മൊഹലി: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനായുള്ള തയ്യാറെടുപ്പിലാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഇടവേളക്ക് ശേഷമാണ് പാകിസ്താനിലേക്ക് ഐസിസി ടൂര്‍ണമെന്റെത്തുന്നത്. അതുകൊണ്ടുതന്നെ ടൂര്‍ണമെന്റ് ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് പിസിബി. ഇതിന്റെ ഭാഗമായി ഇതിനോടകം ഷെഡ്യൂളിന്റെ കരട് രൂപം പിസിബി ഐസിസിക്ക് സമര്‍പ്പിച്ച് കഴിഞ്ഞു. ഇന്ത്യയും പാകിസ്താനുമായുള്ള മത്സരം ലാഹോറിലാണ് പിസിബി തീരുമാനിച്ചിരിക്കുന്നത്.
എന്നാല്‍ പാകിസ്താനിലേക്ക് കളിക്കാന്‍ പോകില്ലെന്ന് നേരത്തെ തന്നെ ഇന്ത്യ വ്യക്തമാക്കിയതാണ്. ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി കളിക്കാന്‍ ശ്രീലങ്കയിലോ ദുബായിലോ മത്സരം നടത്തണമെന്നാണ് ബിസിസി ഐ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇത് പാകിസ്താന്‍ അംഗീകരിക്കുന്നില്ല. ഏകദിന ലോകകപ്പ് കളിക്കാനടക്കം പാകിസ്താന്‍ ഇന്ത്യയിലേക്ക് വന്നതാണ്. അതുകൊണ്ടുതന്നെ പാകിസ്താനിലേക്ക് ഇന്ത്യയും ചെല്ലണമെന്നാണ് പിസിബി ആവശ്യപ്പെടുന്നത്.
എന്നാല്‍ ബിസിസി ഐ നിലപാട് വ്യക്തമാക്കിയതോടെ വരുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കാനാണ് സാധ്യത. ഇപ്പോഴിതാ ബിസിസി ഐ പാകിസ്താനിലേക്ക് ഇന്ത്യ കളിക്കാന്‍ വരില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതോടെ മുന്നറിയിപ്പുമായി പിസിബി എത്തിയിരിക്കുകയാണ്. അടുത്ത ടി20 ലോകകപ്പിന്റെ ഒരു ഭാഗം ഇന്ത്യയിലും രണ്ടാം ഭാഗം ശ്രീലങ്കയിലുമാണ് നടക്കുന്നത്. ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പ് മത്സരങ്ങളില്‍ പാകിസ്താന്‍ കളിക്കില്ലെന്നാണ് പിസിബി നിലപാടെടുത്തിരിക്കുന്നത്.
2026ലെ ടി20 ലോകകപ്പിലെ ഇന്ത്യ ആതിഥേയരാകുന്ന മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയാണ് പിസിബി ഇന്ത്യയെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നത്. എന്നാല്‍ പാകിസ്താന്‍ ടി20 ലോകകപ്പില്‍ നിന്ന് വിട്ടുനിന്നാല്‍ ഇന്ത്യയെ അത് കാര്യമായി ബാധിക്കാന്‍ സാധ്യതയില്ല. പാകിസ്താന്റെ അഭാവം ഉണ്ടായാലും ഇന്ത്യയുടെ മത്സരത്തിന് വലിയ ആരാധക പിന്തുണയുണ്ടാവും. അതേ സമയം പാകിസ്താനെ സംബന്ധിച്ച് ഇന്ത്യയുടെ പിന്മാറ്റം വലിയ തിരിച്ചടിയാണ്.
എല്ലാവരും ഇന്ത്യ-പാക് മത്സരത്തിനായാണ് കാത്തിരിക്കുന്നത്. ഇന്ത്യ പിന്മാറിയാല്‍ പ്രധാന സ്‌പോണ്‍സര്‍മാര്‍ പിന്മാറും. പരസ്യത്തിലും കാഴ്ചക്കാരുടെ എണ്ണത്തിലും വലിയ കുറവുണ്ടാവും. ഇതെല്ലാം പാകിസ്താന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും. അതുകൊണ്ടുതന്നെ ഇന്ത്യ നിര്‍ദേശിക്കുന്ന ഒത്തുതീര്‍പ്പിലേക്കെത്താന്‍ പിസിബി നിര്‍ബന്ധിതരാവും. നേരത്തെ 2023ലെ ഏകദിന ലോകകപ്പിന്റെ സമയത്തും പാകിസ്താന്‍ ഇതേ നിലപാടെടുത്തിരുന്നു.

ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് ബഹിഷ്‌കരിക്കുമെന്നാണ് പാകിസ്താന്‍ ആദ്യം പറഞ്ഞത്. എന്നാല്‍ ബാബര്‍ അസം ക്യാപ്റ്റനായുള്ള പാകിസ്താന്‍ ടീം ഇന്ത്യയില്‍ ലോകകപ്പ് കളിച്ചിരുന്നു. അതുകൊണ്ടുതന്നെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ബിസിസി ഐയുടെ ആവശ്യം പിസിബിക്ക് അംഗീകരിക്കേണ്ടി വരും. ഐസിസിയുടെ നിയന്ത്രണവും ബിസിസി ഐയുടെ കൈയിലാണെന്ന് പറയാം. അടുത്ത ഐസിസി തലവനായി ജയ് ഷാ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
അതുകൊണ്ടുതന്നെ പിസിബി പരാതി നല്‍കിയാലും ഐസിസി ഇന്ത്യക്കെതിരേ നടപടിയെടുക്കാന്‍ സാധ്യതയില്ല. സമീപകാലത്തൊന്നും വലിയ പ്രകടനം നടത്താത്ത ടീമാണ് പാകിസ്താന്‍. അവസാന ടി20 ലോകകപ്പില്‍ പാകിസ്താന്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായിരുന്നു. സാമ്പത്തികമായും പിസിബി വലിയ പ്രതിസന്ധി നേരിടവെ ഇന്ത്യയെ മാറ്റിനിര്‍ത്തിയാല്‍ അത് കൂടുതല്‍ ബാധ്യത ടീമിന് സൃഷ്ടിക്കുമെന്നുറപ്പാണ്. ഈ സാഹചര്യത്തില്‍ പിസിബി ഒത്തുതീര്‍പ്പിന് ശ്രമിക്കാനാണ് സാധ്യത.
ഇന്ത്യയുമായുള്ള പരമ്പര പുനരാരംഭിക്കാന്‍ ഏറെ നാളുകളായി പിസിബി ശ്രമം നടത്തുന്നുണ്ട്. ഓസ്‌ട്രേലിയ വേദിയാക്കി ത്രിരാഷ്ട്ര പരമ്പരക്കുള്ള നീക്കവും നടത്തിയിരുന്നു. എന്നാല്‍ ബിസിസിഐ ഇതിന് തയ്യാറായിട്ടില്ല. ഇപ്പോഴും പിസിബി വളരെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ പരമ്പരയെ കാണുന്നത്. എന്നാല്‍ ബിസിസി ഐ അനുകൂലമായി പ്രതികരിക്കുന്നില്ല. ഇന്ത്യ-പാകിസ്താന്‍ പരമ്പര നടന്നാല്‍ സാമ്പത്തികമായി പിസിബിക്കത് വലിയ നേട്ടമായിരിക്കും. ഇതുകൊണ്ടാണ് ബിസിസി ഐ പരമ്പരക്ക് തയ്യാറാവാത്തത്.