അഫ്രീഡിയുടെ ലോക ഏകദിന ഇലവന്‍ പ്രഖ്യാപിച്ചു... ഇന്ത്യയുടെ ഒരേയൊരാള്‍! സെവാഗ്, ധോണി, കോലി ആരുമില്ല!

കറാച്ചി: പാകിസ്താന്റെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീഡി ഏകദിനത്തില്‍ തന്റെ ലോക ഇലവനെ തിരഞ്ഞെടുത്തു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആരൊക്കെയാണ് ലോക ഇലവനില്‍ കളിക്കുകയെന്ന് ചൂണ്ടിക്കാട്ടിയത്. ഇന്ത്യയില്‍ ഒരേയൊരു താരം മാത്രമേ അഫ്രീഡിയുടെ ലോക ഇലവനില്‍ ഇടം പിടിച്ചിട്ടുള്ളൂവെന്നത് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കും.
കൊറോണ വൈറസ് ബാധയെ തുടര്‍ന്നു സമൂഹമാധ്യമങ്ങളിലൂടെ ഇതിനകം പല താരങ്ങളും തന്റെ ലോക ഇലവനെ തിരഞ്ഞടുത്തു കഴിഞ്ഞു. ഇക്കൂട്ടത്തിലേക്കാണ് അഫ്രീഡിയും ഇപ്പോള്‍ വന്നിപരിക്കുന്നത്. ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയിലാണ് അഫ്രീഡിയുടെ സ്ഥാനം. ബൂം ബൂം എന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന അദ്ദേഹം നിശ്ചിത ഓവര്‍ ക്രിക്കറ്റിലാണ് ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ളത്.

സച്ചിന്‍ മാത്രം
അഫ്രീഡിയുടെ ലോക ഇലവനിലെ ഏക ഇന്ത്യന്‍ സാന്നിധ്യം മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, എംഎസ് ധോണി, നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരെയൊന്നും അഫ്രീഡി തന്റെ ഇലവനിലേക്കു പരിഗണിച്ചില്ല.
പാകിസ്താന്റെ മുന്‍ താരം സഈദ് അന്‍വറും ഓസ്‌ട്രേലിയയുടെ മുന്‍ വെടിക്കെട്ട് താരം ആദം ഗില്‍ക്രിസ്റ്റുമാണ് അഫ്രീഡിയുടെ ലോക ഇലവന്റെ ഓപ്പണ്‍മാര്‍.

പാക് ആധിപത്യം
പാക് താരങ്ങളുടെ ആധിപത്യമാണ് അഫ്രീഡിയുടെ ലോക ഇലവനില്‍. 11 താരങ്ങളില്‍ അഞ്ചു പേരും പാകിസ്‌കതാനില്‍ നിന്നുള്ളവരാണ്. അന്‍വറിനെക്കൂടാതെ മുന്‍ നായകന്‍ ഇന്‍സമാമുള്‍ ഹഖ്, റഷീദ് ലത്തീഫ്, ഇതിഹാസ പേസര്‍മാരായ വസീം അക്രം, ഷുഐബ് അക്തര്‍ എന്നിവരാണ് മറ്റു പാക് താരങ്ങള്‍. റഷീദ് ലത്തീഫാണ് ലോക ഇലവന്റെ വിക്കറ്റ് കാക്കുക.

ഓസീസിനും മേല്‍ക്കൈ
പാകിസ്താന്‍ കഴിഞ്ഞാല്‍ പിന്നീട് കൂടുതല്‍ താരങ്ങളുള്ളത് ഓസ്‌ട്രേലിയയില്‍ നിന്നാണ്. നാലു ഓസീസ് താരങ്ങള്‍ ലോക ഇലവനില്‍ ഇടം പിടിച്ചിട്ടുണ്ട്. ഗില്‍ഗ്രിസ്റ്റിനെക്കൂടാതെ മുന്‍ ക്യാപ്റ്റനും ബാറ്റിങ് ഇതിഹാസവുമായ റിക്കി പോണ്ടിങ്, ഐതിഹാസിക സ്പിന്നര്‍ ഷെയ്ന്‍ വോണ്‍, പേസ് കിങ് ഗ്ലെന്‍ മഗ്രാത്ത് എന്നിവരും ഓസ്‌ട്രേലിയയില്‍ നിന്നു ലോക ഇലവനിലെത്തി.ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്വിസ് കാലിസാണ് ടീമിലെ മറ്റൊരു താരം.

അഫ്രീഡിയുടെ ലോക ഇലവന്‍
സഈദ് അന്‍വര്‍ (പാകിസ്താന്‍), ആദം ഗില്‍ക്രിസ്റ്റ്, റിക്കി പോണ്ടിങ് (ഓസ്‌ട്രേലിയ), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (ഇന്ത്യ), ഇന്‍സമാമുള്‍ ഹഖ് (പാകിസ്താന്‍), ജാക്വിസ് കാലിസ് (ദക്ഷിണാഫ്രിക്ക), റഷീദ് ലത്തീഫ് (വിക്കറ്റ് കീപ്പര്‍), വസീം അക്രം (പാകിസ്താന്‍), ഷെയ്ന്‍ വോണ്‍, ഗ്ലെന്‍ മഗ്രാത്ത് (ഓസ്‌ട്രേലിയ), ഷുഐബ് അക്തര്‍ (പാകിസ്താന്‍).
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications