ചും ഇന്ത്യയുടെ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറയും തമ്മിലുള്ള പോരും ഇത്തവണ ശ്രദ്ധിക്കേണ്ടതാണ്. ഇന്ത്യക്കെതിരായ കഴിഞ്ഞ പരമ്പരയില്‍ ദയനീയ പ്രകടനമാണ് ഫിഞ്ച് കാഴ്ചവച്ചത്. പരമ്പരയില്‍ നാലു തവണ ഫിഞ്ചിനെ പുറത്താക്കിയത് ഭുവനേശ്വര്‍ കുമാറായിരുന്നു.
ഇത്തവണ ടി20യില്‍ ഭുവിക്ക് വിശ്രമം നല്‍കിയിരിക്കുകയാണെങ്കിലും അതിനേക്കാള്‍ അപകടകാരിയായ ബുംറയെയാണ് ഫിഞ്ചിന് നേരിടേണ്ടത്. ബുംറയ്‌ക്കെതിരേ ഫിഞ്ചിന് പിടിച്ചുനില്‍ക്കാന്‍ കഴിയുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications