കറാച്ചി: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന താരമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന അദ്ദേഹം ഇപ്പോള്‍ കരിയറിലെ മികച്ച ഫോമിലുമാണ്. അതേസമയം, ലോക കണ്ട എക്കാലത്തെയും മികച്ച പേസര്‍മാരുടെ നിരയിലാണ് മുന്‍ ഇതിഹാസം ഷുഐബ് അക്തറിന്റെ സ്ഥാനം. അക്തറിന്റെ തീയുണ്ടകളേറ്റ് പിച്ചില്‍ തീപ്പൊരി പാറുന്നത് ക്രിക്കറ്റ് പ്രേമികള്‍ മുമ്പ് കണ്ടിട്ടുണ്ട്. അക്തറും കോലിയും തമ്മില്‍ കളിക്കളത്തില്‍ കൊമ്പുകോര്‍ക്കുന്നതിനെക്കുറിച്ച് പലരും ചിന്തിച്ചിട്ടുണ്ടാവും. നിര്‍ഭാഗ്യവശാല്‍ അങ്ങനൊരു മുഹൂര്‍ത്തത്തിന് സാക്ഷിയാവാന്‍ ആര്‍ക്കും സാധിച്ചില്ല.

ഇനിയൊരു പക്ഷെം കോലിക്കെതിരേ ബൗള്‍ ചെയ്യാന്‍ തനിക്കായിരുന്നെങ്കില്‍ അദ്ദേഹത്തെ എങ്ങനെ ഔട്ടാക്കണമെന്ന് തനിക്കറിയാമെന്ന് അക്തര്‍ വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാം ലൈവ് വീഡിയോയില്‍ സംസാരിക്കവെയാണ് കോലിയെ വീഴ്ത്താനുള്ള തന്ത്രം തന്റെ പക്കലുണ്ടെന്നു റാവല്‍പിണ്ടി എക്‌സ്പ്രസ് വെളിപ്പെടുത്തിയത്.
കോലിക്കെതിരേ ബൗള്‍ ചെയ്യാന്‍ അവസരം ലഭിച്ചാല്‍ താന്‍ ചെയ്യുക ഇങ്ങനെയായിരിക്കും. ക്രീസില്‍ നിന്നും കുറച്ചു വൈഡായി ബൗള്‍ ചെയ്ത്, പന്ത് ഓഫ് സ്റ്റംപിന് പുറത്തേക്ക് പോവുന്ന തരത്തില്‍ കോലിയെക്കൊണ്ട് ഡ്രൈവ് ചെയ്യിപ്പിക്കാന്‍ പ്രേരിപ്പിച്ച് പുറത്താക്കും. ഈ തന്ത്രം വിജയച്ചില്ലെങ്കില്‍ മറ്റൊന്നായിരിക്കും പരീക്ഷിക്കുക. 150 കിമി വേഗത്തില്‍ കോലിക്കെതിരേ ബൗള്‍ ചെയ്യും. അതില്‍ തീര്‍ച്ചയായും അദ്ദേഹം പുറത്താവുമെന്നും അക്തര്‍ വ്യക്തമാക്കി.

പാകിസ്താനു വേണ്ടി 46 ടെസ്റ്റുകളില്‍ നിന്നും 25.69 ശരാശരിയില്‍ 178 വിക്കറ്റുകളും 163 ഏകദിനങ്ങളില്‍ നിന്നും 247 വിക്കറ്റുകളും അക്തര്‍ നേടിയിട്ടുണ്ട്. അക്കാലത്ത് ലോക ക്രിക്കറ്റിലെ എല്ലാ ബാറ്റ്‌സ്മാന്‍മാരും ഒരുപോലെ ഭയപ്പെട്ടിരുന്നത് അക്തറിന്റെ ഓവറിനെയായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ, റിക്കി പോണ്ടിങ് എന്നീ ഇതിഹാസ ബാറ്റ്‌സ്മാന്‍മാരും അക്തറും തമ്മിലുള്ള പോരാട്ടം അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതേസമയം, ഇന്ത്യയുടെ അടുത്ത ബാറ്റിങ് ഇതിഹാസമെന്ന നിലയിലേക്കു അതിവേഗം വളരുകയാണ് കോലി. നിലവില്‍ ഏകദിന റാങ്കിങില്‍ നമ്പര്‍ വണ്‍ സ്ഥാനത്തുള്ള അദ്ദേഹം ടെസ്റ്റില്‍ രണ്ടാമതുമുണ്ട്. ഏകദിനത്തില്‍ 44ഉം ടെസ്റ്റില്‍ 27ഉം സെഞ്ച്വറികള്‍ കോലി ഇതിനകം അടിച്ചുകൂട്ടിക്കഴിഞ്ഞു.