ഐപിഎല്ലിന്റെ ആദ്യറൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയാവും മുമ്പ് തന്നെ പ്ലേഓഫില്‍ ഇടം പിടിക്കാന് സാധ്യതയില്ലാത്ത രണ്ടു ടീമുകള്‍ ആരൊക്കെയാവുമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. രണ്ടു തവണ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, മുന്‍ ഫൈനലിസ്റ്റുകളായ പഞ്ചാബ് കിങ്‌സ് എന്നിവരാണ് ഇത്തവണ ഓഫിലുണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
മാത്രമല്ല രണ്ടിലൊരു ടീം നോക്കൗട്ടിലെത്തിയാല്‍ അതായിരിക്കും ഏറ്റവും വലിയ സര്‍പ്രൈസെന്നും ചോപ്ര ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം നടന്ന കൊല്‍ക്കത്ത- പഞ്ചാബ് മല്‍സരത്തിനു ശേഷം സംസാരിക്കുകയായിരുന്നു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഴ വില്ലനായ മല്‍സരത്തില്‍ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം പഞ്ചാബ് ഏഴു റണ്‍സിന്റെ വിജയം സ്വന്തമാക്കിയിരുന്നു.

അഞ്ചു വിക്കറ്റിനു 191 റണ്‍സെന്ന വലിയ ടോട്ടലാണ് ശിഖര്‍ ധവാന്‍ നയിച്ച പഞ്ചാബ് ആദ്യം ബാറ്റ് ചെയ്തതിനു ശേഷം നേടിയത്. മറുപടിയില്‍ കൊല്‍ക്കത്ത 16 ഓവറില്‍ ആറു വിക്കറ്റിനു 146 റണ്‍സെടുത്തു നില്‍ക്കെ മഴയെത്തുകയായിരുന്നു. ഇതോടെ മല്‍സരം മുടങ്ങുകയും ചെയ്തു. തുടര്‍ന്ന് ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം പഞ്ചാബിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനും പഞ്ചാബ് കിങ്‌സിനും പ്രശ്‌നങ്ങളുണ്ടെന്നു ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ ചൂണ്ടിക്കാട്ടി. വിജയത്തോടെ ഈ സീസണ്‍ തുടങ്ങിയതില്‍ പഞ്ചാബ് ടീമിന് അഭിനന്ദനങ്ങള്‍. പക്ഷെ ഈ ടീം 50-50 ആയിട്ടാണ് കാണപ്പെടുന്നത്. കൊല്‍ക്കത്തയാവട്ടെ പരാജയത്തോടെയാണ് സീസണ്‍ തുടങ്ങിയത്. പഞ്ചാബിനെപ്പോലെ ഈ ടീമും 50-50 ആയിട്ടാണ് എനിക്കു തോന്നിയത്. രണ്ടിലൊരു ടീം പ്ലേഓഫിലേക്കു യോഗ്യത നേടട്ടെയെന്നു ഞാന്‍ ശരിക്കും പ്രതീക്ഷിക്കുകയാണ്. പക്ഷെ രണ്ടു ടീമും പ്ലേഓഫിലേക്കു യോഗ്യത നേടിയില്ലെങ്കിലും അതു തന്നെ അദ്ഭുതപ്പെടുത്തില്ലെന്നും ചോപ്ര വിശദമാക്കി.

കൊല്‍ക്കത്തയ്‌ക്കെതിരേ പഞ്ചാബിനു വേണ്ടി എല്ലാ ബാറ്റര്‍മാര്‍ക്കും മികച്ച സംഭാവനകള്‍ നല്‍കാന്‍ സാധിച്ചു. ആദ്യം ഓപ്പണര്‍ പ്രഭ്‌സിമ്രന്‍ സിങ് പഞ്ചാബിനു വേണ്ടി അതിവേഗം 23 റണ്‍സെടുത്തിരുന്നു. അതിനു ശേഷം ക്രീസിലെത്തിയ ഭാനുക രാജപക്‌സയും അറ്റാക്കിങ് ക്രിക്കറ്റായിരുന്നു കളിച്ചത്. ശിഖര്‍ ധവാന്‍ വളരെ ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. ക്രീസിന്റെ മറുവശത്തുള്ളവര്‍ തകര്‍ത്തു കളിച്ചപ്പോള്‍ ധവാന്‍ മറുഭാഗത്ത് വിക്കറ്റ് കൈവിടാതെ പിടിച്ചുനിന്നു. പഞ്ചാബിനായി എല്ലാവരും റണ്ണെടുത്തതായും ചോപ്ര വിശദമാക്കി.
കൊല്‍ക്കത്തയുടെ ബൗളിങ് ആക്രമണം വളരെ സാധാരണമായിട്ടാണ് തനിക്കു അനുഭവപ്പെട്ടതെന്നു ചോപ്ര പറയുന്നു. കൊല്‍ക്കത്തയുടെ എല്ലാ ബൗളര്‍മാര്‍ക്കും ശരിക്കും തല്ലുകിട്ടി. ബാറ്റര്‍മാര്‍ എല്ലാവര്‍ക്കുമെതിരേ തങ്ങളുടെ ആധിപത്യം പുറത്തെടുത്തു. കൊല്‍ക്കത്തയുടെ ബൗളിങ് ആക്രമണം ഒട്ടും തന്നെ മൂര്‍ച്ചയുള്ളതായിരുന്നില്ല. എങ്കിലും ഉമേഷ് യാദവ് നന്നായി പന്തെറിഞ്ഞുവെന്നും ചോപ്ര വിലയിരുത്തി.

ലോക്കി ഫെര്‍ഗൂസണിന്റെ സേവനം കൊല്‍ക്കത്തയ്ക്കു ലഭിച്ചില്ല. ടിം സൗത്തി കളിച്ചെങ്കിലും 50 റണ്‍സിനു മുകളിലാണ് വിട്ടുകൊടുത്തത്. വരുണ്‍ ചക്രവര്‍ത്തി വളരെ നന്നായി ബൗള്‍ ചെയ്തു. ശിഖര്‍ ധവാന്റെ വിക്കറ്റും അദ്ദേഹം നേടി. വളരെയധികം റണ്‍സ് വിട്ടുകൊടുത്ത സുനില്‍ നരെയ്‌ന് ഒരു വിക്കറ്റ് മാത്രമേ ലഭിച്ചുള്ളൂ. ആന്ദ്രെ റസ്സല്‍ കെകെആറിനായി ബൗള്‍ ചെയ്തതുമില്ലെന്നും ചോപ്ര നിരീക്ഷിച്ചു.
കൊല്‍ക്കത്തയ്‌ക്കെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട പഞ്ചാബ് അഞ്ചു വിക്കറ്റിനു 191 റണ്‍സെന്ന മികച്ച ടോട്ടലാണ് പടുത്തുയര്‍ത്തിയത്. ശ്രീലങ്കന്‍ താരം ഭാനുക രാജപക്‌സെയുടെ (50) ഫിഫ്റ്റിയാണ് പ്ഞ്ചാബിനു കരുത്തായത്. 32 ബോളുകള്‍ നേരിട്ട താരം അഞ്ചു ഫോറും രണ്ടു സിക്‌സറുമടിച്ചു. നായകന്‍ ശിഖര്‍ ധവാന്‍ 29 ബോളില്‍ ആറു ഫോറുള്‍പ്പെടെ 40 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. വാലറ്റത്ത് സാം കറെന്‍ 17 ബോളില്‍ 26ഉം പ്രഭ്‌സിമ്രന്‍ 12 ബോളില്‍ 23 റണ്‍സുമെടുത്തു. മറുപടിയില്‍ കെകെആര്‍ നിരയില്‍ പ്രധാന സ്‌കോറര്‍മാര്‍ ആന്ദ്രെ റസ്സലും (35) വെങ്കടേഷ് അയ്യരുമായിരുന്നു (34).