കാന്‍ബെറ: ലോക ക്രിക്കറ്റില്‍ മോശം ഫീല്‍ഡിങിന്റെ പേരില്‍ എല്ലാ കാലത്തും പരിഹാസങ്ങളും വിമര്‍ശനങ്ങളുമെല്ലാം ഏറെ ഏറ്റുവാങ്ങിയിട്ടുള്ള ടീമാണ് പാകിസ്താന്‍. പാകിസ്താനും ഫീല്‍ഡിങും തമ്മില്‍ ഒരിക്കലും ഒത്തുപോവില്ലെന്നു പലരും ചൂണ്ടിക്കാട്ടാറുമുണ്ട്. തലമുറകള്‍ പലതു പിന്നിട്ടിട്ടും ഫീല്‍ഡിങിലെ ചീത്തപ്പേര് മായ്ക്കാന്‍ പാക് ടീമിനു സാധിച്ചിട്ടില്ല. ഇപ്പോഴിതാ ഫീല്‍ഡിങില്‍ വീണ്ടുമൊരു വലിയ മണ്ടത്തരം കാണിച്ചതിന്റെ പേരില്‍ ട്രോളുകള്‍ ഏറ്റുവാങ്ങുകയാണ് പാക് ടീം.
ഓസ്‌ട്രേലിയന്‍ പര്യടനത്തിനെത്തിയ പാക് ടീം ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി ചതുര്‍ദിന സന്നാഹ മല്‍സരത്തില്‍ കളിക്കുകയാണ്. പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനുമായിട്ടാണ് പാക് ടീം ഏറ്റുമുട്ടുന്നത്. ഈ കളിയിലാണ് ഫീല്‍ഡിങില്‍ അവര്‍ക്കു വന്‍ പിഴവ് സംഭവിച്ചത്. ഒരു ബോളില്‍ പാകിസ്താന്‍ ദാനം ചെയ്തത് ഏഴു റണ്‍സാണ്. പക്ഷെ എതിര്‍ ടീം ബൗണ്ടറിയോ, സിക്‌സറോയൊന്നും അടിച്ചില്ലെന്നതാണ് രസകരം. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുകയും ചെയ്തിട്ടുണ്ട്.

ലെഗ് സ്പിന്നര്‍ അര്‍ബ്രാര്‍ അഹമ്മദെറിഞ്ഞ 78ാം ഓവറിനിടെയായിരുന്നു സംഭവം. മാറ്റ് റെന്‍ഷോയും നതാന്‍ മക്ക്‌സ്വീനിയുമായിരുന്നു ക്രീസില്‍. റെന്‍ഷോയാണ് സ്‌ട്രൈക്ക് നേരിട്ടത്. താരത്തിന്റെ ഗ്രൗണ്ട് ഷോട്ട് ബൗണ്ടറി ലൈനിനു തൊട്ടരികെ വച്ച് പാക് താരം തടുത്തിടുകയും ചെയ്തു. തുടര്‍ന്നു നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലേക്കു ത്രോ. അപ്പോഴേക്കും റെന്‍ഷോയും മക്ക്‌സ്വീനിയും മൂന്നു റണ്‍സ് പൂര്‍ത്തിയാക്കിയിരുന്നു.
പാകിസ്താന്റെ ഫീല്‍ഡിങ് പിഴവ് കാരണം ഏഴു റണ്‍സ് വഴങ്ങിയ വീഡിയോ
എന്നിട്ടും നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡില്‍ വച്ച് ത്രോ സ്വീകരിച്ച പാക് താരം വിക്കറ്റ് കീപ്പറുടെ എന്‍ഡിലേക്കു അനാവശ്യമായി ത്രോ ചെയ്യുകയായിരുന്നു. പക്ഷെ ഇതു വിക്കറ്റ് കീപ്പര്‍ സര്‍ഫ്രാസ് അഹമ്മദും സ്ലിപ്പ് ഫീല്‍ഡറും ഒരുപോലെ മിസ് ചെയ്തു. ബോള്‍ നേരെ ബൗണ്ടറിയില്‍ കലാശിക്കുകയും ചെയ്തു. ഇതോടെയാണ് മൂന്നു റണ്‍സ് മാത്രം ലഭിക്കേണ്ടയിടത്ത് പ്രൈം മിനിസ്റ്റേഴ്‌സ ഇലവനു ഏഴു റണ്‍സ് കിട്ടിയത്.
അതേസമയം, മല്‍സരത്തിലേക്കു വന്നാല്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ടീം ഒന്നാമിന്നിങ്‌സില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 391 റണ്‍സെന്ന മികച്ച ടോട്ടല്‍ നേടി ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ക്യാപ്റ്റന്‍ ഷാന്‍ മസൂദിന്റെ തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറിയാണ് പാക് ഇന്നിങ്‌സിനു കരുത്തേകിയത്.
201 റണ്‍സുമായി അദ്ദേഹം പുറത്താവാതെ നിന്നു. 298 ബോളുകള്‍ നേരിട്ട മസൂദിന്റെ ഇന്നിങ്‌സില്‍ 14 ഫോറുകളും ഒരു സിക്‌സറുമുണ്ടായിരുന്നു. സര്‍ഫ്രാസ് 41 റണ്‍സെടുത്തപ്പോള്‍ മുന്‍ നായകന്‍ ബാബര്‍ ആസം 40 റണ്‍സും സ്‌കോര്‍ ചെയ്തു. 38 റണ്‍സെടുത്ത അബ്ദുള്ള ഷഫീഖാണ് മറ്റൊരു പ്രധാന സ്‌കോറര്‍.
മറുപടി ബാറ്റിങില്‍ മൂന്നാം ദിനം മൂന്നാം സെഷനില്‍ പ്രൈം മിനിസ്റ്റേഴ്‌സ് ഇലവന്‍ മൂന്നു വിക്കറ്റിനു 307 റണ്‍സെന്ന ശക്തമായ നിലയിലാണ്. സെഞ്ച്വറി കുറിച്ച റെന്‍ഷോയും (104*) 36 റണ്‍സോടെ മക്‌സ്വീനിയുമാണ് ക്രീസിലുള്ളത്. ഏഴു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ പാകിസ്താനോടൊപ്പമെത്താന്‍ അവര്‍ക്കു ഇനി 84 റണ്‍സ് മാത്രം മതി.
ഈ പര്യടനത്തില്‍ മൂന്നു ടെസ്റ്റുകളുടെ പരമ്പരയിലാണ് പാകിസ്താന്‍ കളിക്കുന്നത്. ആദ്യ ടെസ്റ്റ് ഈ മാസം 14 മുതല്‍ പെര്‍ത്തില്‍ നടക്കും. ഓസ്ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ കരിയറിലെ വിടവാങ്ങല്‍ പരമ്പര കൂടിയാണിത്.