പിങ്ക് പന്തും ചുവപ്പ് പന്തും, അറിയണം ഇക്കാര്യങ്ങള്‍
കൊല്‍ക്കത്ത: നവംബര്‍ 22 -ന് ഇന്ത്യ - ബംഗ്ലാദേശ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് നടക്കാനിരിക്കെ പിങ്ക് പന്തിനെ കുറിച്ചാണ് ഇപ്പോള്‍ സംസാരം മുഴുവന്‍. ഇന്ത്യയും ബംഗ്ലാദേശും ഇതുവരെ പിങ്ക് പന്തുകൊണ്ട് ടെസ്റ്റ് കളിച്ചിട്ടില്ല. പിങ്ക് പന്തുകള്‍ ബൗളര്‍മാരെ കൂടുതല്‍ കഷ്ടപ്പെടുത്തുമോ? പിങ്ക് പന്തുകള്‍ക്ക് കാഠിന്യം കൂടുതലാണോ? ചുവപ്പും പിങ്കും നിറമുള്ള പന്തുകളുടെ വ്യത്യാസം? പിങ്ക് പന്ത് മത്സരത്തെ എങ്ങനെ സ്വാധീനിക്കും? --- ഇങ്ങനെ ഡേ/നൈറ്റ് ടെസ്റ്റിന് ഉപയോഗിക്കുന്ന പുതിയ പിങ്ക് പന്തിനെ കുറിച്ച് സംശയങ്ങള്‍ ഒരുപാടുണ്ട് ക്രിക്കറ്റ് പ്രേമികള്‍ക്ക്.
ഈഡനില്‍ കളിക്കാന്‍ എസ്ജിയുടെ പിങ്ക് പന്തുകളാണ് ബിസിസിഐ വാങ്ങിയിരിക്കുന്നത്. ഈ അവസരത്തില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി എസ്ജി കമ്പനിയുടെ മുഖ്യ ബോള്‍ ഇന്‍സ്‌പെക്ടര്‍ വസീയ്യുള്ള ഖാന്‍ രംഗത്തുവന്നിരിക്കുകയാണ്.

പിങ്ക്, ചുവപ്പ് പന്തുകള്‍ തമ്മിലെ വ്യത്യാസം
പ്രധാനമായും തുകലിന്റെ ഫിനിഷിലാണ് പിങ്ക്, ചുവപ്പ് പന്തുകള്‍ തമ്മിലെ വ്യത്യാസം. ഇരു പന്തുകളുടെയും നിര്‍മ്മാണം കോര്‍ക്കും റബറും കമ്പിളി നൂലും ഉപയോഗിച്ചാണ്. സ്റ്റിച്ചിങ് ക്രമത്തിലും മാറ്റമില്ല. എന്നാല്‍ ചുവന്ന പന്തില്‍ വെളുത്ത നൂലു കൊണ്ടും പിങ്ക് പന്തില്‍ കറുത്ത നൂലുമാണ് നിര്‍മ്മാതാക്കള്‍ കോര്‍ക്കുന്നത്. ഒപ്പം ചുവന്ന പന്തിന് പ്രത്യേക വാക്‌സ് കോട്ടിങും ലഭിക്കുന്നുണ്ട്. പന്തിന് സ്വിങ് പ്രദാനം ചെയ്യുന്നതില്‍ കോട്ടിങ് നിര്‍ണായക പങ്കുവഹിക്കും.ചുവന്ന പന്തില്‍ ഒരുഭാഗം മാത്രം ഉരച്ച് പരുക്കനാക്കി റിവേഴ്‌സ് സ്വിങ് കണ്ടെത്താന്‍ ബൗളര്‍മാര്‍ക്ക് സാധ്യമാണ്.

ഇതേസമയം, പിങ്ക് പന്തില്‍ വാക്‌സ് കോട്ടിങ് ചെയ്യാനാവില്ല. കാരണം വാക്‌സ് കോട്ടിങ് ലഭിച്ചാല്‍ പിങ്ക് പന്ത് കറുത്തുപോകും. അതുകൊണ്ടാണ് ഡേ/നൈറ്റ് ടെസ്റ്റിനുള്ള പിങ്ക് പന്തുകള്‍ക്ക് പിയു കോട്ടിങ് (പോളിയൂറിഥീന്‍) നല്‍കുന്നത്. പന്തിന് കൂടുതല്‍ തിളക്കവും മിനുസവും സമര്‍പ്പിക്കാന്‍ പിയു കോട്ടിങ്ങിന് കഴിയും. മത്സരത്തില്‍ പിങ്ക് പന്തുകളുടെ നിറവും തിളക്കവും 40 ഓവര്‍ വരെ മങ്ങില്ല. ഇറക്കുമതി ചെയ്ത കോര്‍ക്കും കമ്പിളി നൂലും കൊണ്ടാണ് എസ്ജി പിങ്ക് പന്തുകള്‍ നിര്‍മ്മിക്കുന്നത്.
പിങ്ക് ബോള്‍ ക്രിക്കറ്റ് — വെല്ലുവിളികളും സാധ്യതകളും

പന്തുകളിലെ സീം വ്യത്യാസം
ഇരു പന്തുകളുടെയും സീമില്‍ ചെറിയ വ്യത്യാസമുണ്ട്. പിങ്ക് പന്തിലെ സീം കുറച്ചുകൂടി മുഴച്ചുനില്‍ക്കും. സീമില്‍ സിന്തറ്റിക്കും ലിനനും സമ്മിശ്രമായി കാണാം. ഇതേസമയം, ചുവന്ന പന്തിലെ സീം പൂര്‍ണമായും സിന്തറ്റിക്കാണ്. പകലും രാത്രിയും ഉപയോഗിക്കേണ്ടതിനാലാണ് പിങ്ക് പന്തില്‍ സീം വ്യത്യാസപ്പെടുന്നത്. രാത്രി സെഷനില്‍ ഈര്‍പ്പം വലിച്ചെടുത്ത് മികവാര്‍ന്ന ഗ്രിപ്പ് സമര്‍പ്പിക്കാന്‍ പിങ്ക് പന്തിലെ ലിനന്‍ സഹായിക്കും.

പിങ്ക് പന്ത് ബൗളര്‍മാരെ തുണയ്ക്കുമോ?
മത്സരത്തിന്റെ തുടക്കത്തില്‍ പതിവില്‍ക്കൂടുതല്‍ സ്വിങ് പിങ്ക് പന്ത് സമര്‍പ്പിക്കും. ആദ്യത്തെ 15 ഓവര്‍ വരെ ഈ സ്ഥിതി തുടരാം. കാരണം പിങ്ക് പന്തില്‍ നിന്നും പിയു കോട്ടിങ് എളുപ്പം ഇളകില്ല. ചുവന്ന പന്തിനെ അപേക്ഷിച്ച് പിങ്ക് പന്ത് ദീര്‍ഘനേരം പുതുമ നിലനിര്‍ത്തും. പേസ് ബൗളര്‍മാര്‍ക്കായിരിക്കും പിങ്ക് പന്തിലെ പിയു കോട്ടിങ് കൂടുതല്‍ ഗുണം ചെയ്യുക. വായുവിലൂടെ അതിവേഗം തെന്നിനീങ്ങാന്‍ പന്ത് പ്രാപ്തമാണ്. ഇതേസമയം, സ്പിന്നര്‍മാരെയും പന്ത് പിന്തുണയ്ക്കും. കൂക്കുബുറ പന്തിനെ അപേക്ഷിച്ച് എസ്ജിയുടെ പന്തുകളില്‍ സീം ഒരല്‍പ്പം മുഴച്ചാണ് നില്‍ക്കുന്നത്. സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ ഗ്രിപ്പും ബൗണ്‍സും നല്‍കാന്‍ ഇതു സഹായിക്കും.
ഇന്ത്യ vs ബംഗ്ലാദേശ്: കൊല്‍ക്കത്തയില്‍ അശ്വിനും ജഡേജയും വേണ്ട!! കാരണമുണ്ട്, ചൂണ്ടിക്കാട്ടി ഭാജി

ഭാരവും അളവും
ക്രിക്കറ്റിലെ നിയമ പുസ്തകം പ്രകാരം രാജ്യാന്തര, ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ ഉപയോഗിക്കുന്ന പന്തുകള്‍ 156 ഗ്രാമിനും 162 ഗ്രാമിനും ഇടയിലായിരിക്കണം. ഇതില്‍ ഒരു ഗ്രാം കൂടാനോ കുറയാനോ പാടില്ല. മൂന്നു പന്തുകളിലും ഉപയോഗിക്കുന്ന തുകലില്‍ വ്യത്യാസമില്ല. എന്നാല്‍ ഫോര്‍മാറ്റ് അനുസരിച്ച് തുകലിന്റെ ഫിനിഷില്‍ മാറ്റം സംഭവിക്കും. ചുവന്ന പന്തില്‍ വാക്‌സ് കോട്ടിങ് ഒരുങ്ങുമ്പോള്‍ പിങ്ക്, വെളുപ്പ് പന്തുകളില്‍ പിയു കോട്ടിങ്ങാണ് പൂശുന്നത്.
Source: Scroll
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications