മൂന്നു ഫോര്‍മാറ്റിലും കോലിയല്ല ബെസ്റ്റ്... ഒന്നില്‍ സ്മിത്ത്, തിരഞ്ഞെടുത്ത് പാക് ഇതിഹാസം

കറാച്ചി: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നവരാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തും. ഏകദിന റാങ്കിങില്‍ കോലി നമ്പര്‍ വണ്‍ സ്ഥാനത്തു നില്‍ക്കുമ്പോള്‍ ടെസ്റ്റിലെ ഒന്നാമന്‍ സ്മിത്താണ്. ടി20യിലാവട്ടെ പാകിസ്താന്റെ യുവതാരം ബാബര്‍ ആസമാണ് നമ്പര്‍ വണ്‍.
കോലി, സ്മിത്ത് ഇവരില്‍ ബാറ്റിങ് മികവിന്റെ കാര്യത്തില്‍ ആരാണ് കൂടുതല്‍ കേമനെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ബാറ്റിങ് ഇതിഹാസം സഹീര്‍ അബ്ബാസ്. രണ്ടു പേരും ചില മേഖലകളില്‍ മിടുക്കരാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍ കോലിയാണെന്ന് അബ്ബാസ് ദി ടെലഗ്രാഫിനോടു പറഞ്ഞു. എന്നാല്‍ ടെസ്റ്റിലേക്കു വരികയാണെങ്കില്‍ സ്മിത്താണ് ബെസ്റ്റെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ടെസ്റ്റില്‍ കോലിയേക്കാള്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് സ്മിത്ത് കാഴ്ച വയ്ക്കുന്നത്. കളിക്കുന്ന മിക്ക പരമ്പരകളിലും സ്മിത്ത് സ്‌കോര്‍ ചെയ്യുന്നുണ്ട്. ഓസ്‌ട്രേലിയയുടെ തന്നെ മറ്റൊരു താരമായ ഡേവിഡ് വാര്‍ണറും സമാനമായ പ്രകടനമാണ് നടത്തുന്നതെന്നും അബ്ബാസ് വിലയിരുത്തി.

മൂന്നു ഫോര്‍മാറ്റിലും ഒരുപോലെ മികച്ച പ്രകടനം നടത്തുന്നയാളാണ് ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍. അങ്ങനെ നോക്കുമ്പോള്‍ നിശ്ചിത ഓവര്‍ ഫോര്‍മാറ്റില്‍ കോലിക്കും താഴെയാണ് സ്മിത്ത്. നിശ്ചിത ഓവര്‍ മല്‍സരങ്ങൡ കോലിയാണ് കൂടുതല്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നതെന്നും അബ്ബാസ് ചൂണ്ടിക്കാട്ടി,.
ഏകദിനത്തില്‍ അതിവേഗത്തില്‍ 10,000 റണ്‍സ് തികച്ച താരമെന്ന ലോക റെക്കോര്‍ഡ് 2018ല്‍ കോലി തന്റെ പേരില്‍ കുറിച്ചിരുന്നു. അന്താരാഷ്ട്ര ടി20യില്‍ ഇതുവരെ സെഞ്ച്വറി നേടിയിട്ടില്ലെങ്കിലും 24 ഫിഫ്റ്റികള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.

ലോക ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമാവുമെന്ന് പലരും വിശേഷിപ്പിക്കുന്ന ബാബര്‍ ആസമില്‍ വലിയ പ്രതീക്ഷയാണുള്ളതെന്നു അബ്ബാസ് പറഞ്ഞു. 25 കാരനായ ബാബര്‍ മികച്ച പ്രകടനമാണ് പാക് ടീമിനായി കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ടെസ്റ്റില്‍ അവസാനമായി കളിച്ച ഏഴ് ഇന്നിങ്‌സുകളില്‍ നാലു സെഞ്ച്വറികള്‍ ബാബര്‍ നേടിയിരുന്നു. ഓസ്‌ട്രേലിയ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരേയായിരുന്നു ഇത്.
കോലി കുറച്ചു വര്‍ഷങ്ങളായി കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ നോക്കൂ. അദ്ദേഹം ഒരു യന്ത്രമല്ല. യന്ത്രങ്ങള്‍ക്കു പോലും ചില സമയത്തു തകരാറുകള്‍ സംഭവിക്കും. നിലവില്‍ കോലിക്കൊപ്പം നില്‍ക്കാവുന്ന മറ്റൊരു ബാറ്റ്‌സ്മാനും മല്‍സരരംഗത്തില്ല. വിവിധ ഫോര്‍മാറ്റുകളിലായി പാകിസ്താനു വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനമാണ് ബാബര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇനിയും ഇതേ പ്രകടനം തുടരാന്‍ താരത്തിനു കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അബ്ബാസ് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications