സ്വന്തം നാട്ടില്‍ നടന്ന ഐസിസി ചാപ്യന്‍സ് ട്രോഫിയില്‍ നേരിട്ട ദുരന്തത്തിന്റെ മുറിവുണങ്ങും മുമ്പ് പാകിസ്താന്‍ വീണ്ടും ലോകത്തിനു മുന്നില്‍ നാണംകെട്ടിരിക്കുകയാണ്. ഇംഗ്ലണ്ടില്‍ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഫ്രാഞ്ചൈസി ലീഗായ ഗി ഹണ്ട്രഡിന്റെ ഡ്രാഫ്റ്റില്‍ പാകിസ്താനില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കളിക്കാരും അണ്‍സോള്‍ഡായി മാറിയിരിക്കുകയാണ്.
ചില സൂപ്പര്‍ താരരങ്ങളടക്കം പാകിസ്താനില്‍ നിന്നും ആകെ 45 കളിക്കാരാണ് ടൂര്‍ണമെന്റിനായി രജിസ്റ്റര്‍ ചെയ്തിരുന്നത്. പക്ഷെ ഒരു താരത്തെപ്പോലും വാങ്ങാന്‍ ഒരു ഫ്രാഞ്ചൈസിയും താല്‍പ്പര്യം കാണിച്ചില്ല. പേസര്‍ നസീ ഷാ, പുതിയ ബാറ്റിങ് താരോദയം സയീ അയൂബടക്കമുള്ള പാക് താരങ്ങള്‍ ദി ഹണ്ട്രഡില്‍ നറുക്കുവീഴുമെന്ന പ്രതീക്ഷയിലായിരുന്നു.
ദി ഹണ്ട്രഡില്‍ നിന്നുണ്ടായ ഈ അവഗണ പാകിസ്താന്‍ ക്രിക്കറ്റ് ആരാധകരെ ശരിക്കും പ്രകോപിപ്പിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ അവര്‍ ആഞ്ഞടിക്കുകയും ചെയ്തിട്ടുണ്ട്. പാകിസ്താനെ പൂര്‍ണമായും ഒതുക്കിയതിനു പിന്നില്‍ ഇന്ത്യയാണെന്നും അവര്‍ ആരോപിക്കുന്നു. ഇതിന്റെ പ്രധാന കാരണവും പാക് ഫാന്‍സ് ചൂണ്ടിക്കാണിക്കുന്നു.

എല്ലാം ഇന്ത്യയുടെ കളി
ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെതിരേ കരുക്കള്‍ നീക്കിയ ഇന്ത്യ ഇപ്പോള്‍ വീണ്ടും തങ്ങളെ വേട്ടയാടുകയാണെന്നാണ് പാക് ആരാധകരുടെ ആരോപണം.
ചാംപ്യന്‍സ് ട്രോഫിയില്‍ ഐസിസിയില്‍ നിന്നും ഇന്ത്യക്കു വഴിവിട്ട സഹായങ്ങള്‍ ലഭിച്ചിട്ടുണ്ട്. ദുബായില്‍ തന്നെ മുഴുവന്‍ മല്‍സരങ്ങളും ജയിച്ചതു കൊണ്ടു മാത്രമാണ് ഇന്ത്യക്കു കിരീടം നേടാനായത്. അതിനു ശേഷം ഫൈനലിനു പിസിബി അധികൃതരെ ഐസിസി ക്ഷണിക്കാതിരുന്നതിനു പിന്നിലും ഇന്ത്യയാണ്. ഇപ്പോള്‍ ദി ഹണ്ട്രഡില്‍ പാകിസ്താന്റെ മുഴുവന്‍ കളിക്കാരും അണ്‍സോള്‍ഡായതിനു പിന്നിലും ഇന്ത്യയാണെന്നും പാക് ഫാന്‍സ് ചൂണ്ടിക്കാട്ടുന്നു.
ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലില്‍ നിന്നും പാകിസ്താന്‍ താരങ്ങളെ നേരത്തേ തന്നെ ഇന്ത്യ പൂര്‍ണമായി വിലക്കിയിരിക്കുകയാണ്. ഇപ്പോഴിതാ ഇംഗ്ലണ്ടില്‍ നടക്കുന്ന ദി ഹണ്ട്രഡിലും പാകിസ്താന്‍ താരങ്ങള്‍ക്കു വലിയ അവഗണനയാണ് നേരിട്ടത്. ഇതില്‍ ഇന്ത്യക്കു പങ്കുണ്ട്. കാരണം ഈ ടൂര്‍ണമെന്റിസെ പല ഫ്രാഞ്ചൈസികളിലും ഐപിഎല്ലിലെ ചില ചീമുകള്‍ക്കു പങ്കാളിത്തമുണ്ടെന്നും പാകിസ്താന്‍ ആരാധകര്‍ കുറിക്കുന്നു.
ദി ഹണ്ട്രഡിനെയും ഐപിഎല്ലാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഇന്ത്യ. അതിന്റെ ഭാഗമായിട്ടാണ് പാകിസ്താന്‍ ക്രിക്കറ്റ് താരങളെ ഈ തരത്തില്‍ പൂര്‍ണമായി അവഗണിച്ചിട്ടുള്ളത്. 45 കളിക്കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടും ഒരാളെ പോലും ഫ്രാഞ്ചൈസികള്‍ വാങ്ങാതിരുന്നതില്‍ ദുരൂഹതയുണ്ട്. ഇവിടെയുള്ള ടീമുകളില്‍ പങ്കാളിത്തമുള്ള ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടെന്നു വ്യക്തമാണെനന്നും പാകിസ്താന്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുകയാണ്.
ശരിക്കും ഐപിഎല്‍ ബന്ധമോ ?
ദി ഹണ്ട്രഡില്‍ എട്ടു,ടീമുകളാണ് മാറ്റുരയ്ക്കുന്നത്. അതില്‍ നാലു ടീമുകളിലും ഐപിഎല്ലില്‍ നിന്നുള്ള ഫ്രാഞ്ചൈസികള്‍ക്കു പങ്കാളിത്തമുണ്ടെന്നതാണ് സത്യം. മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവയാണ് ഈ നാലു ടീമുകള്‍.

ഓവല്‍ ഇന്‍വിസിബിള്‍സ് എന്ന ഫ്രാഞ്ചൈസിയുടെ 49 ശതാനം ഓഹരി മുംബൈ ഇന്ത്യന്‍ സ്വന്തമാക്കിയിരുന്നു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഉടമകളായ സഞ്ജീവ് ഗോയെങ്കയുടെ ആര്‍പിഎസ്ജി ഗ്രൂപ്പിനാവട്ടെ മാഞ്ചസ്റ്റര്‍ ഒറിജിനല്‍സ് ടീമില്‍ 70 ശതാനം ഓഹരികളും കൈക്കലാക്കിയിരുന്നു.
നോര്‍ത്തേണ്‍ സൂപ്പര്‍ചാര്‍ജേഴ്‌സെന്ന ടീമിന്റെ 100 ശതമാനം ഉടമസ്ഥാവകാശവും കാവ്യ മാരനു കീഴിലുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദിനാണ്. ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിന്റെ സഹ ഉടമകളായ ജിഎംആര്‍ ഗ്രൂപ്പിന് സതേണ്‍ ബ്രേവ് എന്ന ഫ്രാഞ്ചൈസിയില്‍ 49 ശതമാനം ഓഹരികളാണുള്ളത്.