For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിന്‍, ലാറ, പോണ്ടിങ്- ആരാണ് കേമന്‍? ഇതിഹാസങ്ങളെ വിലയിരുത്തി വസീം അക്രം

അരങ്ങേറ്റമല്‍സരത്തില്‍ അക്രമിനെതിരേ സച്ചിന്‍ കളിച്ചിട്ടുണ്ട്

1

ലോക കണ്ട എക്കാലത്തെയും മികച്ച ഇതിഹാസ ബൗളര്‍മാരുടെ നിരയിലാണ് പാകിസ്താന്റെ മുന്‍ ഇടംകൈയന്‍ പേസറും ക്യാപ്റ്റനുമായ വസീം അക്രമിന്റെ സ്ഥാനം. പാകിസ്താന്റെ സുവര്‍ണ തലമുറയിലെ മിന്നും താരങ്ങളിലൊരാള്‍ കൂടിയായിരുന്നു അദ്ദേഹം. കരിയറില്‍ കത്തിനില്‍ക്കവെ ലോകമെമ്പാടുമുള്ള ബാറ്റ്‌സ്മാന്‍മാരെ വിറപ്പിച്ചിട്ടുള്ള ബൗളറാണ് അക്രം.

നിരവധി ഇതിഹാസ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേ അദ്ദേഹം ബൗള്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ ചില വമ്പന്‍മാരെക്കുറിച്ച് തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം. ഇന്ത്യന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറുള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിനെതിരേ അധികം മല്‍സരങ്ങളില്‍ ബൗള്‍ ചെയ്യാന്‍ അക്രമിന് അവസരം കിട്ടിയിട്ടില്ല. വെറും ഏഴു ടെസ്റ്റുകളില്‍ മാത്രമാണ് സച്ചിന്‍ അക്രമിനെ നേരിട്ടിട്ടുള്ളത്. 1989ല്‍ 16ാം വയസ്സില്‍ സച്ചിന്‍ തന്റെ അരങ്ങേറ്റ ടെസ്റ്റ് കളിച്ചത് പാകിസ്താനെതിരേയായിരുന്നു. അന്നു പാക് നിരയില്‍ അക്രവുമുണ്ടായിരുന്നു. കുറച്ച് മല്‍സരങ്ങളില്‍ പരസ്പരം കളിച്ചതിനാല്‍ ഒരു ബൗളറെന്ന നിലയില്‍ സച്ചിനെ വിലയിരുത്തുക തനിക്കു ബുദ്ധിമുട്ടാണെന്നു അക്രം അഭിപ്രായപ്പെട്ടു.
സച്ചിന്‍ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളെന്നതില്‍ സംശയമില്ല. സച്ചിനെതിരേ ആദ്യ ടെസ്റ്റ് കളിച്ചക് 89ലായിരുന്നു. പിന്നീടൊരു ടെസ്റ്റ് കളിക്കാന്‍ 99 വരെ കാത്തിരിക്കേണ്ടി വന്നു. 10 വര്‍ഷത്തേക്കു അദ്ദേഹത്തിനെതിരേ ബൗള്‍ ചെയ്യാന്‍ സാധിച്ചില്ലെന്നും മുന്‍ പാക് താരം തന്‍വീര്‍ അഹമ്മദുമായുള്ള യൂട്യൂബ് ചാനലിലെ അഭിമുഖത്തില്‍ അക്രം വ്യക്തമാക്കി. ടെസ്റ്റില്‍ വെറും ഏഴു മല്‍സരങ്ങളില്‍ മാത്രമേ അക്രം സച്ചിനെതിരേ ബൗള്‍ ചെയ്തിട്ടുള്ളൂവെങ്കിലും ഏകദിനത്തില്‍ 24 മല്‍സരങ്ങളില്‍ ഇരുവരും പരസ്പരം കൊമ്പുകോര്‍ത്തു. ഇതില്‍ മൂന്നു തവണ സച്ചിനെ അക്രം പുറത്താക്കുകയും ചെയ്തു.

