കരിയറില്‍ കൈത്താങ്ങായി, ഈ എട്ട് പേരും ദ്രാവിഡിനോട് കടപ്പെട്ടിരിക്കുന്നു, ഒരു പാക് താരവും

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസങ്ങളിലൊരാളാണ് രാഹുല്‍ ദ്രാവിഡ്. ക്ലാസിക് ബാറ്റിങ് ശൈലികൊണ്ടും ക്ഷമകൊണ്ടും പക്വതകൊണ്ടും എതിരാളികള്‍ക്ക് മുന്നില്‍ വന്മതില്‍ തീര്‍ത്ത താരമാണ് രാഹുല്‍ ദ്രാവിഡ്. ലോകത്തിലെ ഒട്ടുമിക്ക ഇതിഹാസ ബൗളര്‍മാരും തല കുനിച്ചിട്ടുള്ള ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ദ്രാവിഡ്. ഇന്ത്യക്കായി ദ്രാവിഡ് ചെയ്യാത്തതായി ഒന്നുമില്ലെന്ന് പറയാം. ഓപ്പണര്‍ മുതല്‍ വാലറ്റം വരെ ബാറ്റ് ചെയ്തിട്ടുണ്ട്, വിക്കറ്റ് കീപ്പറായിട്ടുണ്ട്, നായകനായിട്ടുണ്ട്, ബൗളറായിട്ടുണ്ട്, ഇപ്പോഴിതാ പരിശീലകനായും പ്രവര്‍ത്തിക്കുന്നു.
ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ ലോകകപ്പ് കിരീടം ചൂടിപ്പിച്ച പരിശീലകനാണ് ദ്രാവിഡ്. ക്രിക്കറ്റിനെക്കുറിച്ച് വലിയ അറിവ് അദ്ദേഹത്തിനുണ്ട്. അതുകൊണ്ട് തന്നെയാണ് നിരവധി താരങ്ങള്‍ക്ക് കരിയറില്‍ വഴികാട്ടിയാവാനും പരിശീലകനെന്ന നിലയില്‍ തിളങ്ങാനും ദ്രാവിഡിന് സാധിച്ചത്. ദ്രാവിഡിന്റെ ഉപദേശങ്ങള്‍ കരിയറില്‍ വഴിത്തിരിവ് സൃഷ്ടിച്ച ചിലരുണ്ട്. നീളന്‍ പട്ടിക പറയാനാവുമെങ്കിലും ഇതില്‍ പ്രധാനപ്പെട്ട എട്ട് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

പ്രവീണ്‍ താംബെ
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിലൂടെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് പ്രവീണ്‍ താംബെ. എല്ലാവരും വിരമിക്കുന്ന പ്രായത്തിലാണ് താംബെ ഐപിഎല്ലിലേക്കെത്തി കൈയടി നേടിയത്. 41കാരന്റെ കഴിവ് മനസിലാക്കി കളിക്കാന്‍ അവസരം നല്‍കിയത് ദ്രാവിഡായിരുന്നു. അദ്ദേഹത്തോടുള്ള കടപ്പാട് പല തവണ താംബെ തുറന്ന് പറഞ്ഞിട്ടുമുള്ളതാണ്. ഐപിഎല്ലില്‍ ഹാട്രിക്കടക്കം നേടിയിട്ടുള്ള താംബെയുടെ ജീവിതം അടുത്തു തന്നെ സിനിമയായും വരുന്നുണ്ട്.

യൂനിസ് ഖാന്‍
മുന്‍ പാകിസ്താന്‍ നായകനും സൂപ്പര്‍ ബാറ്റ്‌സ്മാനുമാണ് യൂനിസ് ഖാന്‍. ടെസ്റ്റിലും ഏകദിനത്തിലും മികച്ച റെക്കോഡുള്ള അദ്ദേഹത്തിന്റെ കരിയറിലും ദ്രാവിഡ് നിര്‍ണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. ബാറ്റിങ്ങിലെ സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടുകയും അത് തിരുത്താന്‍ സഹായിച്ചതും ദ്രാവിഡാണെന്നാണ് യൂനിസ് ഖാന്‍ തന്നെ പറഞ്ഞിട്ടുള്ളത്. വിരമിച്ച ശേഷം പാകിസ്താന്റെ അണ്ടര്‍ 19 പരിശീലകനായും പാക് ടീമിന്റെ ബാറ്റിങ് പരിശീലകനായും യൂനിസ് പ്രവര്‍ത്തിച്ചിരുന്നു.

ജോണ്‍ റൈറ്റ്
2000-2005വരെ ഇന്ത്യയുടെ പരിശീലകനായിരുന്നു ജോണ്‍ റൈറ്റ്. പരിശീലകനായിരിക്കെ കരിയറില്‍ ദ്രാവിഡ് നല്‍കിയ പിന്തുണയെക്കുറിച്ച് ജോണ്‍ റൈറ്റ് നേരത്തെ തന്നെ പറഞ്ഞിരുന്നു. പരിശീലകനായിരുന്നപ്പോള്‍ എനിക്ക് വേണ്ട എല്ലാ സഹായവും ചെയ്ത് തന്നിരുന്നത് ദ്രാവിഡാണ്. അന്ന് ടീമിനെ രൂപപ്പെടുത്തിയെടുക്കാനും മികച്ച പ്രകടനത്തിലേക്ക് ടീമിനെ എത്തിക്കാനുമെല്ലാം ദ്രാവിഡിന്റെ പിന്തുണയും അഭിപ്രായങ്ങളും സഹായിച്ചുവെന്നാണ് റൈറ്റ് പറഞ്ഞത്.

ചേതേശ്വര്‍ പുജാര
ഇന്ത്യന്‍ ടീമില്‍ നിന്ന് രാഹുല്‍ ദ്രാവിഡ് വിരമിച്ചപ്പോള്‍ പകരം മൂന്നാം നമ്പറിലേക്കെത്തിയത് ചേതേശ്വര്‍ പുജാരയാണ്. കഴിഞ്ഞ കുറച്ചുനാളുകള്‍ വരെ ഇന്ത്യയുടെ ടെസ്റ്റിലെ മൂന്നാം നമ്പറിലെ വിശ്വസ്തന്‍ പുജാരയായിരുന്നു. പുജാരയുടെ വളര്‍ച്ചക്ക് പിന്നിലും ദ്രാവിഡിന്റെ പിന്തുണയാണുള്ളത്. എന്റെ ക്രിക്കറ്റിനെക്കുറിച്ചുള്ള ചിന്ത മാറ്റിയതും എങ്ങനെ കൂടുതല്‍ സമയം ബാറ്റ് ചെയ്യാം എന്നതിനെക്കുറിച്ചുമെല്ലാം അദ്ദേഹം നല്‍കിയ വീക്ഷണമാണ് എന്നും പിന്തുടരുന്നതെന്നാണ് പുജാര തന്നെ പറഞ്ഞിട്ടുള്ളത്.

പ്രിയം ഗാര്‍ഗ്
ഇന്ത്യയുടെ എ ടീമിന്റെ പരിശീലകനായിരിക്കെ രാഹുല്‍ ദ്രാവിഡിന്റെ ഇടപെടലിനെത്തുടര്‍ന്ന് കരിയര്‍ മെച്ചപ്പെട്ട താരമാണ് പ്രിയം ഗാര്‍ഗ്. ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ദ്രാവിഡിനൊപ്പം പോയത് കരിയറില്‍ വലിയ മാറ്റമുണ്ടാക്കിയെന്നാണ് യുവതാരം പറയുന്നത്. ഓരോ വിക്കറ്റിലും എങ്ങനെയാണ് ബാറ്റ് ചെയ്യേണ്ടത്, സാഹചര്യങ്ങള്‍ക്കനുസരിച്ച് ശൈലിയില്‍ വരുത്തേണ്ട മാറ്റം എന്തൊക്കെ, വിദേശത്ത് ബാറ്റ്‌സ്മാന്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍ എന്തെല്ലാം എന്നൊക്കെ അദ്ദേഹം വിവരിച്ചു. ഇത് ബാറ്റിങ്ങില്‍ മെച്ചപ്പെടാന്‍ സഹായിച്ചുവെന്നാണ് ഗാര്‍ഗ് പറഞ്ഞത്.

കെവിന്‍ പീറ്റേഴ്‌സണ്‍
മുന്‍ ഇംഗ്ലണ്ട് നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമാണ് കെവിന്‍ പീറ്റേഴ്‌സണ്‍. എല്ലാ മൈതാനത്തും ഒരുപോലെ മികച്ച ബാറ്റിങ് കാഴ്ചവെച്ച പീറ്റേഴ്‌സന്റെ കരിയറിലും ദ്രാവിഡ് കരുത്ത് പകര്‍ന്ന് എത്തിയിട്ടുണ്ട്. സ്പിന്നിനെതിരേ തുടര്‍ച്ചയായി പരാജയപ്പെട്ടപ്പോള്‍ എങ്ങനെ സ്പിന്നിനെതിരേ മെച്ചപ്പെടാമെന്ന് രണ്ട് പേജില്‍ വിവരിച്ച് ദ്രാവിഡ് പീറ്റേഴ്‌സന് ഇ മെയില്‍ അയച്ചു നല്‍കി. പീറ്റേഴ്‌സന്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇത് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

കെ എല്‍ രാഹുല്‍
ഇന്ത്യയുടെ ആധുനിക സൂപ്പര്‍ താരങ്ങളിലൊരാളാണ് കെ എല്‍ രാഹുല്‍. ഇന്ത്യയുടെ ഭാവി നായകന്മാരിലൊരാളായി വിലയിരുത്തപ്പെടുന്ന രാഹുലിന്റെ കരിയറിലും നിര്‍ണ്ണായക വഴിത്തിരിവ് സമ്മാനിച്ചത് ദ്രാവിഡാണ്. 2018ല്‍ തുടര്‍ച്ചയായി ഫോം ഔട്ടാവുകയും തിളങ്ങാനാവാതെ വരികയും ചെയ്തതോടെ രാഹുല്‍ സഹായിക്കാന്‍ ദ്രാവിഡിനോട് അഭ്യര്‍ത്ഥിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളുടെയും ഉപദേശങ്ങളുടെയും കരുത്തില്‍ ശക്തമായി തിരിച്ചുവരവ് നടത്താന്‍ രാഹുലിന് സാധിക്കുകയും ചെയ്തു.

ഖലീല്‍ അഹമ്മദ്
ഇന്ത്യയുടെ ഇടം കൈയന്‍ പേസര്‍ ഖലീല്‍ അഹമ്മദിന്റെ കരിയറിലും നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ ദ്രാവിഡിനായിട്ടുണ്ട്. അണ്ടര്‍ 19 പരിശീലകനായിരിക്കെ ദ്രാവിഡ് നല്‍കിയ ഉപദേശങ്ങളും പിന്തുണയുമാണ് തന്നെ ദേശീയ ടീം അരങ്ങേറ്റത്തിലേക്കെത്തിച്ചതെന്നാണ് ഖലീല്‍ അഹമ്മദ് പറഞ്ഞത്. നിലവില്‍ ഐപിഎല്ലില്‍ സജീവമായ ഖലീല്‍ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് പ്രതീക്ഷയിലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications