Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആദ്യ പരിശോധനയില്‍ കൊവിഡ്, വീണ്ടും പരിശോധന നടത്തിയപ്പോള്‍ നെഗറ്റീവ്! ഹഫീസിന് ആശ്വാസം

ലാഹോര്‍: പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിച്ച കൊവിഡ് പരിശോധനയില്‍ രോഗം സ്ഥിരീകരിച്ച മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ മുഹമ്മദ് ഹഫീസ് വീണ്ടും പരിശോധനയ്ക്കു വിധേയനായപ്പോള്‍ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തി. ഹഫീസിന് കൊവിഡ് സ്ഥിരീകരിച്ചത് ചൊവ്വാഴ്ചയായിരുന്നു. എന്നാല്‍ താരം സ്വകാര്യ പരിശോധനയ്ക്കു വീണ്ടും വിധേയനായപ്പോള്‍ കൊവിഡ് ഇല്ലെന്നു കണ്ടെത്തുകയായിരുന്നു. ഹഫീസ് തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. പരിശോധനാ ഫലത്തിന്റെ റിപ്പോര്‍ട്ടും അദ്ദേഹം ഇതിനൊപ്പം നല്‍കിയിട്ടുണ്ട്.

1

പിസിബിയുടെ പരിശോധനയില്‍ കൊവിഡാണെന്ന് കണ്ടെത്തിയപ്പോള്‍ ഒരു രണ്ടാമത്തെ അഭിപ്രായമെന്ന നിലയിലും വ്യക്തിപരമായി സംതൃപ്തി ലഭിക്കുന്നതിനു വേണ്ടിയുമാണ് വീണ്ടും പരിശോധന നടത്തിയത്. തനിക്കൊപ്പം കുടുംബാംഗങ്ങളും കൊവിഡ് ടെസ്റ്റിനു വിധേയരായിരുന്നു. എല്ലാവരുടെയും പരിശോധനാ ഫലവും നെഗറ്റീവാണെന്ന് കണ്ടെത്തുകയും ചെയ്തു. ദൈവത്തിനു നന്ദി, ദൈവം നമ്മളെയെല്ലാം സുരക്ഷിതരാക്കി നിര്‍ത്തട്ടെയെന്നായിരുന്നു ഹഫീസിന്റെ ട്വീറ്റ്.

എന്നാല്‍ ഹഫീസിന്റെ പുതിയ പരിശോധനാ ഫലത്തോട് പിസിബി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഫലം നെഗറ്റീവായതിനാല്‍ ഇംഗ്ലണ്ട് പര്യടനത്തിനുള്ള പാക് ടീമിനൊപ്പം ചേരാന്‍ ഹഫീസിന് അനുമതി ലഭിച്ചേക്കും. ജൂണ്‍ 28നാണ് ഇംഗ്ലണ്ട് പര്യടനത്തിനായി പാക് ടീം യാത്ര തിരിക്കുന്നത്. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച 10 പാക് താരങ്ങളോടും സ്വയം ഐസൊലേഷനില്‍ പോവാന്‍ പിസിബി ആവശ്യപ്പെട്ടിരുന്നു. പാക് സംഘത്തില്‍ ബൗളിങ് കോച്ച് വഖാര്‍ യൂനിസ്, ഷുഐബ് മാലിക്ക്, സപ്പോര്‍ട്ട് സ്റ്റാഫ് ക്ലിഫെ ഡീക്കോണ്‍ എന്നിവരാണ് ഇനി കൊവിഡ് ടെസ്റ്റിനു വിധേയരാവാനുള്ളത്.

ഹഫീസുള്‍പ്പെടെ 10 താരങ്ങളും ഒരു സപ്പോര്‍ട്ട് സ്റ്റാഫുമായിരുന്നു പിസിബി നടത്തിയ കൊവിഡ് ടെസ്റ്റില്‍ പരാജയപ്പെട്ടത്. ഇത്രയും പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചെങ്കിലും ഇംഗ്ലണ്ട് പര്യടനം മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് പിസിബി ചീഫ് എക്‌സിക്യൂട്ടീവ് വസീം ഖാന്‍ അറിയിക്കുകയായിരുന്നു. ആദ്യ റൗണ്ട് പരിശോധനയില്‍ മൂന്നും രണ്ടാം റൗണ്ട് പരിശോധനയില്‍ ഹഫീസടക്കം എട്ടും പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്.

ഫഖര്‍ സമാന്‍, ഇമ്രാന്‍ ഖാന്‍, കാഷിഫ് ഭട്ടി, മുഹമ്മദ് ഹഫീസ്, മുഹമ്മദ് ഹസ്നെയ്ന്‍, മുഹമ്മദ് റിസ്വാന്‍, വഹാബ് റിയാസ് എന്നിവരായിരുന്നു കഴിഞ്ഞ ദിവസം കൊവിഡ് പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയ താരങ്ങള്‍. തൊട്ടുമുമ്പത്തെ ദിവസം ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഷതാബ് ഖാന്‍ തുടങ്ങിയ താരങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കറാച്ചി, ലാഹോര്‍, പെഷാവര്‍ എന്നീവിടങ്ങളിലായി തിങ്കളാഴ്ച 35 പേരെയാണ് പരിശോധനയ്ക്കു വിധേയരാക്കിയത്.

കൊവിഡ് ഭീഷണി മുന്നില്‍ കണ്ട് 29 പേരടങ്ങുന്ന സംഘത്തെയാണ് ഇംഗ്ലണ്ട് പര്യടനത്തിനായി പാകിസ്താന്‍ തിരഞ്ഞെടുത്തിരുന്നത്. കൊവിഡ് സ്ഥിരീകരിച്ച പാക് താരങ്ങളില്‍ റിസ്വാന്‍ ഒഴികെ മറ്റു താരങ്ങളൊന്നും പാക് ടെസ്റ്റ് ടീമിലെ സ്ഥിരാംഗങ്ങളല്ല. അതുകൊണ്ടു തന്നെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തങ്ങള്‍ക്കു തിരിച്ചടിയുണ്ടാവില്ലെന്നാണ് പിസിബി അറിയിച്ചത്.

Story first published: Wednesday, June 24, 2020, 17:50 [IST]
Other articles published on Jun 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+