ചെന്നൈ: ആദ്യ ടെസ്റ്റില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ പിച്ചാണ് ശനിയാഴ്ച ആരംഭിക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റിലേതെന്നു ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ. പ്രീമാച്ച് കോണ്‍ഫറന്‍സിലാണ് പിച്ചിന്റെ സ്വഭാവത്തെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്. ഈ പിച്ച് തികച്ചും വ്യത്യസ്തമായിട്ടാണ് തോന്നുന്നത്. ആദ്യ ദിനം മുതല്‍ ബോള്‍ ടേണ്‍ ചെയ്യുമെന്നു തനിക്കുറപ്പുണ്ടെന്നും രഹാനെ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ വമ്പന്‍ തോല്‍വിയാണ് ഇന്ത്യക്കു നേരിടേണ്ടി വന്നത്. 227 റണ്‍സിനായിരുന്നു ജോ റൂട്ടും സംഘവും ഇന്ത്യയെ വാരിക്കളഞ്ഞത്. ആദ്യ ടെസ്റ്റിനായി ഒരുക്കിയ ഫ്‌ളാറ്റ് പിച്ചിനെതിരേ മല്‍സരശേഷം ഏറെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് സെന്‍ട്രല്‍ സോണില്‍ നിന്നുള്ള ക്യുറേറ്റര്‍ തപോഷ് ചാറ്റര്‍ജിയെ രണ്ടാം ടെസ്റ്റിനുള്ള പിച്ച് തയ്യാറാക്കുന്നതില്‍ നിന്നും ബിസിസിഐ ഒഴിവാക്കുകയും ചെയ്തിരുന്നു.
സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചായതിനാല്‍ തന്നെ മൂന്നു സ്പിന്നര്‍മാരെ രണ്ടാം ടെസ്റ്റിലും ഇതേ ബൗളിങ് കോമ്പിനേഷന്‍ ഇന്ത്യ തുടരാനാണ് സാധ്യത. എന്നാല്‍ ഇതേക്കുറിച്ച് രഹാനെ ക്ലൂവൊന്നും നല്‍കിയില്ല. വിക്കറ്റിന്റെ സ്വഭാവം മനസ്സിലാക്കിയ ശേഷം ഞങ്ങള്‍ അതിന് അനുസരിച്ച് തീരുമാനമെടുക്കും. സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് ബാറ്റ് ചെയ്യേണ്ടത് പ്രധാനമാണെന്നും രഹാനെ വ്യക്തമാക്കി.

വിക്കറ്റ് കീപ്പിങിന്റെ പേരില്‍ വിമര്‍ശനം നേരിടുന്ന റിഷഭ് പന്തിനെയും ബാറ്റിങിലെ മോശം പ്രകടനത്തെ തുടര്‍ന്ന് പ്രതിക്കൂട്ടിലായ രോഹിത് ശര്‍മയെയും രഹാനെ പിന്തുണച്ചു. ആദ്യ ടെസ്റ്റില്‍ ചില ക്യാച്ചുകള്‍ പാഴാക്കുന്നതിനൊപ്പം ചില സ്റ്റംപിങ് അവസരങ്ങളും പന്ത് നഷ്ടപ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ വിക്കറ്റ് കാക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നു രഹാനെ അഭിപ്രായപ്പെട്ടു. പന്തിനെ സംബന്ധിച്ച് അവന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ അവനെ പിന്തുണയ്‌ക്കേണ്ടതും ആവശ്യമാണ്. ബാറ്റ് കൊണ്ട് പന്തിനു എന്തു ചെയ്യാന്‍ കഴിയുമെന്ന് നമുക്കെല്ലാമറിയാം. വിക്കറ്റ് കീപ്പിങിലേക്കു വന്നാല്‍ നെറ്റ്‌സില്‍ അവന്‍ നന്നായി പരിശീലനം നടത്തുന്നുണ്ട്. വൈകാതെ വിക്കറ്റ് കീപ്പിങും മെച്ചപ്പെടുമെന്ന് രഹാനെ വിശദമാക്കി.
രോഹിത്തിന്റെ കാര്യമെടുത്താല്‍ എല്ലാവര്‍ക്കും മോശം ഇന്നിങ്‌സുകളുണ്ടാവും. അതിന്റെ പേരില്‍ അവരെ വിലയിരുത്താന്‍ കഴിയില്ല. രോഹിത് ടീമിനെ സംബന്ധിച്ച് പ്രധാനപ്പെട്ട താരമാണ്. ക്രീസില്‍ നിലയുറപ്പിച്ചാല്‍ രോഹിത്തിന് എന്തു ചെയ്യാന്‍ കഴിയുമെന്ന് നമുക്കെല്ലാമറിയാം. നമ്മള്‍ അദ്ദേഹത്തില്‍ വിശ്വാസമര്‍പ്പിക്കുന്നത് തുടരണമെന്നും രഹാനെ വ്യക്തമാക്കി.
രണ്ടാം ടെസ്റ്റില്‍ കാണികളെ പ്രവേശിപ്പിക്കാന്‍ ബിസിസിഐ നേരത്തേ തീരുമാനിച്ചിരുന്നു. 50 ശതമാനം കാണികളെയാണ് സ്‌റ്റേഡിയത്തില്‍ പ്രവേശിപ്പിക്കുക. കാണികള്‍ സ്റ്റേഡിയത്തില്‍ മടങ്ങിയെത്തുന്നതില്‍ എല്ലാവരും ആവേശത്തിലാണെന്ന് രഹാനെ പറഞ്ഞു. അവരുടെ മടങ്ങിവരവ് ഞങ്ങളെ സംബന്ധിച്ച് വലിയ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.