ഇര്‍ഫാന്റെ മാസ്മരിക പ്രകടനം സിപിഎല്ലില്‍
കരിബീയന്‍ പ്രീമിയര്‍ ലീഗില്‍ (സിപിഎല്‍) സെന്റ് കിറ്റ്സ് ആന്റ് നെവിസ് പാട്രിയോറ്റ്സിനെതിരായ മല്‍സരത്തിലായിരുന്നു ബാര്‍ബഡോസ് ട്രിഡെന്‍സ് താരമായ മുഹമ്മദ് ഇര്‍ഫാന്റെ മാസ്മരിക ബൗളിങ് പ്രകടനം.
വഴങ്ങിയത് ഒരു റണ്‍സ് മാത്രം
മല്‍സരത്തില്‍ നാല് ഓവറില്‍ ഇര്ഫാന് വഴങ്ങിയത് വെറും ഒരു റണ്‍സ് മാത്രമായിരുന്നു. നാല് ഓവറില്‍ മൂന്ന് മെയ്ഡനുള്‍പ്പെടെ രണ്ട് വിക്കറ്റും സ്വന്തമാക്കിയാണ് ഇര്ഫാന് ഒരു റണ്‍സ് വിട്ടുകൊടുത്തത്. ട്വന്റി-ട്വന്റിയില്‍ നാല് ഓവറില്‍ ഏറ്റവും കുറവ് റണ്‍സ് വഴങ്ങുന്ന താരമെന്ന റെക്കോഡാണ് 36 കാരനായ ഇര്ഫാന് തന്റെ പേരില്‍ കുറിച്ചത്.
ഇര്‍ഫാന്റെ ഇര ഗെയ്ലും ലെവിസും
സെന്റ് കിറ്റ്സ് സൂപ്പര്‍ താരങ്ങളായ ക്രിസ് ഗെയ്ലിനെയും എര്വിന് ലെവിസിനെയുമാണ് ഇര്ഫാന് മല്‍സരത്തില്‍ പുറത്താക്കിയത്. ഒന്നാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ കൂടിയായ ഗെയ്ലിനെ ഇര്ഫാന് പുറത്താക്കുകയായിരുന്നു.
തന്റെ രണ്ടാം ഓവറിലെ നാലാം പന്തിലാണ് ലെവിസിനെ ഇര്ഫാന് വീഴ്ത്തിയത്. ഒരു റണ്‍സ് മാത്രമാണ് ലെവിസിന് നേടാനായത്.
ഇര്‍ഫാന്റെ റെക്കോഡ് പ്രകടനവും ടീമിനെ രക്ഷിച്ചില്ല
ബൗളിങില്‍ പുതിയ റെക്കോഡിട്ടെങ്കിലും ഇര്‍ഫാന്റെ ടീമായ ട്രിഡെന്‍സ് മല്‍സരത്തില്‍ പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത ട്രിഡെന്‍സ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 147 റണ്‍സെടുത്തപ്പോള്‍ മറുപടിയില്‍ സെന്റ് കിറ്റ്സ് 18.5 ഓവറില്‍ നാല് വിക്കറ്റിന് ലക്ഷ്യത്തിലെത്തുകയായിരുന്നു.
60 റണ്‍സെടുത്ത ബ്രണ്ടന്‍ കിങിന്റെ മികച്ച ഇന്നിങ്സാണ് സെന്റ് കിറ്റ്സിന് വിജയം സമ്മാനിച്ചത്. മുഹമ്മദ് ഇര്‍ഫാനാണ് മാന്‍ ഓഫ് ദി മാച്ച്.