കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയുടെ സ്പീഡ് സ്റ്റാര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ വലിയൊരു ഇടവേളയ്ക്കു ശേഷം ദേശീയ ടീമില്‍ തിരിച്ചെത്തി. സിംബാബ്‌വെയ്‌ക്കെതിരേ നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ടീമിലേക്കാണ് 35 കാരനെ തിരിച്ചുവിളിച്ചത്. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് സ്റ്റെയ്ന്‍ ദക്ഷിണാഫ്രിക്കയുടെ ഏകദിന ടീമില്‍ ഇടംപിടിക്കുന്നത്. 2016ല്‍ ഓസ്‌ട്രേലിയക്കെതിരായ മല്‍സരത്തിനു ശേഷം അദ്ദേഹം ഏകദിനത്തില്‍ കളിച്ചിട്ടില്ല.

തുടര്‍ച്ചയായ പരിക്കുകളും ഫിറ്റ്‌നസ് ഇല്ലായ്മയാണ് സ്റ്റെയ്‌നിനെ ദേശീയ ടീമില്‍ നിന്നും മാറ്റിനിര്‍ത്തിയത്. ഇപ്പോള്‍ ടീമിലേക്കു തികച്ചും അപ്രതീക്ഷിതമായാണ് അദ്ദേഹത്തെ തിരിച്ചുവിളിച്ചത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീമില്‍ സ്ഥാനമുറപ്പിക്കുകയാവും ഇനി സ്റ്റെയ്‌നിന്റെ ലക്ഷ്യം.
ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കിനും വെടിക്കെട്ട് താരം ഡേവിഡ് മില്ലര്‍ക്കും വിശ്രമം അനുവദിച്ചാണ് സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. യുവതാരങ്ങള്‍ക്കു അവസരം നല്‍കുന്നതിനായി ഇരുവര്‍ക്കും വിശ്രമം അനുവദിക്കുകയായിരുന്നു. പരിക്കില്‍ നിന്നും പൂര്‍ണമായി മോചിതനായിട്ടില്ലെങ്കിലും ഫഫ് ഡുപ്ലെസി തന്നെയാണ് ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്.