Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിനും വീരുവിനും ദ്രാവിഡിനുമില്ല, പക്ഷെ സ്മിത്ത് നേടി!- വമ്പന്‍ ബാറ്റിങ് റെക്കോര്‍ഡ്

ടെസ്റ്റ് ക്രിക്കറ്റില്‍ വമ്പന്‍ ബാറ്റിങ് റെക്കോര്‍ഡിന് അവകാശിയായിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ സ്റ്റീവ് സ്മിത്ത്. പാകിസ്താനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഫിഫ്റ്റി നേടിയതോടെയാണ് വലിയൊരു നാഴികക്കല്ല് അദ്ദേഹം പിന്നിട്ടത്. 59റണ്‍സാണ് സ്മിത്ത് ഒന്നാമിന്നിങ്‌സില്‍ നേടിയത്.

ഇതോടെ ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്കു പോലും സാധിക്കാത്ത ബാറ്റിങ് റെക്കോര്‍ഡ് തന്റെ പേരില്‍ കുറിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ സൂപ്പര്‍ താരം.

1

പാകിസ്താന്‍ പര്യടനത്തില്‍ കളിച്ച മൂന്നു ടെസ്റ്റുകളില്‍ മൂന്നു ഫിഫ്റ്റികള്‍ സ്റ്റീവ് സ്മിത്ത് നേടിക്കഴിഞ്ഞു. സെഞ്ച്വറി അകന്നു പോയെങ്കിലം ടെസ്റ്റിലെ വലിയൊരു റെക്കോര്‍ഡ് തന്റെ പേരിലാക്കാന്‍ അദ്ദേഹത്തിനു ഇതു മതിയായിരുന്നു. റാവല്‍പിണ്ടിയിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ 78 റണ്‍സും കറാച്ചിയിലെ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ 72ഉം റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. ഈ രണ്ടു ടെസ്റ്റുകളും സമനിലയില്‍ കലാശിക്കുകയും ചെയ്തു.
ഇപ്പോള്‍ ലാഹോറില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലും 59 റണ്‍സുമായി സ്മിത്ത് ഫിഫ്റ്റികളില്‍ ഹാട്രിക്ക് തികച്ചു. 169 ബോളില്‍ ആറു ബൗണ്ടറികള്‍ താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

2

കരിയറിലെ ആദ്യത്തെ 150 ടെസ്റ്റ് ഇന്നിങ്‌സുകില്‍ നിന്നും ഏറ്റവുമധികം റണ്‍സെടുത്ത താരമെന്ന റെക്കോര്‍ഡാണ് സ്റ്റീവ് സ്മിത്ത് സ്വന്തം പേരിലാക്കിയിരിക്കുന്നത്. 7993 റണ്‍സ് ഇത്രയും ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം സ്‌കോര്‍ ചെയ്തു കഴിഞ്ഞു. ഇതോടെ ശ്രീലങ്കയുടെ മുന്‍ ഇതിഹാസം കുമാര്‍ സങ്കക്കാര, ഇന്ത്യയുടെ ഇതിഹാസ ത്രയങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, രാഹുല്‍ ദ്രാവിഡ് എന്നിവരെയെല്ലാം സ്മിത്ത് പിന്തള്ളിയിരിക്കുകയാണ്

3

150 ടെസ്റ്റ് ഇന്നിങ്‌സുകളിലെ ബാറ്റിങ് പ്രകടനമെടുത്താല്‍ 7913 റണ്‍സുമായി കുമാര്‍ സങ്കക്കാര രണ്ടാംസ്ഥാനത്താണ്. നേരത്തേ അദ്ദേഹത്തിന്റെ പേരിലായിരുന്നു ഓള്‍ടൈം റെക്കോര്‍ഡ്. ഇതാണ് സമിത്ത് തട്ടിയെടുത്തിരിക്കുന്നത്. സങ്കക്കാരയ്ക്കു ശേഷം സച്ചിന്‍ (7869), സെവാഗ് (7694), ദ്രാവിഡ് (7680) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. 8000 റണ്‍സെന്ന നാഴികക്കല്ല് തികയ്ക്കാന്‍ സ്മിത്തിനു ഇനി ഏഴു റണ്‍സ് മാത്രം മതി. ലാഹോര്‍ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ അദ്ദേഹം ഇതു തികച്ചാല്‍ മറ്റു റെക്കോര്‍ഡുകളും കാത്തിരിക്കുകയാണ്.

4

പാകിസ്താനെതിരായ ടെസ്റ്റില്‍ സ്റ്റീവ് സ്മിത്തിന്റെ ഇന്നിങ്‌സിനെ ടീമംഗവും ഓപ്പണറുമായ ഉസ്മാന്‍ ഖ്വാജ പ്രശംസിച്ചു. അവന്‍ വളരെ നന്നായി തന്നെ ബാറ്റ് ചെയ്തു. കടുപ്പമേറിയതായിരുന്നു സ്മിത്തിന്റെ ഇന്നിങ്‌സ്. അവന്റെ ബാറ്റ് പാഡില്‍ കുടുങ്ങിയതു പോലെയായിരുന്നു. സ്മിത്തിനെതിരേ നിങ്ങള്‍ അത്തരം ബോളുകളെറിഞ്ഞാല്‍ 100ല്‍ 99 തവണയും ഷോട്ട് കളിക്കും. എന്റെ കാലഘട്ടത്തില്‍ ഞാന്‍ കണ്ട ഏറ്റവും മികച്ച ബാറ്റര്‍ അവന്‍ തന്നെയാണ്. ടെസ്റ്റ് കരിയറിലുടനീളം ബാറ്റിങ് ശരാശരി 60ല്‍ നിലനിര്‍ത്തുകയും ചെയ്തു.

5

സ്മിത്തിനു സെഞ്ച്വറി നേടാന്‍ കഴിയുന്നില്ലെന്ന് നമ്മള്‍ സംസാരിക്കുന്നത് തമാശയാണ്. പക്ഷെ എല്ലാ മല്‍സരങ്ങളിലും 70-80 റണ്‍സ് വളരെ എളുപ്പത്തില്‍ നേടാന്‍ സ്മിത്തിനു സാധിക്കുന്നുണ്ട്. അവന്‍ അത്രയും ക്ലാസായ കളിക്കാരനാണ്. വലിയൊരു സ്‌കോര്‍ സ്മിത്തില്‍ നിന്നും വരാനിരിക്കുകയാണെന്ന് എനിക്കുറപ്പുണ്ട്. ഒരിക്കല്‍ അവന്‍ വലിയ സ്‌കോര്‍ നേടിയാല്‍ കൂടുതല്‍ വലിയ സ്‌കോറുകള്‍ പിന്നാലെ വരുമെന്നും ഖ്വാജ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ലാഹോര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ ഒന്നാമിന്നിങ്‌സില്‍ 391 റണ്‍സിനു പുറത്താവുകയായിരുന്നു. 91 റണ്‍സെടുത്ത ഉസ്മാന്‍ ക്വാജയാണ് ടോപ്‌സ്‌കോറര്‍. 219 ബോളില്‍ ഒമ്പതു ബൗണ്ടറികളുള്‍പ്പെട്ടതാണ് താരത്തിന്റെ ഇന്നിങ്‌സ്. സ്മിത്തിനെക്കൂടാതെ കാമറോണ്‍ ഗ്രീന്‍ (79), അലെക്‌സ് കെയ്‌റി (67) എന്നിവരും ഫിഫ്റ്റികള്‍ നേടി. പാകിസ്താനു വേണ്ടി പേസ് ജോടികളായ ഷഹീന്‍ അഫ്രീഡിയും നസീം ഷായും നാലു വിക്കറ്റുകള്‍ വീതമെടുത്തു. മറുപടി ബാറ്റിങില്‍ പാകിസ്താന്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിനു 90 റണ്‍സെടുത്തിട്ടുണ്ട്.

Story first published: Tuesday, March 22, 2022, 21:59 [IST]
Other articles published on Mar 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+