ബ്രയാന്‍ ലാറ

ബ്രയാന്‍ ലാറ

വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയെക്കുറിച്ച് തികഞ്ഞ മതിപ്പാണ് അക്രമിനുള്ളത്. അസാധ്യമെന്നു കരുതുന്ന ഇടത്തു പോലും ഷോട്ട് കളിക്കാനുള്ള മികവ് ലാറയ്ക്കുണ്ടായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പാകിസ്താനെതിരേ കളിക്കുമ്പോള്‍ മികച്ച ബാറ്റിങ് പ്രകടനമാണ് ലാറ കാഴ്ചവച്ചിരുന്നത്. വളരെ വ്യത്യസ്തനായ ബാറ്റ്‌സ്മാനായിരുന്നു അദ്ദേഹം. ലാറയ്‌ക്കെതിരേ ഒരുപാട് മല്‍സരങ്ങളില്‍ താന്‍ ബൗള്‍ ചെയ്തിട്ടുണ്ടെന്നും അക്രം പറഞ്ഞു. 40 മല്‍സരങ്ങളില്‍ ഇരുവരും മുഖാമുഖം വന്നപ്പോള്‍ ഒമ്പത് തവണയാണ് ലാറയെ അക്രം ഔട്ടാക്കിയത്.

റിക്കി പോണ്ടിങ്

റിക്കി പോണ്ടിങ്

ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്റ്‌സ്മാനുമായ റിക്കി പോണ്ടിങിനെതിരേ 22 മല്‍സരങ്ങളിലാണ് അക്രം ബൗള്‍ ചെയ്തിട്ടുള്ളത്. കരിയറിന്റെ തുടക്കത്തില്‍ പോണ്ടിങ് അത്ര മിടുക്കനായിരുന്നില്ലെന്നും എന്നാല്‍ പിന്നീട് ഇതിഹാസ താരങ്ങളുടെ നിരയിലേക്കുയരുകയായിരുന്നുവെന്നും അക്രം ചൂണ്ടിക്കാട്ടി.
കരിയറിന്റെ തുടക്കകാലത്തു പോണ്ടിങിനെ പുറത്താക്കാന്‍ തനിക്കായിരുന്നു. എന്നാല്‍ പിന്നീട് പോണ്ടിങ് ആളാകെ മാറി. എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായി അദ്ദേഹം പിന്നീട് മാറിത്തീര്‍ന്നതായും അക്രം കൂട്ടിച്ചേര്‍ത്തു.

മാര്‍ട്ടിന്‍ ക്രോ

മാര്‍ട്ടിന്‍ ക്രോ

ന്യൂസിലാന്‍ഡിന്റെ മുന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാനുമായ മാര്‍ട്ടിന്‍ ക്രോയെയും അക്രം പുകഴ്ത്തി. റിവേഴ്‌സ് സ്വിങിനെതിരേ കളിക്കാന്‍ ക്രോ കേമനായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പാകിസ്താനെതിരായ ഒരു പരമ്പരയില്‍ ക്രോ രണ്ടു സെഞ്ച്വറികള്‍ നേടിയിരുന്നു. അന്നാണ് അദ്ദേഹത്തോട് ഇഷ്ടം തോന്നിയത്. നിങ്ങള്‍ എങ്ങനെയാണ് തങ്ങള്‍ക്കെതിരേ ഇത്ര നന്നായി കളിച്ചതെന്നു അന്ന് അദ്ദേഹത്തോടു ചോദിച്ചിരുന്നു. വസീം, വഖാര്‍ എന്നിവരുടെ ഇന്‍സ്വിങറുകള്‍ക്കെതിരേ ഫ്രണ്ട് ഫൂട്ടിലാണ് കളിച്ചത്. ഔട്ട് സ്വിങിനെതിരേ കളിക്കുമ്പോള്‍ പന്ത് ചേസ് ചെയ്യാന്‍ ശ്രമിക്കുന്നത് കുഴപ്പുമുണ്ടാക്കുമെന്നും ക്രോ മറുപടി നല്‍കി. അത് വളരെ സിംപിള്‍ ടെക്‌നിക്കായിരുന്നു. ക്രോ ഫ്രണ്ട് ഫൂട്ടില്‍ കളിച്ചപ്പോള്‍ ഞങ്ങള്‍ ബൗണ്‍സറുകള്‍ എറിഞ്ഞെങ്കിലും ഇത് ബൗളിങ് ലൈനിനെ ബാധിച്ചതായും അക്രം വിശദമാക്കി.
1990ല്‍ ന്യൂസിലാന്‍ഡ് പാക് പര്യടനം നടത്തിയപ്പോള്‍ ക്രോ കസറിയിരുന്നു. ആദ്യ ടെസ്റ്റില്‍ ഫിഫ്റ്റിയും രണ്ടാം ടെസ്റ്റില്‍ സെഞ്ച്വറിയും നേടാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പക്ഷെ രണ്ടു ടെസ്റ്റുകളിലും ജയം പാകിസ്താനായിരുന്നു.

Story first published: Thursday, July 30, 2020, 13:59 [IST]
Other articles published on Jul 30, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+