ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ മുത്തമിട്ടിരിക്കുകയാണ്. കരുത്തരായ ന്യൂസീലന്‍ഡിനെ ഫൈനലില്‍ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയിലേക്കെത്തിയതെന്ന് പറയാം. ഇന്ത്യ പരിമിത ഓവറില്‍ നേടുന്ന തുടര്‍ച്ചയായ രണ്ടാമത്തെ ഐസിസി കിരീടമാണിത്. നിലവില്‍ ലോക ക്രിക്കറ്റിലെ വന്‍ ശക്തികളായി ഇന്ത്യ മാറിയിരിക്കുകയാണെന്ന് പറയാം.
ഐസിസി കിരീടങ്ങള്‍ തുടര്‍ച്ചയായി നേടി എല്ലാ പ്രമുഖ ടീമുകള്‍ക്കും വലിയ തലവേദനയാവാന്‍ ഇന്ത്യക്ക് സാധിക്കുന്നു. ചാമ്പ്യന്‍സ് ട്രോഫി നേടിയ ഇന്ത്യന്‍ ടീമിനെ വീഴ്ത്തുകയെന്നത് എല്ലാ എതിരാളികള്‍ക്കും വലിയ വെല്ലുവിളിയാണെന്ന് പറയാം. ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയ ഇന്ത്യന്‍ ടീമിനെ വീഴ്ത്താന്‍ സാധിക്കുന്ന നിലവിലെ ലോക 11 ആരൊക്കെയാണ് ഉള്‍പ്പെടുക?. പരിശോധിക്കാം.
രചിന്‍ രവീന്ദ്ര- ട്രാവിസ് ഹെഡ്
ഓപ്പണിങ്ങില്‍ രചിന്‍ രവീന്ദ്രിക്കും ട്രാവിസ് ഹെഡിനുമാണ് അവസരം. രണ്ട് പേരും ഗംഭീര പ്രകടനം നടത്തുന്ന ഓപ്പണര്‍മാരാണ്. ഹെഡ് തല്ലിത്തകര്‍ത്ത് കളിക്കുന്നവനാണെങ്കില്‍ രചിന്‍ ക്ലാസിക് ശൈലിയിലും ആക്രമണോത്സക ശൈലിയിലും അടിച്ചുതകര്‍ക്കുന്നവനാണ്. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇതിനോടകം അഞ്ച് സെഞ്ച്വറി നേടാന്‍ രചിന് സാധിച്ചിട്ടുണ്ട്. ട്രാവിസ് ഹെഡ് ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റില്‍ കളിക്കുന്നവനായതിനാല്‍ പവര്‍പ്ലേയില്‍ എല്ലാവരും താരത്തിനെതിരേ പന്തെറിയാന്‍ ഭയപ്പെടുന്നു. ഹെഡും രചിനും ബാറ്റുകൊണ്ട് മാത്രമല്ല പന്തുകൊണ്ടും ടീമിന് ഉപകാരിയാണ്.
മുഹമ്മദ് റിസ്വാന്‍ മൂന്നാം നമ്പറില്‍
മൂന്നാം നമ്പറില്‍ പാകിസ്താന്‍ മുന്‍ നായകനായ മുഹമ്മദ് റിസ്വാനെ കളിപ്പിക്കാം. ചാമ്പ്യന്‍സ് ട്രോഫിയില്‍ നിറം മങ്ങിയെങ്കിലും ഏകദിനത്തില്‍ മികച്ച റെക്കോഡുള്ള താരമാണ് റിസ്വാന്‍. പാകിസ്താന്‍ ടീമിലെ അണ്ടര്‍ റേറ്റഡ് താരമാണ് റിസ്വാനെന്ന് പറയാം. നാലാം നമ്പറില്‍ കെയ്ന്‍ വില്യംസനാണ് അവസരം. മുന്‍ ന്യൂസീലന്‍ഡ് നായകനായ കെയ്ന്‍ വില്യംസണ്‍ ക്ലാസിക് ശൈലിയില്‍ റണ്‍സുയര്‍ത്തുന്ന താരങ്ങളില്‍ ഒരാളാണ്. ചാമ്പ്യന്‍സ് ട്രോഫിയിലും ഭേദപ്പെട്ട പ്രകടനം നടത്താന്‍ വില്യംസണിന് സാധിച്ചിരുന്നു.
ആംഗര്‍ റോളില്‍ കളിക്കാന്‍ മിടുക്കനായ വില്യംസന്‍ സീനിയര്‍ താരം കൂടിയാണ്. അഞ്ചാം നമ്പറില്‍ ഹെന്‍ റിച്ച് ക്ലാസനാണ് അവസരം. വെടിക്കെട്ട് ബാറ്റ്‌സ്മാനായ ക്ലാസന്‍ മധ്യനിരയില്‍ തകര്‍ത്തടിക്കുന്നവനാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ക്ലാസന്‍ സ്പിന്നിനേയും പേസിനേയും ഒരുപോലെ നേരിടാന്‍ മിടുക്കനാണ്. എല്ലാ ബൗളര്‍മാരും ഒരുപോലെ ഭയക്കുന്ന താരങ്ങളിലൊരാളാണ് ക്ലാസന്‍.

ഡേവിഡ് മില്ലര്‍ ഫിനിഷര്‍
ആറാം നമ്പറില്‍ ഡേവിഡ് മില്ലര്‍ക്കാണ് അവസരം. ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാനായ മില്ലര്‍ സമ്മര്‍ദ്ദം നിറഞ്ഞ സാഹചര്യത്തില്‍ ശോഭിക്കാന്‍ കഴിവുള്ളവനാണ്. ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ മില്ലര്‍ക്ക് കഴിവുണ്ട്. സ്പിന്നര്‍മാരേയും നന്നായി നേരിടാന്‍ മില്ലര്‍ക്കാവും. ഏഴാം നമ്പറില്‍ മിച്ചല്‍ സാന്റ്‌നര്‍ക്കാണ് അവസരം. ന്യൂസീലന്‍ഡ് നായകനായ സാന്റ്‌നര്‍ പന്തുകൊണ്ടും ബാറ്റുകൊണ്ടും മികവ് കാട്ടുന്നവനാണ്. എട്ടാം നമ്പറില്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ ആദം സാംബയെ പരിഗണിക്കാം.
പേസ് നിരയില്‍ ആരൊക്കെ
പേസ് നിരയില്‍ പാറ്റ് കമ്മിന്‍സിനെ പരിഗണിക്കാം. ടീമിന്റെ നായകനും കമ്മിന്‍സാണ്. ഓസ്‌ട്രേലിയയെ ലോകകപ്പ് കിരീടത്തിലേക്കടക്കമെത്തിക്കാന്‍ സാധിച്ച നായകനാണ് കമ്മിന്‍സ്. മികച്ച ക്രിക്കറ്റ് ബുദ്ധി കമ്മിന്‍സിന് അവകാശപ്പെടാം. ഇടം കൈയന്‍ പേസറായി മിച്ചല്‍ സാന്റ്‌നറിനെ പരിഗണിക്കാം. യോര്‍ക്കറുകളിലൂടെയും മികച്ച ലൈനിലൂടെയും ലെങ്തിലൂടെയും എതിരാളികളെ തകര്‍ക്കാന്‍ സ്റ്റാര്‍ക്കിനാവും. ഷഹിന്‍ ഷാ അഫ്രീദിയാണ് അവസാനക്കാരന്‍. പാകിസ്താന്‍ ഇടം കൈയന്‍ പേസറായ ഷഹിന്‍ ഇന്ത്യക്കെതിരേ മികച്ച റെക്കോഡുള്ള താരങ്ങളിലൊരാളാണ്.
ഇന്ത്യയെ തോല്‍പ്പിക്കാനുള്ള ലോക 11
രചിന്‍ രവീന്ദ്ര, ട്രാവിസ് ഹെഡ്, മുഹമ്മദ് റിസ്വാന്‍, കെയ്ന്‍ വില്യംസണ്‍, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, മിച്ചല്‍ സാന്റ്‌നര്‍, ആദം സാംബ, പാറ്റ് കമ്മിന്‍സ് (c), മിച്ചല്‍ സ്റ്റാര്‍ക്ക്, ഷഹിന്‍ ഷാ അഫ്രീദി