കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ കോടികള്‍ പ്രതിഫലം വാങ്ങുമ്പോള്‍ പാക് താരങ്ങള്‍ക്ക് പ്രതിഫലം ലക്ഷങ്ങള്‍ മാത്രമാണെന്ന പരിഹാസത്തിന് ഒടുവില്‍ അറുതി. ഏകദിന ലോകകപ്പ് വരാനിരിക്കെ പാക് താരങ്ങളെ ഹാപ്പിയാക്കി വന്‍ ശമ്പള വര്‍ധനവ് നടപ്പിലാക്കിയിരിക്കുകയാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഇനി മുതല്‍ പാകിസ്താന്റെ എ ഗ്രേഡില്‍ ഉള്‍പ്പെടുന്ന താരങ്ങള്‍ക്ക് കോടി പ്രതിഫലം ലഭിക്കും.
പിസിബിയുടെ എ ഗ്രേഡ് വിഭാഗത്തില്‍ ഉള്‍പ്പെടുന്നത് നായകന്‍ ബാബര്‍ ആസമും വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനും പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയുമാണ്. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം 4.5 മില്യനാണ് ഇനി പാക് ടീമിലെ എ ഗ്രേഡ് താരങ്ങള്‍ക്ക് പ്രതിഫലമായി ലഭിക്കാന്‍ പോകുന്നത്. കഴിഞ്ഞ ഒരു മാസത്തോളമായി കരാറില്ലാതെയായിരുന്നു പാക് താരങ്ങള്‍ കളിച്ചിരുന്നത്. എന്നാല്‍ പുതുക്കിയ കരാര്‍ പാക് താരങ്ങള്‍ക്ക് ലോട്ടറി ആയി മാറിയിരിക്കുകയാണ്.
നിലവിലെ കരാര്‍ പ്രകാരം എ ഗ്രേഡ് താരങ്ങള്‍ക്ക് 1.5 കോടി രൂപയാണ് പ്രതിഫലമായി വര്‍ഷത്തില്‍ ലഭിക്കുക. നേരത്തെ 50 ലക്ഷമായിരുന്നു ഇവരുടെ വാര്‍ഷിക പ്രതിഫലം. പാക് ടീം മികച്ച പ്രകടനം നടത്തിയിട്ടും പ്രതിഫലത്തിന്റെ കാര്യത്തില്‍ വളരെ പിന്നിലായിരുന്നു. ഇത്തവണ ഇന്ത്യയില്‍ ഏകദിന ലോകകപ്പും പാകിസ്താന്‍ ആതിഥേയരായി ഏഷ്യാ കപ്പും നടക്കാനിരിക്കെയാണ് വലിയ പ്രതിഫലം നല്‍കി പിസിബി താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയിരിക്കുന്നത്.
രണ്ടിരട്ടിയോളം ശമ്പള വര്‍ധനവ് നടത്തി പാക് താരങ്ങളെ സന്തോഷിപ്പിക്കുന്നത് ഏകദിന ലോകകപ്പ് എന്ന വലിയ ലക്ഷ്യത്തിലേക്കെത്തുന്നതിനുവേണ്ടിയാണ്. ബാബര്‍ ആസം ലോക ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളിലൊരാളാണ്. എന്നാല്‍ അദ്ദേഹത്തിന് ലഭിക്കുന്ന പ്രതിഫലം താരതമ്യേനെ വളരെ കുറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രതിഫലത്തിന്റെ കാര്യത്തിലും ബാബര്‍ മുന്‍നിരയിലേക്ക് എത്തിയിരിക്കുകയാണ്.

പക്ഷെ ഇന്ത്യന്‍ താരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പാക് താരങ്ങള്‍ ഇപ്പോഴും ഏറെ പിന്നിലാണ്. ഇന്ത്യയുടെ എ പ്ലസ് വിഭാഗത്തില്‍ ഉള്‍പ്പെടുന്നത് രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരാണ്. ഏഴ് കോടിയാണ് നിലവില്‍ പ്രതിവര്‍ഷം ഇന്ത്യയുടെ എ പ്ലസ് വിഭാഗത്തിലുള്ളവര്‍ക്ക് ലഭിക്കുന്നത്. ഗ്രേഡ് എ വിഭാഗത്തില്‍ ഉള്ളവര്‍ക്ക് 5 കോടിയാണ് പ്രതിവര്‍ഷം ബിസിസിഐ നല്‍കുന്നത്.
ഗ്രേഡ് ബി വിഭാഗക്കാര്‍ക്ക് 3 കോടിയും സി വിഭാഗക്കാര്‍ക്ക് ഒരു കോടിയും ലഭിക്കും. ബിസിസിഐ ആസ്തിയുടെ കാര്യത്തില്‍ പിസിബിയെക്കാള്‍ വളരെ മുന്നിലാണ്. ഐപിഎല്ലിലൂടെത്തന്നെ കോടികളുടെ വരുമാനം ബിസിസിഐക്കുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുമായി കരാറുണ്ടാക്കാനും ഇന്ത്യന്‍ ടീമിന്റെ സ്‌പോണ്‍സറാവാനും പ്രമുഖ ബ്രാന്റുകള്‍ തമ്മില്‍ മത്സരമാണ്. എന്നാല്‍ പാക് ടീമിന് സ്‌പോണ്‍സര്‍മാരെ കിട്ടുക പോലും പ്രയാസമാണ്.
ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കോലിയുടെ ആസ്തി 1000 കോടി രൂപ പിന്നിട്ടിരിക്കുകയാണ്. എന്നാല്‍ ബാബര്‍ ആസമിന്റെ ആസ്തി 100 കോടി പോലും ഇല്ല. ഇന്ത്യയുടെ ഒട്ടുമിക്ക താരങ്ങള്‍ക്കും 50 കോടിക്ക് മുകളില്‍ ആസ്തിയുണ്ട്. എന്നാല്‍ പാക് താരങ്ങളില്‍ പലര്‍ക്കും ഇതിന്റെ പകുതിപോലും ആസ്തിയില്ല. അത്രത്തോളം വലിയ വ്യത്യാസം ഇരു ടീമിന്റെയും പ്രതിഫലത്തിലുണ്ട്. ഐസിസിയിലേക്ക് കൂടുതല്‍ പണം നല്‍കുന്ന ക്രിക്കറ്റ് ബോര്‍ഡുകളിലൊന്നാണ് ബിസിസിഐ.
ഇത്തവണത്തെ ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും പാകിസ്താന് കപ്പിലേക്കെത്താനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. ഏഷ്യാ കപ്പിന്റെ ആതിഥേയര്‍ പാകിസ്താനാണെങ്കിലും ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കുന്നത് ശ്രീലങ്കയിലാണ്. പാകിസ്താനില്‍ കളിക്കാന്‍ ഇന്ത്യ തയ്യാറല്ലെന്ന നിലപാടെടുത്തതോടെയാണ് മത്സരത്തിന്റെ വേദി ശ്രീലങ്കയിലേക്കാക്കിയത്. എന്നാല്‍ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് കളിക്കാന്‍ പാക് ടീം ഇന്ത്യയിലേക്ക് വരും.