ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തങ്ങള്‍ പരീക്ഷിക്കാന്‍ പോവുന്ന തന്ത്രം എന്തായിരിക്കുമെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്. വെള്ളിയാഴ്ച ചെന്നൈയിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റിനു തുടക്കമാവുന്നത്. ഏറ്റവും മികച്ച ടീമുമായാണ് ഇരുടീമുകളും ഈ പരമ്പരയില്‍ ഇറങ്ങുക.

ബാറ്റിങില്‍ ക്ഷമ കാണിക്കുകയെന്നതാവും ഇന്ത്യക്കെതിരായ പരമ്പരയില്‍ ഇംഗ്ലണ്ടിനെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമാവുകയെന്നു റൂട്ട് വ്യക്തമാക്കി. ഇന്ത്യയെപ്പോലെ കരുത്തരായ എതിരാളിക്കെതിരേ ടെസ്റ്റ് നീട്ടിക്കൊണ്ടു പോവേണ്ടത് പ്രധാനമാണ്. ഒരുപാട് സമയം ബാറ്റ് ചെയ്യാന്‍ നിങ്ങള്‍ തയ്യാറെടുക്കണം. ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയാല്‍ നിങ്ങളുടെ ഇന്നിങ്‌സിന്റെ ലക്ഷ്യമെന്താണന്ന് ചിന്തിക്കണം. എത്ര നേരം ഞങ്ങള്‍ ക്രീസില്‍ നില്‍ക്കുന്നോ, അത്രയും ഞങ്ങള്‍ കരുത്തരായി മാറുമെന്നും റൂട്ട് വിശദമാക്കി.
ക്ഷമയോടെ ബാറ്റ് ചെയ്യുന്നതോടൊപ്പം ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ തങ്ങളുടെ പ്രതിരോധത്തിലും കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നു റൂട്ട് പറയുന്നു. സാധാരണയായി ഇംഗ്ലീഷ് താരങ്ങള്‍ സീം ബൗളിങിനെതിരേ ക്ഷമയോടെയാണ് കളിക്കാറുള്ളത്. ബോള്‍ ടേണ്‍ ചെയ്യുമെന്നും നിങ്ങളുടെ ബാറ്റില്‍ ഉരസുമെന്നും അംഗീകരിക്കേണ്ടതുണ്ട്. ഒന്നോ, രണ്ടോ സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ പിഴവുകള്‍ വരുത്തിയേക്കാം. എങ്കിലും നിങ്ങള്‍ ശാന്തരായി ബാറ്റിങ് തുടരണം. നിങ്ങള്‍ എവിടെയാണ് റണ്‍സെടുക്കുന്നതെന്നും എവിടെയാണ് ബൗണ്ടറികള്‍ നേടുന്നതെന്നും നിങ്ങള്‍ കാണണമെന്നും റൂട്ട് കൂട്ടിച്ചേര്‍ത്തു.

ആറു ദിവസത്തെ ക്വാറന്റീന്‍ കഴിഞ്ഞ് ഇന്ത്യ, ഇംഗ്ലണ്ട് ടീമുകള്‍ ചെന്നൈയില്‍ നെറ്റ് സെഷന്‍ ആരംഭിച്ചു കഴിഞ്ഞു. ജയത്തോടെ തന്നെ നാലു ടെസ്റ്റുകളുടെ പരമ്പര ആരംഭിക്കാനിരിക്കും ഇരുടീമുകളുടെയും ശ്രമം. ശക്തരായ ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ 2-1നു ടെസ്റ്റ് പരമ്പര കൈക്കലാക്കിയ ശേഷമാണ് ഇന്ത്യന്‍ ടീമിന്റെ വരവ്. എന്നാല്‍ ശ്രീലങ്കയെ അവരുടെ തട്ടകത്തില്‍ തൂത്തുവാരിയ ശേഷമാണ് ഇംഗ്ലണ്ട് എത്തിയിരിക്കുന്നത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു യോഗ്യത നേടാന്‍ ഇരുടീമുകള്‍ക്കും ഒരുപോലെ നിര്‍ണായകമാണ് ഈ പരമ്പര.
ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീം
ജോ റൂട്ട് (ക്യാപ്റ്റന്‍), മോയിന്‍ അലി, ജെയിംസ് ആന്‍ഡേഴ്‌സന്‍, ജോഫ്ര ആര്‍ച്ചര്‍, ഡോം ബെസ്സ്, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, ജോസ് ബട്‌ലര്‍, സാക്ക് ക്രോളി, ബെന്‍ ഫോക്‌സ്, ഡാന്‍ ലോറന്‍സ്, ജാക്ക് ലീച്ച്, ഡോം സിബ്ലി, ബെന്‍ സ്‌റ്റോക്‌സ്, ഓലി സ്‌റ്റോണ്‍, ക്രിസ് വോക്‌സ്.