Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആളുകള്‍ കൂവും, പക്ഷെ ഇക്കാര്യം ശ്രദ്ധിക്കുക — റിഷഭ് പന്തിനോട് പാര്‍ത്ഥിവ് പട്ടേല്‍

കൊല്‍ക്കത്ത: വര്‍ഷം 2002. വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനം. ഈഡന്‍ ഗാര്‍ഡന്‍സിലെ മൂന്നാം ടെസ്റ്റിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങള്‍ മുഴുവന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ത്ഥിവ് പട്ടേലിനെ കുറിച്ചായിരുന്നു. വിന്‍ഡീസിന് മുന്നില്‍ കൂപ്പുകുത്താതെ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് പിടിച്ചുനിര്‍ത്തിയ 17 -കാരന്‍. അന്നത്തെ ടെസ്റ്റ് സമനിലയില്‍ കൊണ്ടുവന്നതില്‍ പാര്‍ത്ഥിവ് പട്ടേലിന് നിര്‍ണായക പങ്കുണ്ട്. പരാജയഭീതി അതിജീവിച്ച് ആദ്യ ഇന്നിങ്‌സില്‍ 47 റണ്‍സും (89 പന്തില്‍) രണ്ടാം ഇന്നിങ്‌സില്‍ 27 റണ്‍സുമെടുക്കാന്‍ (94 പന്തില്‍) ബാല്യം വിട്ടുമാറാത്ത പാര്‍ത്ഥിവിനായി.

17 -കാരൻ

എന്തായാലും പാര്‍ത്ഥിവിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കെല്ലാം നായകന്‍ ഗാംഗുലി ഒറ്റവാക്കില്‍ മറുപടി നല്‍കി — അതുല്യ പ്രതിഭ.18 വര്‍ഷം മുന്‍പ് 17 ആം വയസ്സിലാണ് പാര്‍ത്ഥിവ് പട്ടേല്‍ ഇന്ത്യയ്ക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്നത്. നയന്‍ മോംഗിയക്ക് ശേഷം ആരെന്ന ചോദ്യത്തിന് പാര്‍ത്ഥിവ് ഉത്തരമായി മുഴങ്ങി ഈ കാലഘട്ടത്തില്‍. പക്ഷെ സ്ഥിരതയില്ലായ്മ പാര്‍ത്ഥിവിന് വിനയായി.

പന്തുമായി സാമ്യം

ഒപ്പം 21 ആം നൂറ്റാണ്ടിലെ വിക്കറ്റ് കീപ്പിങ് ശൈലിക്ക് ഓസ്‌ട്രേലിയക്കാരന്‍ ആദം ഗില്‍ക്രിസ്റ്റ് പുതുനിര്‍വചനം നല്‍കിയതും പാര്‍ത്ഥിവ് പട്ടേലിന്റെ നിറംകെടുത്തി. ബാറ്റിങ്ങായിരുന്നില്ല പാര്‍ത്ഥിവിന് പ്രശ്‌നം. കീപ്പിങ്ങില്‍ മികവ് പുലര്‍ത്തിയിരുന്നെങ്കില്‍ ഇന്ത്യന്‍ ടീമില്‍ ഇദ്ദേഹം സ്ഥാനം ഉറപ്പിക്കുമായിരുന്നു. എന്തായാലും 18 വര്‍ഷങ്ങള്‍ക്കിപ്പുറം രഞ്ജി ട്രോഫിയില്‍ ഗുജറാത്തിന്റെ നായകനാണ് 34 -കാരന്‍ പാര്‍ത്ഥിവ് പട്ടേല്‍. ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ കണ്ണെത്തിക്കുമ്പോള്‍ റിഷഭ് പന്തിനെ സ്വന്തം പ്രതിബിംബമായാണ് ഇദ്ദേഹം കാണുന്നത്. താനുമായി പന്തിന് ഒട്ടേറെ സാമ്യതകളുണ്ടെന്നും പാര്‍ത്ഥിവ് ചൂണ്ടിക്കാട്ടുന്നു.

ചെവികൊടുക്കാതിരിക്കുക

നിലവില്‍ ഒട്ടേറെ പ്രതിസന്ധികള്‍ റിഷഭ് പന്തിന് മുന്നിലുണ്ട്. പുറമെ നിന്നുള്ള വിമര്‍ശനങ്ങളാണ് ഇതില്‍ ഏറ്റവും പ്രധാനം. ചെറു പ്രായത്തില്‍ ഇന്ത്യയ്ക്കായി കളിക്കുമ്പോള്‍ വിമര്‍ശനങ്ങള്‍ ഉയരും. ചെറിയ തെറ്റുകള്‍പ്പോലും ഭൂതക്കണ്ണാടിയിലൂടെ വീക്ഷിക്കപ്പെടും. എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് ചെവികൊടുക്കാതിരിക്കാന്‍ പന്ത് ശ്രദ്ധിക്കണം. പുറമെ നിന്നുള്ള അഭിപ്രായങ്ങളും മുഖവിലയ്ക്ക് എടുക്കാതിരിക്കുക — പാർത്ഥിവ് പട്ടേൽ വ്യക്തമാക്കി.

സ്വതസിദ്ധമായി കളിക്കുക

റിഷഭ് പന്തിന് സെലക്ടര്‍മാരുടെയും ടീം മാനേജ്‌മെന്റിന്റെയും പിന്തുണയുണ്ട്. സ്വതസിദ്ധമായ ശൈലിയില്‍ കളിക്കുന്നതിനെ കുറിച്ച് മാത്രമാകണം ഈ അവസരത്തില്‍ റിഷഭ് പന്തിന്റെ ചിന്ത. ധോണിയെ പോലൊരു ഇതിഹാസ താരത്തിന് പകരം കളിക്കുമ്പോള്‍ ആളുകള്‍ അമിത പ്രതീക്ഷ പുലര്‍ത്തും. ക്രീസില്‍ സംഭവിക്കുന്ന ഓരോ പിഴവും ഇവര്‍ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. പക്ഷെ കൂവലുകള്‍ക്ക് ചെവികൊടുക്കരുത്. ആത്മവിശ്വാസം കൈവെടിയാതെ തുടര്‍ന്നും കളിക്കണമെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍ത്ഥിവ് പട്ടേല്‍ പറഞ്ഞു.

അവസരങ്ങളേറെ

'ഞാന്‍ കളിക്കാന്‍ തുടങ്ങിയ കാലത്ത് ഐപിഎല്‍ പോലുള്ള ടൂര്‍ണ്ണമെന്റുകളില്ലായിരുന്നു. എന്നാല്‍ ഇന്നത്തെ യുവതാരങ്ങള്‍ക്ക് ഈ സൗകര്യമുണ്ട്. ലോക ക്രിക്കറ്റിലെ വലിയ പേരുകള്‍ക്കൊപ്പം ഇവര്‍ കളിക്കുന്നു. രാജ്യാന്തര ക്രിക്കറ്റിലെത്തും മുന്‍പുതന്നെ അതിസമ്മര്‍ദ്ദം നിറഞ്ഞ സാഹചര്യങ്ങളില്‍ കളിച്ച് പരിചയസമ്പത്തും കൈവരിക്കുന്നു', ഗുജറാത്ത് നായകന്‍ മനസ്സുതുറന്നു.

Most Read: പതിറ്റാണ്ടില്‍ ഇന്ത്യ നടത്തിയ പരീക്ഷണങ്ങള്‍... ഇവ വന്‍ വിജയം, കൂട്ടത്തില്‍ കോലിയും ഹിറ്റ്മാനും

ധോണി യുഗം

മിന്നും ഫോമിന് ശേഷമുള്ള മോശം കാലം ഏതു കളിക്കാരനും ഭവിക്കും. ഈ അവസരത്തില്‍ നാലുപാടു നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നത് സ്വാഭാവികമാണ്. പക്ഷെ വിമര്‍ശനങ്ങള്‍ ഒരിക്കലും കളിയെ ബാധിക്കരുതെന്ന് പാര്‍ത്ഥിവ് പട്ടേല്‍ ഓര്‍മ്മപ്പെടുത്തി. 2004 -ലാണ് പാര്‍ത്ഥിവ് പട്ടേലിന് ഇന്ത്യന്‍ ടീമില്‍ സ്ഥാനം നഷ്ടമാവുന്നത്. ആദ്യം മെച്ചപ്പെട്ട ബാറ്റിങ്ങും കീപ്പിങ്ങും കാഴ്ച്ചവെച്ച് ദിനേശ് കാര്‍ത്തിക് വിക്കറ്റ് കീപ്പര്‍ റോള്‍ കയ്യേറി. ശേഷം മഹേന്ദ്ര സിങ് ധോണി ഇന്ത്യയ്ക്കായി ഗ്ലൗസണിഞ്ഞു. ധോണിയുടെ വരവോടെ ഇന്ത്യയുടെ വിക്കറ്റ് കീപ്പറെന്ന തസ്തിക ഒരു ദശാബ്ദത്തോളം അടഞ്ഞു കിടന്നു.

പ്രതിയോഗികളില്ല

എന്തായാലും പുതിയ കാലഘട്ടത്തില്‍ ഇന്ത്യന്‍ ടീമില്‍ റിഷഭ് പന്തിന് പ്രതിയോഗികളില്ലെന്നതാണ് പാര്‍ത്ഥിവ് പട്ടേല്‍ വിരല്‍ച്ചൂണ്ടുന്ന പ്രധാന ആനുകൂല്യം. തന്റെ കാലത്ത് ധോണിയെ മറികടന്ന് കീപ്പറാവുക അസാധ്യമായിരുന്നു. എന്നാല്‍ പന്തിനെ സംബന്ധിച്ച് ഈ പ്രതിസന്ധിയില്ല. പന്തിന് പകരക്കാരനായി സഞ്ജു സാംസണിന്റെ പേര് ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കിലും കീപ്പിങ്ങില്‍ സഞ്ജു ഇനിയും മെച്ചപ്പെടണമെന്നാണ് പരക്കെയുള്ള അഭിപ്രായമെന്ന് പാര്‍ത്ഥിവ് പട്ടേല്‍ സൂചിപ്പിച്ചു.

Story first published: Friday, January 3, 2020, 11:09 [IST]
Other articles published on Jan 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+