പിയൂഷ് ചൗള (6.75 കോടി- ചെന്നൈ സൂപ്പര്‍ കിങ്സ്)
കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു വെറ്ററന്‍ സ്പിന്നര്‍ പിയൂഷ് ചൗള. എന്നാല്‍ കഴിഞ്ഞ സീസണിനു ശേഷം കെകെആര്‍ ഒഴിവാക്കിയ ചൗളയ്ക്കു ലേലത്തില്‍ പൊന്നും വില ലഭിച്ചു. വെറ്ററന്‍ താരങ്ങളെ ടീമിലേക്കു കൊണ്ടു വരുന്ന പതിവ് ചെന്നൈ സൂപ്പര്‍ കിങ്സ് ആവര്‍ത്തിച്ചപ്പോള്‍ 6.75 കോടി രൂപയാണ് ലേലത്തില്‍ സ്പിന്നര്‍ക്കു ലഭിച്ചത്. ഒരു കോടിയായിരുന്നു താരത്തിന്റെ അടിസ്ഥാനവില.
കെകെആറിനൊപ്പം മികച്ച പ്രകകടനങ്ങള് നടത്തിയിട്ടുള്ള ചൗളയ്ക്കു ഈ സീസണില്‍ ഹര്ഭജന് സിങിന്റെ അഭാവത്തില്‍ സിഎസ്കെയില്‍ കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും.
ഷിംറോണ്‍ ഹെറ്റ്മെയര്‍ (7.75 കോടി, ഡല്‍ഹി ക്യാപ്പിറ്റല്‍സ്)
ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിലൂടെ അരങ്ങേങിയ താരമാണ് വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്സ്മാന് ഷിംറോണ്‍ ഹെറ്റ്മെയര്‍. പക്ഷെ സീസണില്‍ താരം വന്‍ ഫ്ളോപ്പായി മാറി. ഇതേ തുടര്‍ന്ന് ആര്‍സിബി ഹെറ്റ്മെയറെ ഒഴിവാക്കുകയും ചെയ്തു. എന്നാല്‍ ഈ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് 7.75 കോടി രൂപ നല്കി താരത്തെ സ്വന്തമാക്കി. ഹെറ്റ്മെയറുടെ അടിസ്ഥാന വില 50 ലക്ഷമായിരുന്നു.
കഴിഞ്ഞ ഐപിഎല്ലില്‍ ഫ്ളോപ്പായെങ്കിലും കരീബിയന്‍ പ്രീമിയര്‍ ലീഗുള്‍പ്പെടെയുള്ള ടൂര്‍ണമെന്റുകളില്‍ ഹെറ്റ്മെയര്‍ മിന്നിയിരുന്നു. ഇതാവാം ഡല്‍ഹിയെ ഇത്രയും വവലിയ തുക ചെലവഴിക്കാന്‍ പ്രേരിപ്പിച്ചിരിക്കുക.
ക്രിസ് മോറിസ് (10 കോടി, ആര്‍സിബി)
ഐപിഎല്‍ ലേലത്തില്‍ ലോട്ടറിയടിച്ച താരമാണ് ദക്ഷിണാഫ്രിക്കയുടെ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ്. കഴിഞ്ഞ സീസണിനു ശേഷം ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഒഴിവാക്കിയ മോറിസിനെ 10 കോടി രൂപ നല്‍കിയാണ് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ വാങ്ങിയത്.
1.5 കോടി രൂപ മാത്രമായിരുന്നു താരത്തിന്റെ അടിസ്ഥാന വില. ആര്‍സിബി നടത്തിയത് യഥാര്‍ഥത്തില്‍ ചൂതാട്ടമായിരുന്നോയെന്ന് ഈ സീസണില്‍ മോറിസിന്റെ പ്രകടനം തെളിയിക്കും. പരിചയസമ്പന്നനായ താരമാണ് അദ്ദേഹമെങ്കിലും ഓള്‍റൗണ്ടറെന്ന നിലയില്‍ അത്ര വലിയ മാച്ച് വിന്നറല്ല മോറിസ്.
ഗ്ലെന്‍ മാക്സ്വെല് (10.75 കോടി, കിങ്സ് ഇലവന് പഞ്ചാബ്)
ഓസ്ട്രേലിയയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്ലിന് ഈ സീസണിലെ ലേലത്തില്‍ ലഭിച്ചത് 10.75 കോടി രൂപയായിരുന്നു. രണ്ടു കോടി മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന അദ്ദേഹത്തെ 10.75 കോടിക്കാണ് പഞ്ചാബ് സ്വന്തമാക്കിയത്.
അടിസ്ഥാനവിലയേക്കാള്‍ അഞ്ചു മടങ്ങിലധികം കൂടുതലാണിത്. നേരത്തേ നാലു സീസണുകളില്‍ മാക്സ്വെല് പഞ്ചാബിനായി കളിച്ചിട്ടുണ്ട്. പിന്നീട് ടീമില്‍ നിന്നൊഴിവാക്കപ്പെട്ട അദ്ദേഹം 2018ല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിലെത്തി. എന്നാല്‍ സീസണിനു ശേഷം മാക്സ്വെല്ലിനെ ഡല്‍ഹി ഒഴിവാക്കുകയായിരുന്നു. ഈ സീസണില്‍ വലിയ പ്രതീക്ഷയുമായാണ് മാക്സ്വെല് തന്റെ മുന്‍ ടീമിനായി ഇറങ്ങുന്നത്.
പാറ്റ് കമ്മിന്‍സ് (15.5 കോടി, കെകെആര്‍)
ഇത്തവണത്തെ ലേലത്തില്‍ ഏറ്റവുമുയര്‍ന്ന തുക ലഭിച്ചത് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സിനായിരുന്നു. അടിസ്ഥാന വിലയേക്കാള്‍ എട്ടു മടങ്ങ് കൂടുതല്‍ തുകയാണ് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് താരത്തിനായി വാരിയെറിഞ്ഞത്. രണ്ടു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന കമ്മിന്‍സിനെ കെകെആര്‍ സ്വന്തമാക്കിയത് 15.5 കോടി രൂപയ്ക്കാണ്.
കെകെആര്‍ ടീമിന്റെ ബൗളിങ് ആക്രമണത്തിന് ഈ സീസണില്‍ ചുക്കാന്‍ പിടിക്കുക കമ്മിന്‍സായിരിക്കും. കമ്മിന്‍സിന്റെ ഓരോ സ്പെല്ലിനും ലക്ഷങ്ങള്‍ തന്നെ വിലയുണ്ടായിരിക്കും. അതുകൊണ്ടു തന്നെ തിളങ്ങാനായില്ലെങ്കില്‍ വലിയ വിമര്‍ശനങ്ങള്‍ തന്നെ പേസര്‍ക്കു ഏറ്റവാങ്ങേണ്ടിവരും.