അന്താരാഷ്ട്ര ക്രിക്കറ്റിലെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളെടുക്കുകയാണെങ്കില്‍ പാികിസ്താന്‍ ടീമിന്റെ പ്രകടനത്തില്‍ വലിയ ഇടിവാണ് സംഭവിച്ചിട്ടുള്ളതെന്നു കാണാം. വലിയ തിരിച്ചടികളാണ് വിവിധ ഫോര്‍മാറ്റുകളില്‍ പാക് ടീമിനു നേരിട്ടത്. ഇതിനു പിന്നിലെ കാരണമെന്താണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍.
2022ല്‍ ഓസ്‌ട്രേലിയ വേദിയായ ടി20 ലോകകപ്പിലെ റണ്ണറപ്പായിരുന്നു പാകിസ്താന്‍ ടീം. പക്ഷെ അതിനു ശേഷം അവരുടെ ഗ്രാഫ് താഴേക്കാണെന്നു കാണാം. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ സെമി ഫൈനല്‍ പോലും കാണാതെയാണ് ബാബര്‍ ആസവും സംഘവും പുറത്തായത്.
ഈ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ പുറത്തായി അവര്‍ നാണംകെടുകയും ചെയ്തു. അമേരിക്കയോടു അട്ടിമറി തോല്‍വിയും പാക് ടീമിനു നേരിടേണ്ടതായി വന്നിരുന്നു. ഏറ്റവും അവസാനമായി ബംഗ്ലാദേശമായി നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ പാക് ടീം തൂത്തുവാരപ്പെടുകയും ചെയ്തു. ചരിത്രത്തിലാദ്യമായാണ് ബംഗ്ലാദേശിനെതിരേ അവര്‍ ടെസ്റ്റ് പരമ്പര കൈവിട്ടത്.

ഫേവററ്റിസം ടീമിനു തിരിച്ചടി
പാകിസ്താന്‍ ക്രിക്കറ്റിന്റെ തകര്‍ച്ചയ്ക്കു പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് ടീമിനകത്തെ ഫേവററ്റിസമാണെന്നാണ് കമ്രാന്‍ അക്മല്‍ ചൂണ്ടിക്കാണിക്കുന്നത്. നേരത്തേ ഞങ്ങള്‍ ക്വയ്ദ് ഇ ആസം ട്രോഫിയും ഡിപാര്‍ട്ട്‌മെന്റ് ക്രിക്കറ്റുമടക്കമുള്ള ഏകദിന ടൂര്‍ണമെന്റുകള്‍ കളിക്കാറുണ്ടായിരുന്നു.
ആ സമയത്തു നിലവാരമുള്ള ക്രിക്കറ്റും ശരിയായ പ്രക്രിയകളുമുണ്ടായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലൂടെ ശക്തമായൊരു അടിത്തറയുമുണ്ടായിരുന്നു. ഇതു വഴി മികച്ച കളിക്കാരും ഉയര്‍ന്നുവന്നു. നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ ആ രീതിയില്ലെന്നും അക്മല്‍ വ്യക്തമാക്കി. ക്രിക്ക്‌ബ്ലോഗ് ഡോട്ട് നെറ്റിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെലക്ഷന്‍ പ്രക്രിയ ശരിയല്ല
പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ പ്രക്രിയയും പ്രകടനത്തിലെ മാനദണ്ഡങ്ങളുമെല്ലാം ഇപ്പോള്‍ മാറിയിരിക്കുകയാണെന്നു കമ്രാന്‍ അക്മല്‍ പറയുന്നു. ഇപ്പോഴത്തെ പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ ശരിയായ രീതിയിലാണ് നടക്കുന്നതെന്നു തോന്നുന്നില്ല. സെലക്ഷന്‍ പ്രക്രിയ പൂര്‍ണമായി അവസാനിച്ചിരിക്കുകയാണ്. മാത്രല്ല ഒരുപാട് ഫേററ്റിസവും ടീം സെലക്ഷനെ സ്വാധീനിക്കുന്നുണ്ട്.
ഇപ്പോഴത്തെ പാക് ടീമിന്റെ കാര്യമെടുത്താല്‍ ഇഷ്ടവും ഇഷ്ടക്കേടുമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇഷ്ടമുള്ള താരങ്ങള്‍ക്കൊപ്പം കളിക്കുകയെന്നതാണ് ഇപ്പോഴത്തെ പാക് ടീമില്‍ നടക്കുന്നത്. മുഖ്യ സെലക്ടര്‍, കോച്ച്, ക്യാപ്റ്റന്‍ തുടങ്ങി എല്ലാവരും പാകിസ്താന്‍ ക്രിക്കറ്റിന്റെ പതനത്തിനു കാരണമാണെന്നാണ് എന്റെ അഭിപ്രായം. അവരുടെയെല്ലാം ഈഗോ കാരണമാണ് പാകിസ്താന്‍ ക്രിക്കറ്റ് ഇപ്പോള്‍ പതറുന്നതെന്നും അക്മല്‍ വിശദീകരിച്ചു.
അഫ്ഗാനിസ്താനേക്കാള്‍ മോശം
പാകിസ്താന്‍ ക്രിക്കറ്റ് ടീം ഇപ്പോള്‍ അഫ്ഗാനിസ്താനേക്കാള്‍ മോശമായിരിക്കുകയാണെന്നും കമ്രാന്‍ അക്മല്‍ തുറന്നടിക്കുന്നു. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിലേക്കു (പിസിബി) ഏറ്റവും അര്‍ഹരായിട്ടുള്ളവര്‍ വരണം. ഇവര്‍ മെച്ചപ്പെട്ട തീരുമാനങ്ങളെടുക്കാന്‍ സാധിക്കുന്നവരുമായിരിക്കണം. അപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ നിന്നുള്ള മികച്ച കളിക്കാരും പാകിസ്താന്‍ ടീമിലേക്കു വരും. അതു പാക് ക്രിക്കറ്റിനെ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നു വിശ്വസിക്കുന്നതായും അക്മല്‍ പറഞ്ഞു.

ഇപ്പോഴത്തെ പാകിസ്താന്‍ ടീമിലേക്കു നോക്കുകയാണെങ്കില്‍ അഫ്ഗാനിസ്താന്‍ ടീമിനേക്കാള്‍ മോശമാണെന്നതാണ് യാഥാര്‍ഥ്യം. ഏതു ഫോര്‍മാറ്റ് എടുത്താലും അഫ്ഗാന്‍ ടീമിനെ തോല്‍പ്പിക്കണമെങ്കില്‍ പാകിസ്താന് ഒരുപാട് കഠിനാധ്വാനം ചെയ്യേണ്ടതായി വരും.
അഫ്ഗാനിസ്താന്‍ ഇപ്പോള്‍ വളരെ മികച്ച ടീമായി മാറിയിരിക്കുകയാണ്. മറ്റു ടീമുകള്‍ ഒരുപാട് മുന്നിലേക്കു പോയിട്ടുണ്ട്. പാക് ടീം കൂടുതല്‍ മെച്ചപ്പെടേണ്ടത് ആവശ്യമാണ്. പക്ഷെ അതിനു സമയമെടുക്കും. പാക് ക്രിക്കറ്റിനെ തിരികെ കൊണ്ടുവരാന്‍ ഇഷ്ടമുള്ളവരെ മാത്രം കളിപ്പിക്കുന്ന രീതി അവസാനിപ്പിക്കേണ്ടതുണ്ടെന്നും അക്മല്‍ കൂട്ടിച്ചേര്‍ത്തു.