സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. ആദ്യ ഇന്നിങ്‌സില്‍ 36 റണ്‍സ് നേടിയതോടെയാണ് മറ്റൊരു ക്രിക്കറ്റര്‍ക്കും ഓസ്‌ട്രേലിയന്‍ മണ്ണില്‍ അവകാശപ്പെടാനില്ലാത്ത നേട്ടത്തിന് താരം അര്‍ഹനായത്. ഓസ്‌ട്രേലിയയില്‍ തുടര്‍ച്ചയായ ഒമ്പത് ഇന്നിങ്‌സുകളില്‍ 25ന് മുകളില്‍ സ്‌കോര്‍ ചെയ്ത ആദ്യ വിദേശ താരമായി പന്ത് മാറിയിരിക്കുകയാണ്. 25, 28, 36, 30, 39, 33, 159*, 29, 36 എന്നിങ്ങനെയാണ് ഓസ്‌ട്രേലിയില്‍ അദ്ദേഹത്തിന്റെ ഇതുവരെയുള്ള ടെസ്റ്റ് പ്രകടനം.

ഈ ഇന്നിങ്‌സിനു മുമ്പ് വെസ്റ്റ് ഇന്‍ഡീസ് മുന്‍ ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ്, ഇംഗ്ലണ്ടിന്റെ വാലി ഹാമണ്ട്, ഇന്ത്യയുടെ റുസി സുര്‍തി എന്നിവര്‍ക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയായിരുന്നു പന്ത്. സിഡ്‌നിയിലെ ഇന്നിങ്‌സോടെ അദ്ദേഹം ഈ മൂന്നു പേരെയും പിന്തള്ളി പുതിയ റെക്കോര്‍ഡ് തന്റെ പേരിലാക്കുകയായിരുന്നു.
സിഡ്‌നിയില്‍ ആദ്യ ഇന്നിങ്‌സിലെ ബാറ്റിങിനിടെ മറ്റൊരു നാഴികക്കല്ല് കൂടി പന്തിനെ തേടിയെത്തിയിരുന്നു. ഓസ്‌ട്രേലിയയില്‍ 400 റണ്‍സ് താരം പൂര്‍ത്തിയാക്കിയിരുന്നു. 58 എന്ന മികച്ച ശരാശരിയിലായിരുന്നു ഇത്. ഓസ്‌ട്രേലിയയില്‍ ഒരു ടെസ്റ്റ് സെഞ്ച്വറിയാണ് പന്ത് നേടിയിട്ടുള്ളത്. 2019ല്‍ സിഡ്‌നി ടെസ്റ്റില്‍ തന്നെയായിരുന്നു ഇത്. അന്നു പന്ത് പുറത്താവാതെ 159 റണ്‍സ് അടിച്ചെടുത്തിരുന്നു.
സിഡ്‌നി ടെസ്റ്റില്‍ ബാറ്റിങിനിടെ പന്തിന് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്നു ഓസ്‌ട്രേലിയയുടെ രണ്ടാമിന്നിങ്‌സില്‍ താരത്തിനു വിക്കറ്റ് കീപ്പിങിനു ഇറങ്ങാനുമായില്ല. പകരം വൃധിമാന്‍ സാഹയായിരുന്നു വിക്കറ്റ് കാത്തത്. ഇടതു കൈമുട്ടിന് പരിക്കേറ്റ പന്തിനെ സ്‌കാനിങിനു വിധേയനാക്കുമെന്ന് ബിസിസിഐ അറിയിച്ചു. രണ്ടാമിന്നിങ്‌സില്‍ ഇന്ത്യക്കു വേണ്ടി താരം ബാറ്റ് ചെയ്യാനിറങ്ങുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്‌മെന്റ്.
അതേസമയം, ബാറ്റിങില്‍ റെക്കോര്‍ഡിട്ട പന്തിന് ആദ്യ ഇന്നിങ്‌സില്‍ വിക്കറ്റ് കീപ്പിങിനിടെ ചില പിഴവുകള്‍ സംഭവിച്ചിരുന്നു. ഇതേ തുടര്‍ന്നു ഏറെ വിമര്‍ശനങ്ങളും താരം ഏറ്റുവാങ്ങിയിരുന്നു. ഓസീസ് ഓപ്പണര്‍ വില്‍ പ്യുകോസ്‌കിയുടെ രണ്ടു സിംപിള്‍ ക്യാച്ചുകളാണ് പന്ത് നഷ്ടപ്പെടുത്തിയത്. അരങ്ങേറ്റത്തിനു ശേഷം പന്തിനോളം ക്യാച്ചുകള്‍ പാഴാക്കിയ മറ്റൊരു കീപ്പറില്ലെന്നു മുന്‍ ഓസീസ് ഇതിഹാസം റിക്കി പോണ്ടിങ് വിമര്‍ശിച്ചിരുന്നു. ഐപില്ലില്‍ പോണ്ടിങ് പരിശീലിപ്പിക്കുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിന്റെ താരം കൂടിയാണ് പന്ത്.