ഇന്ത്യന്‍ ക്രിക്കറ്റില്‍ മുഖ്യ കരാറിലുള്‍പ്പെട്ട കളിക്കാരുടെ ലിസ്റ്റ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുകയാണ്. ഗ്രേഡ് എ പ്ലസ്, ഗ്രേഡ് എ, ഗ്രേഡ് ബി, ഗ്രേഡ് സി എന്നിങ്ങനെ നാലു കാറ്റഗറികളിലായിട്ടാണ് താരങ്ങളെ കരാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതുതായി 11 പേര്‍ ഇത്തവണ കരാറിന്റെ ഭാഗമായിട്ടുണ്ട്. അതുപോലെ തന്നെ ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ തുടങ്ങിയ മുന്‍നിര താരങ്ങളടക്കം ചിലര്‍ കരാറില്‍ നിന്നുമൊഴിവാക്കപ്പെടുകയും ചെയ്തു.
രഞ്ജി ട്രോഫിയില്‍ കളിക്കാതെ ബിസിസിഐയെ ധിക്കരിച്ചതിനാണ് ശ്രേയസ്, ഇഷാന്‍ എന്നിവരെ കരാറില്‍ നിന്നും നീക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വന്‍ ഫ്‌ളോപ്പായി മാറിയ മധ്യനിര ബാറ്റര്‍ രജത് പാട്ടിധാര്‍, വിക്കറ്റ് കീപ്പര്‍ കെഎസ് ഭരത്, പേസര്‍ മുകേഷ് കുമാര്‍ എന്നിവരെല്ലാം ബിസിസിഐ കരാറിന്റെ ഭാഗമാണെന്നതാണ് ഏറ്റവും വലിയ സര്‍പ്രൈസ്. ഗ്രേഡ് സിയിലാണ് ഇവരെല്ലാം ഉള്‍പ്പെട്ടിട്ടുള്ളത്.

പാട്ടിധാറിനും ഭരതിനും വരെ കരാര്‍ കിട്ടിയിട്ടും ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ മിന്നുന്ന പ്രകടനം നടത്തിയ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേല്‍, മധ്യനിര ബാറ്റര്‍ സര്‍ഫറാസ് ഖാന്‍ എന്നിവരെ എന്തുകൊണ്ട് കരാറിലുള്‍പ്പെടുത്തിയില്ല എന്നതാണ് ഉയരുന്ന ചോദ്യം. പാട്ടിധാറിനെപ്പോലെ ഇപ്പോള്‍ ഇംഗ്ലണ്ടുമായി നടക്കുന്ന ടെസ്റ്റ് പരമ്പരയിലൂടെ ഇന്ത്യക്കായി അരങ്ങേറിയവരാണ് സര്‍ഫറാസും ജുറേലും.
സര്‍ഫറാസ് അരങ്ങേറ്റ ടെസ്റ്റിലെ രണ്ടിന്നിങ്‌സുകളിലും ഫിഫ്റ്റി പ്ലസ് സ്‌കോറുകളുമായി മിന്നിച്ചിരുന്നു. ജുറേലാവട്ടെ കരിയറിലെ രണ്ടാം ടെസ്റ്റില്‍ തന്നെ പ്ലെയര്‍ ഓഫ് ദി മാച്ചാവുകയും ചെയ്തു. എന്നിട്ടും എന്തുകൊണ്ടാണ് രണ്ടു പേരും ബിസിസിഐ കരാറില്‍ ഉള്‍പ്പെടാതിരുന്നത്? ഇതിനു പിന്നിലെ കാരണമറിയാം.
ബിസിസിഐയുടെ മുഖ്യ കരാറിനു ഒരു താരം പരിഗണിക്കപ്പെടണമെങ്കില്‍ ചില മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതുണ്ട്. ഈ കാരണത്താല്‍ തന്നെയാണ് ജുറേലിനും സര്‍ഫറാസിനും കരാര്‍ ലഭിക്കാതെ പോയത്. ബിസിസിഐയുടെ ഗ്രേഡ് സി കരാറില്‍ ഇടം പിടിക്കണമെങ്കില്‍ ഒരു താരം ഏറ്റവും കുറഞ്ഞത് മൂന്നു ടെസ്റ്റുകളെങ്കിലും കളിച്ചിരിക്കേണ്ടത് ആവശ്യമാണ്. പക്ഷെ ജുറേലും സര്‍ഫറാസും രണ്ടു ടെസ്റ്റുകളില്‍ മാത്രമേ കളിച്ചിട്ടുള്ളൂ. ഈ കാരണത്താല്‍ രണ്ടു പേര്‍ക്കും കരാര്‍ ലഭിച്ചതുമില്ല.
നേരിയ വ്യത്യാസത്തില്‍ ബിസിസിഐ കരാറില്‍ ഇടം ലഭിക്കാതെ പോയെങ്കിലും ജുറേലിനും സര്‍ഫറാസിനും നിരാശപ്പെടേണ്ടതില്ല. കാരണം ധര്‍മശാലയില്‍ ഈ മാസം ഏഴു മുതല്‍ നടക്കാനിരിക്കുന്ന അഞ്ചാമത്തെും അവസാനത്തെയും ടെസ്റ്റില്‍ കളിക്കുകയാണെങ്കില്‍ ഇരുവരും ഗ്രേഡ് സിയിലെ പ്രോ- റാറ്റ കരാറുകള്‍ക്കു അര്‍ഹരായി മാറും.

കരാര്‍ കാലാവധിയുടെ മുഴുവനും കളിക്കാത്ത താരങ്ങള്‍ക്കു ബിസിസിഐ നല്‍കുന്ന കരാറാണിത്. ജുറേലിന്റെയും സര്‍ഫറാസിന്റെയും കാര്യമെടുക്കുകയാണെങ്കില്‍ ഈ പരമ്പരയില്‍ കളിക്കുന്ന ടെസ്റ്റുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡ് സി കരാറിലെ തുകയുടെ ഒരു ഭാഗം ഇരുവര്‍ക്കും ലഭിക്കും.
ബിസിസിഐ കരാര്‍ കൈയെത്തുംദൂരത്തു നഷ്ടമായെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് ടെസ്റ്റിലെ രണ്ടു വലിയ കണ്ടെത്തലുകളായി മാറിയിരിക്കുകയാണ് സര്‍ഫറാസും ജുറേലും. ഈ ഫോര്‍മാറ്റില്‍ ദീര്‍ഘകാലം ടീം ഇന്ത്യക്കായി കളിക്കാനും മികച്ച പ്രകടനങ്ങള്‍ നടത്താനുമുള്ള മിടുക്ക് തങ്ങള്‍ക്കുണ്ടെന്നു വെറും രണ്ടു ടെസ്റ്റുകള്‍ കൊണ്ടു തന്നെ ഇരുവരും തെളിയിക്കുകയും ചെയ്തു.
ഇംഗ്ലണ്ടുമായുള്ള അവസാന ടെസ്റ്റിലും കളിക്കുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്താല്‍ അടുത്ത പരമ്പരയിലും ജുറേലിനെയും സര്‍ഫറാസിനെയും തീര്‍ച്ചയായും ഇന്ത്യന്‍ ടീമില്‍ കാണാന്‍ സാധിക്കും.