കറാച്ചി: ലോക ക്രിക്കറ്റിലെ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട കൊമ്പുകോര്‍ക്കലുകളിലൊന്നായിരുന്നു ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും പാകിസ്താന്‍ ബൗളിങ് ഇതിഹാസം ഷുഐബ് അക്തറും തമ്മിലുള്ള ഏറ്റുമുട്ടല്‍. കരിയറില്‍ പല തവണ ഇരുവരും കളിക്കളത്തില്‍ മുഖാമുഖം വന്നിട്ടുണ്ട്. ഈ ക്ലാസിക്ക് പോരില്‍ സച്ചിന്‍ കുറച്ചു തവണ ജയം കൊയ്തപ്പോള്‍ മറ്റുള്ളവയില്‍ അക്തറായിരുന്നു കിങ്. തനിക്കെതിരേ സച്ചിന്‍ നേടിയ ഒരു സിക്‌സര്‍ ഇപ്പോഴും ഇന്ത്യക്കാര്‍ ആഘോഷിക്കുന്നതായി തുറന്നു പറഞ്ഞിരിക്കുകയാണ് അക്തര്‍.

2003ലൈ ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയനില്‍ നടന്ന ഇന്ത്യ- പാക് ത്രില്ലറിലായിരുന്നു ആരാധകരെ ആവേശത്തിലാഴ്ത്തിയ സച്ചിന്റെ സിക്‌സര്‍. അന്ന് ചീറിപ്പാഞ്ഞെത്തിയ അക്തറിനെതിരേ കണ്ണഞ്ചിപ്പിക്കുന്ന ഒരു അപ്പര്‍ കട്ടിലൂടെയാണ് സച്ചിന്‍ സിക്‌സറിലേക്കു കോരിയിട്ടത്. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നായിരുന്നു ഈ മല്‍സരത്തിലേത്. 75 പന്തില്‍ 12 ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 98 റണ്‍സാണ് സച്ചിന്‍ അന്നു അടിച്ചെടുത്തത്. ഇന്നിങ്‌സിലെ ഏക സിക്‌സറാവട്ടെ അക്തറിനെതിരേയും. അര്‍ഹമായ സെഞ്ച്വറിക്കു രണ്ടു റണ്‍സ് അകലെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്കു പിഴയ്ക്കുകയായിരുന്നു.
അക്തറിനെതതിരേയുള്ള സച്ചിന്റെ ഈ സിക്‌സര്‍ ഇന്ത്യന്‍ ആരാധകര്‍ ഇപ്പോഴും പ്രിയപ്പെട്ടതാണ്. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ആരാധകര്‍ ഇത് ആഘോഷിക്കുകയും ചെയ്തിരുന്നു. സച്ചിന്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളെന്നു അക്തര്‍ പറയുന്നു. വളരെ താഴ്മയുള്ള, മികച്ച വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം. മഹാനായ ബാറ്റ്‌സ്മാനായിരുന്നു സച്ചിന്‍. എങ്കിലും 12-13 തവണ സച്ചിനെ മല്‍സരത്തില്‍ പുറത്താക്കാന്‍ തനിക്കായിട്ടുണണ്ടെന്നും ഇന്‍സ്റ്റഗ്രാം ലൈവില്‍ അക്തര്‍ പറഞ്ഞു.
അക്തറിനെതിരേ സച്ചിന്റെ പ്രകടനം, വീഡിയോ കാണാം
സെഞ്ച്വൂറിയനില്‍ തനിക്കെതിരേ സച്ചിന്‍ സിക്‌സര്‍ നേടിയപ്പോള്‍ ഇന്ത്യക്കാരെ ആഹ്ലാദത്തിലാക്കിയിരുന്നു. അതേ സിക്‌സര്‍ അവര്‍ വീണ്ടും വീണ്ടും കാണിച്ചു കൊണ്ടിരുന്നു. ഒരൊറ്റ സിക്‌സര്‍ 1.3 ബില്ല്യണ്‍ ഇന്ത്യക്കാരെ ഇന്ത്യയും ഹാപ്പിയാക്കുമെങ്കില്‍ എല്ലാ ദിവസും താന്‍ സിക്‌സര്‍ വഴങ്ങുമായിരുന്നുവെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.
2003ലെ ലോകകപ്പില്‍ പാകിസ്താനെതിരേ അനായാസ ജയമാണ് ഇന്ത്യ നേടിയത്. ഓപ്പണര്‍ സഈദ് അന്‍വര്‍ നേടിയ (101) സെഞ്ച്വറിയുടെ മികവില്‍ ഏഴു വിക്കറ്റിന് 273 റണ്‍സാണ് പാകിസ്താന്‍ നേടിയത്. മറുപടിയില്‍ സച്ചിന്‍ കത്തിക്കയറിയപ്പോള്‍ 26 പന്തുകളും നാലു വിക്കറ്റുകളും ബാക്കി നില്‍ക്കെ ഇന്ത്യ ലക്ഷ്യത്തിലെത്തുകയും ചെയ്തു.