പാകിസ്താന്‍ – ശ്രീലങ്ക ആദ്യ ഏകദിനം മഴയില്‍ ഒലിച്ചു, പിന്നാലെ രസികന്‍ ട്വീറ്റുമായി ഐസിസി
കറാച്ചി: നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ പാക് മണ്ണിലേക്ക് തിരിച്ചെത്തുന്നത്. പാകിസ്താന്‍ - ശ്രീലങ്ക ഏകദിന പരമ്പരയ്ക്ക് വെള്ളിയാഴ്ച്ച തുടക്കമായി. പക്ഷെ കോരിച്ചൊരിയുന്ന മഴ കളി മുടക്കിയപ്പോള്‍ കറാച്ചി നാഷണല്‍ സ്‌റ്റേഡിയത്തില്‍ നിശ്ചയിച്ച ആദ്യ ഏകദിനം ഇന്നലെ പൂര്‍ണമായി ഉപേക്ഷിച്ചു. കടുത്ത സുരക്ഷാ വലയത്തിലാണ് ഇരു ടീമുകളും വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് സ്റ്റേഡിയത്തിലെത്തിയത്.

ഈ സമയത്തുതന്നെ മഴ ശക്തി പ്രാപിച്ചിരുന്നു. ഇരു സംഘവും കുറെ കാത്തു. മഴ വിട്ടുമാറില്ലെന്ന സ്ഥിരീകരണം ലഭിച്ചതോടെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ പ്രഖ്യാപിച്ചു, ആദ്യ ഏകദിനം ഉപേക്ഷിച്ചെന്ന്. പിന്നാലെ ഒരു കാര്യം കൂടി ഐസിസി കൂട്ടിച്ചേര്‍ത്തു — മഴ കാരണം ഞായറാഴ്ച്ചത്തെ പാകിസ്താന്‍ – ശ്രീലങ്ക രണ്ടാം ഏകദിനവും മാറ്റി. ഞായറാഴ്ച്ചത്തെ മത്സരം തിങ്കളാഴ്ച്ച (സെപ്തംബര്‍ 30) നടക്കും.

എന്തായാലും സംഭവം രസകരമായാണ് ക്രിക്കറ്റ് കൗണ്‍സില്‍ പങ്കുവെച്ചത്. മഴ കാരണം രണ്ടു ദിവസം മുന്‍പേ കളി മാറ്റി വെച്ചതായി എപ്പോഴെങ്കിലും കേട്ടറിവുണ്ടോയെന്നാണ് ഐസിസിയുടെ ചോദ്യം.
ഞായറാഴ്ച്ചത്തെ മത്സരം തിങ്കളാഴ്ച്ചത്തേക്ക് മാറ്റി വെച്ചതായി പാക് ക്രിക്കറ്റ് ബോര്‍ഡും പ്രസ്താവനയിറക്കിയിട്ടുണ്ട്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡുമായി കൂടിയാലോചിച്ചതിന് ശേഷമാണ് കളി മാറ്റാനുള്ള തീരുമാനമെന്ന് പാകിസ്താന്‍ അറിയിച്ചു.

നിലവില്‍ കനത്ത മഴയെത്തുടര്‍ന്ന് ഗ്രൗണ്ട് കുതിര്‍ന്നു കിടക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ രണ്ടു ദിവസം കഠിനമായി ശ്രമിച്ചാല്‍ മാത്രമേ ഔട്ട്ഫീല്‍ഡില്‍ കെട്ടിനില്‍ക്കുന്ന വെള്ളം ഒപ്പിയെടുക്കാനാവുകയുള്ളൂ. അപ്രതീക്ഷിതമായി പെയ്ത മഴ പരമ്പരയിലെ മത്സരക്രമം പുനഃപരിശോധിക്കാന്‍ ഇടവരുത്തിയിരിക്കുകയാണെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. കളി മാറ്റുവെയ്ക്കുന്നതില്‍ സഹകരിച്ച ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനോടും മത്സരം സംപ്രേക്ഷണം ചെയ്യുന്ന ചാനലിനോടും പാക് ബോര്‍ഡ് പ്രത്യേകം നന്ദി അറിയിച്ചു.
ടെസ്റ്റില്‍ ഇന്ത്യക്ക് മുന്നറിയിപ്പ്... രോഹിത്തിന്റെ ഓപ്പണിങ് അരങ്ങേറ്റം പാളി, പൂജ്യത്തിന് പുറത്ത്!!

മഴകാരണം മത്സരം ഉപേക്ഷിക്കേണ്ട സാഹചര്യം ഇനിയുണ്ടാവരുതെന്നാണ് പാകിസ്താന്റെ നിലപാട്. ഇതിനായി ആവശ്യമെങ്കില്‍ മത്സരക്രമം പുനഃപരിശോധിക്കാന്‍ പിസിബി നടപടിയെടുക്കും. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തിലാണ് ഏകദിന പരമ്പരയിലെ മൂന്നു മത്സരങ്ങളും നിശ്ചയിച്ചിരിക്കുന്നത്. പരമ്പരയിലെ മൂന്നു ട്വന്റി-20 മത്സരങ്ങള്‍ ലാഹോറില്‍ നടക്കും. 2009 -ല്‍ ലാഹോറില്‍ വെച്ച് ശ്രീലങ്കന്‍ താരങ്ങള്‍ സഞ്ചരിച്ച ബസിന് നേരെ ആയുധധാരികള്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ പാക് മണ്ണില്‍ നിന്നും വിട്ടുപോയത്.

ക്രിക്കറ്റിനെ തിരികെ പാകിസ്താനിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ പാകിസ്താന്‍ - ശ്രീലങ്ക പരമ്പര. 2015 -ല്‍ സിംബാബ്‌വേ ടീം പാക് പര്യടനം നടത്തിയിരുന്നു. രണ്ടു ട്വന്റി-20 മത്സരങ്ങളും മൂന്നു ഏകദിനങ്ങളുമാണ് പാകിസ്താനെതിരെ സിംബാബ്‌വേ കളിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications