ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെ പരാജയത്തിനുശേഷം വിമര്‍ശനങ്ങള്‍ നേരിടുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കു പിന്തുണയുമായി പാകിസ്താന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍. എംഎസ് ധോണിക്കു ശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച നായകനാണ് കോലിയെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. കോലി മിടുക്കനായ ക്യാപ്റ്റനാണ്. ഗല്ലി ടീമിനെപ്പോലും നയിച്ചിട്ടില്ലാത്തവരാണ് ഇപ്പോള്‍ അദ്ദേഹത്തെ മാറ്റമെന്നു ഇന്ത്യയെ ഉപദേശിക്കുന്നത്. അവര്‍ക്കു എന്തു യോഗ്യതയാണുള്ളതെന്നും അക്മല്‍ ചോദിക്കുന്നു.

70 സെഞ്ച്വറികള്‍ ഇന്ത്യക്കായി കോലി നേടിയിടിട്ടുണ്ട്. ചാംപ്യന്‍സ് ട്രോഫിയിലും 2019ലെ ലോകകപ്പിലും കളിച്ചു. ഇന്ത്യയില്‍ ഇവയില്‍ തോറ്റുവെന്നത് സത്യമാണ്. പക്ഷെ അതില്‍ എന്താണ് തെറ്റ്? അഞ്ചു വര്‍ഷത്തോളം ടെസ്റ്റിലെ നമ്പര്‍വണ്‍ ടീമായിരുന്നു ഇന്ത്യ. കോലിയുടെ നേട്ടങ്ങളും ഇതുവരെയുള്ള സേവനവുമെല്ലാം നോക്കൂ. തകര്‍പ്പന്‍ ക്യാപ്റ്റന്‍സിയാണ് അദ്ദേഹത്തിന്റേത്. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. അദ്ഭുതപ്പെടുത്തുന്ന കളിക്കാരനായ കോലി തയ്യാറെടുക്കുന്ന രീതിയും അസാധാരണമാണെന്നു അക്മല്‍ വിശദമാക്കി.
കോലിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാറ്റിയാല്‍ ആര്‍ക്കും വിജയത്തിന്റെ ഗ്യാരന്റി നല്‍കാന്‍ കഴിയില്ല. കോലി വിസ്മയിപ്പിക്കുന്ന കളിക്കാരനും നായകനുമാണ്. അദ്ദേഹത്തിനു പകരം മറ്റൊരാളെ ക്യാപ്റ്റനാക്കിയാല്‍ ഇന്ത്യ വിജയിക്കുമെന്ന് എന്ത് ഉറപ്പാണുള്ളത്? ഭാഗ്യം കൂടിയുണ്ടെങ്കില്‍ മാത്രമേ കിരീടങ്ങളും സ്വന്തമാക്കാന്‍ സാധിക്കൂ. ഒരാള്‍ക്കു നേരെ വിരല്‍ ചൂണ്ടുന്നത് എളുപ്പമുള്ള കാര്യമാണ്, പ്രത്യേകിച്ചും ക്രിക്കറ്റിനെക്കുറിച്ച് ഒരു ഐഡിയയുമില്ലാത്തവരാണ് കോലിക്കെതിരേ വിമര്‍ശനമുന്നയിക്കുന്നതെന്നും അക്മല്‍ വിശദമാക്കി.

ഈ തരത്തിലുള്ള വിമര്‍ശനങ്ങള്‍ കോലിയെ ബാധിക്കുമെന്നു എനിക്കു തോന്നുന്നില്ല. മാനസികമായി വളരെ കരുത്തനാണ് അദ്ദേഹം. വലിയ പെര്‍ഫോമറുമാണ്. കോലിയുടെ അടുത്തുപോലും മറ്റാരുമെത്തില്ല. ഒരുപാട് സെഞ്ച്വറികള്‍ നേടുന്നതും മൂന്നു ഫോര്‍മാറ്റുകളിലും 50ന് മുകളില്‍ ശരാശരി നിലനിര്‍ത്തുന്നതും ആശ്ചര്യകരമാണെന്നും അക്മല്‍ കൂട്ടിച്ചേര്‍ത്തു.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനോടു എട്ടു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഐസിസി ടൂര്‍ണമെന്റിന്റെ നോക്കൗട്ട് റൗണ്ടില്‍ കോലിക്കു കീഴില്‍ ഇന്ത്യയുടെ മൂന്നാമത്തെ പരാജയം കൂടിയായിരുന്നു ഇത്. 2017ലെ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനെതിരേയായിരുന്നു ആദ്യ പരാജയം. 2019ലെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയും ഇന്ത്യക്കു തോല്‍വി നേരിട്ടു.