അന്ന് കോലിയെ കുരുക്കിയതെങ്ങനെ? തുണച്ചത് അമ്മയുടെ ഉപദേശം! വെളിപ്പടുത്തി ഓസീസ് നായകന്‍
സിഡ്‌നി: ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സമാനും ഇന്ത്യന്‍ നായകനുമായ വിരാട് കോലിയെ കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ എങ്ങനെയാണ് പിടിച്ചുനിര്‍ത്തിയതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഓസീസ് ടെസ്റ്റ് ടീം നായകന്‍ ടിം പെയ്ന്‍. ഓസ്‌ട്രേലിയന്‍ ടീമിനെക്കുറിച്ച് ആമസോണ്‍ പ്രൈം പുറത്തിറക്കിയ ഡോക്യുമെന്ററിയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.
2018ല്‍ അന്നത്തെ നായകന്‍ സ്റ്റീവ് സ്മിത്തിനെയും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെയും പ്രതിക്കൂട്ടിലാക്കുകയും വിലക്കിലേക്കു നയിക്കുകയും ചെയ്ത പന്ത് ചുരണ്ടല്‍ വിവാദത്തെക്കുറിച്ച് പരാമര്‍ശിച്ചു കൊണ്ടാണ് ഡോക്യുമെന്ററിയുടെ തുടക്കം. പന്ത് ചുരണ്ടല്‍ സംഭവം മുതല്‍ കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരേ നടന്ന ആഷസ് ടെസ്റ്റ് പരമ്പര വരെയുള്ള കാര്യങ്ങളാണ് ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയത്. അന്നു ടെസ്റ്റ് പരമ്പര 2-1നു കൈക്കലാക്കി ഇന്ത്യ ചരിത്രം കുറിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയുടെ കന്നി ടെസ്റ്റ് പരമ്പര വിജയം കൂടിയായിരുന്നു ഇത്.
ഈ പരമ്പരയില്‍ കോലിയെ കൂടുതല്‍ റണ്‍സെടുക്കാന്‍ ഓസീസ് അനുവദിച്ചിരുന്നില്ല. ഒരേയൊരു സെഞ്ച്വറി മാത്രമേ അദ്ദേഹത്തിനു നേടാനായിരുന്നുള്ളൂ.

കോലിയെക്കുറിച്ച് തികഞ്ഞ മതിപ്പാണ് പെയ്‌നിനുള്ളത്. ലോക ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും കേമനാണ് കോലിയെന്നു പെയ്ന്‍ വീഡിയോയില്‍ പറയുന്നു.
ഇന്ത്യ വളരെ വലിയ രാജ്യമാണ്. കോലിയാവട്ടെ രാജ്യത്ത് ഏറെ ആരാധകരുള്ള താരമാണ്. ഇപ്പോള്‍ ലോകം മുഴുവന്‍ അറിയപ്പെടുന്ന ക്രിക്കറ്ററായി കോലി മാറിക്കഴിഞ്ഞു. കോലി എവിടെപ്പോയാലും അവിടെയെല്ലാം അദ്ദേഹത്തിനു ആരാധകരുണ്ടാവുമെന്നും പെയ്ന്‍ വിശദമാക്കി.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് നെറ്റ്‌സില്‍ കോലി പരിശീലനം നടത്തുന്നതിന്റെ വീഡിയോ കണ്ടത് ഇപ്പോഴും ഓര്‍മയുണ്ട്. ഗംഭീരമായാണ് അന്നു കോലി നെറ്റ്‌സില്‍ ബാറ്റ് വീശിയത്. പരമ്പരയില്‍ കോലിക്കെതിരായ തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് ഈ വീഡിയോ തങ്ങളെ സഹായിച്ചതായും പെയ്ന്‍ പറയുന്നു.

ഇന്ത്യക്കെതിരായ പരമ്പരയ്ക്കു മുമ്പ് കോലിയെക്കുറിച്ച് അമ്മ നല്‍കിയ ഉപദേശം തന്നെ സഹായിച്ചതായി പെയ്ന്‍ വെളിപ്പെടുത്തി. എങ്ങനെ കോലിയെ പരമ്പരയില്‍ പിടിച്ചുകെട്ടുമെന്ന ചോദ്യം തന്നെ അലട്ടിയിരുന്നു. അപ്പോഴാണ് അമ്മ തന്നെ ഉപദേശിച്ചത്. കോലിയെ എന്തിന് ഇത്ര ഭയക്കണം? മറ്റുള്ളവരെപ്പോലെ ഒരു സാധാരണ താരമായി മാത്രം അദ്ദേഹത്തെ കണ്ടാല്‍ മതിയെന്നായിരുന്നു അമ്മ പറഞ്ഞത്. ഇതു തങ്ങളെ ഏറെ സഹായിച്ചതായി പെയ്ന്‍ വീഡിയോയില്‍ വെളിപ്പെടുത്തി.

നാലു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ കൈക്കലാക്കിയിരുന്നെങ്കിലും കോലിയെ കാര്യമായി റണ്‍സെടുക്കാന്‍ ഓസ്‌ട്രേലിയ അനുവദിച്ചിരുന്നില്ല. ഏഴു ഇന്നിങ്‌സുകളില്‍ കളിച്ച കോലിക്കു ഒരു സെഞ്ച്വറിയും ഒരു ഫിഫ്റ്റിയും മാത്രമായിരുന്നു നേടാന്‍ കഴിഞ്ഞത്. ബാറ്റിങില്‍ അത്ര തിളങ്ങിയില്ലെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ചരിത്രം കുറിക്കാന്‍ കോലിക്കു കഴിഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications