ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാളായി ചൂണ്ടിക്കാണിക്കപ്പെടുന്ന ബൗളറാണ് മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ശ്രീലങ്കന്‍ ഇതിഹാസം ലസിത് മലിങ്ക. യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റെന്നു വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹത്തിന്റെ പേരില്‍ ഐപിഎല്ലില്‍ അസാധാരണമായ ഒരു റെക്കോര്‍ഡുണ്ട്. തുടര്‍ച്ചയായി മൂന്നു സീസണുകളില്‍ 20ല്‍ കൂടുതല്‍ വിക്കറ്റെടുത്തിട്ടുള്ള ബൗളറെന്ന റെക്കോര്‍ഡാണിത്. മലിങ്ക മാത്രമല്ല മറ്റൊരു താരം കൂടി ഈ റെക്കോര്‍ഡ് പങ്കിടുകയാണ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നാണിത്.

മുംബൈയുടെ കടുംനീല ജഴ്‌സിയിലാണ് മലിങ്ക 2011, 12, 13 സീസണുകളില്‍ 20ന് മുകളില്‍ വിക്കറ്റ് കൊയ്ത് ചരിത്രം കുറിച്ചത്. ഒരൊറ്റ വര്‍ഷത്തിന്റെ വ്യത്യാസത്തില്‍ നരെയ്‌നും ഇതാവര്‍ത്തിക്കുന്നത് പിന്നീട് കണ്ടു. 2012, 13, 14 സീസണുകളിലാണ് കെകെആറിനായി അദ്ദേഹം 20ന് മുകളില്‍ വിക്കറ്റുകളെടുത്തത്. പിന്നീടൊരിക്കലും മറ്റൊരു ബൗളര്‍ക്കും തുടര്‍ച്ചയായി മൂന്നു സീസണുകളില്‍ ഈ നേട്ടം കൈവരിക്കാനായിട്ടില്ല.
ഐപിഎല്‍ കരിയറെടുത്താല്‍ 122 മല്‍സരങ്ങളില്‍ നിന്നും 170 വിക്കറ്റുകളാണ് മലിങ്കയുടെ സമ്പാദ്യം. അഞ്ചു വിക്കറ്റ് നേട്ടം ഒരു തവണയും നാലു വിക്കറ്റ് നേട്ടം ആറു തവണയും അദ്ദേഹത്തെ തേടിയെത്തി. 7.14 ഇക്കോണമി റേറ്റിലാണ് മലിങ്ക 170 വിക്കറ്റുകള്‍ കൊയ്തത്. 2011ലെ ഐപിഎല്ലില്‍ 28ഉം 12ല്‍ 22ഉം 13ല്‍ 20ഉം വിക്കറ്റുകള്‍ മുംബൈ പേസര്‍ വീഴ്ത്തിയിരുന്നു. പിന്നീട് 2015ലായിരുന്നു മലിങ് 20ന് മുകളില്‍ വിക്കറ്റുകളെടുത്തത് (24 വിക്കറ്റ്).

നരെയ്‌നാവട്ടെ 2012 മുതല്‍ കെകെആറിനൊപ്പം ഐപിഎല്ലില്‍ കളിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ 120 മല്‍സരങ്ങളില്‍ നിന്നും 127 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഒരു അഞ്ചു വിക്കറ്റും ആറു നാലു വിക്കറ്റ് നേട്ടവുമുള്‍പ്പെടെയാണിത്. പ്രഥമ സീസണില്‍ 24 വിക്കറ്റുകളുമായാണ് നരെയ്ന്‍ ഐപിഎല്ലില്‍ വരവറിയിച്ചത്. 13ല്‍ 22ഉം 14ല്‍ 21ഉം വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തി. പിന്നീടൊരു സീസണിലും നരെയ്‌ന് 20 വിക്കറ്റുകള്‍ തികയ്ക്കാനായിട്ടില്ല. 7, 11, 10, 17, 10, 5 എന്നിങ്ങനൊണ് പിന്നീടുള്ള സീസണുകളില്‍ സ്പിന്നറുടെ പ്രകടനം.
ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും കെകെആറിനായി നിര്‍ണായക സംഭാവനകള്‍ നരെയ്ന്‍ നല്‍കിയിട്ടുണ്ട്. ഓപ്പണറായി വരെ ഇറങ്ങിയിട്ടുള്ള അദ്ദേഹം ടീമിനു സ്‌ഫോടാനാത്മക തുടക്കം നല്‍കുന്നതില്‍ പലപ്പോഴും വിജയിക്കുകയും ചെയ്തു. 120 മല്‍സരങ്ങളില്‍ നിന്നും 164.17 സ്‌ട്രൈക്ക് റേറ്റോടെ 892 റണ്‍സ് നരെയ്ന്‍ സ്‌കോര്‍ ചെയ്തു. നാലു ഫിഫ്റ്റികളുള്‍പ്പെടെയാണിത്. 75 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.