അഫ്ഗാനിസ്താന്‍ ക്രിക്കറ്റിലെ ആദ്യത്തെ സൂപ്പര്‍ താരമെന്നു വിശേഷിപ്പിക്കാവുന്ന താരമാണ് സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്‍. മാജിക്കല്‍ ബൗളിങ് പ്രകടനത്തിലൂടെ ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ചെടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡികളില്‍ ഒട്ടേറെ ഫോളോവേഴ്‌സ് റാഷിദിനുണ്ട്. ഇന്‍സ്റ്റഗ്രാം പേജില്‍ ആരാധകരുടെ ചില ചോദ്യങ്ങള്‍ അദ്ദേഹം നല്‍കിയ മറുപടി ഇപ്പോള്‍ വൈറലാവുകയാണ്.

ഒരുപാട് ആരാധകര്‍ ചോദ്യങ്ങളുമായി രംഗത്തു വന്നെങ്കിലും ഇവയില്‍ നിന്നും തിരഞ്ഞെടുത്ത ചോദ്യങ്ങള്‍ക്കു മാത്രമേ റാഷിദ് മറുപടി നല്‍കിയുള്ളൂ. അക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായത് ചില വമ്പന്‍ താരങ്ങളെക്കുറിച്ച് അദ്ദേഹത്തിന്റെ വിശേഷണമായിരുന്നു. ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎ ധോണി, നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലി, മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്, ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സ് എന്നിവരെയെല്ലാം ഒറ്റ വാക്കില്‍ എങ്ങനെ വിശേഷിപ്പിക്കാമെന്നതായിരുന്നു ചോദ്യം.

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം ഇവര്‍ക്കെതിരേയെല്ലാം കളിക്കാന്‍ റാഷിദിന് ഭാഗ്യമുണ്ടായിട്ടുണ്ട്. ധോണിയെക്കുറിച്ചുള്ള റാഷിദിന്റെ വിശദീകരണമാണ് ഏറ്റവും ശ്രദ്ധേയം. ധോണിയെ വിശേഷിപ്പിക്കാന്‍ ഒരു വാക്ക് പോരെന്നായിരുന്നു ഹൃദയത്തിന്റെ ഇമോജിയോടൊപ്പം റാഷിദിന്റെ മറുപടി. കോലിയെ കിങെന്നു വിശേഷിപ്പിച്ച സ്പിന്നര്‍ യുവിയെ സിക്‌സറുകളുടെ രാജാവെന്നും എബിഡിയെ മിസ്റ്റര്‍ 360യെന്നും വിശേഷിപ്പിച്ചു.
അതിനിടെ അഫ്ഗാന്‍ ദേശീയ ടീമിന്റെ ക്യാപ്റ്റന്‍സിയില്‍ അടുത്തിടെ ചില മാറ്റങ്ങള്‍ സംഭവിച്ചിരുന്നു. ഏകദിനം, ടെസ്റ്റ് എന്നിവയില്‍ ഹഷ്മത്തുള്ള ഷാഹിദിയെ നായകനാക്കിയിരുന്നു. ടി20യില്‍ റാഷിദിന് വൈസ് ക്യാപ്റ്റന്‍ സ്ഥാനവും നല്‍കിയിരുന്നു. ടി20 നായകനെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. തനിക്കു ടീമിന്റെ വൈസ് ക്യാപ്റ്റന്‍സി നല്‍കിയത് സ്വന്തം പ്രകടനത്തെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് റാഷിദ്.

ഒരു താരമെന്ന നിലയില്‍ അഫ്ഗാന്‍ ടീമിനു വേണ്ടി നന്നായി പെര്‍ഫോം ചെയ്യുകയെന്നതാണ് എന്റെ ലക്ഷ്യം. ക്യാപ്റ്റനെന്ന നിലയില്‍ വ്യത്യസ്ത കാരണങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനേക്കാള്‍ എന്റെ പ്രകടനം ടീമിന് കുറേക്കൂടി നിര്‍ണായകമാണ്. മാത്രമല്ല അതിനു സമയമെടുക്കുകയും ചെയ്യും. ഇപ്പോള്‍ ഏറ്റവും പ്രധാനം വരാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പാണെന്നും റാഷിദ് പറഞ്ഞു.
വൈസ് ക്യാപ്റ്റന്‍സി നല്‍കിയത് എന്റെ പ്രകടനത്തെ ബാധിക്കുമോയെന്ന ഭയമുണ്ട്. അതു ഒരു പ്രധാന ഘടകമാണ്. ഒരു താരമെന്ന നിലയില്‍ ഞാന്‍ വളരെ സന്തുഷ്ടനാണ്. ബോര്‍ഡും സെലക്ഷന്‍ കമ്മിറ്റിയും എന്തു തീരുമാനമെടുത്താലും താന്‍ അതിനെ അഭിനന്ദിക്കുമെന്നും ഒപ്പമുണ്ടാവുമെന്നും റാഷിദ് കൂട്ടിച്ചേര്‍ത്തു.