
ലണ്ടന്‍: ഇംഗ്ലണ്ടിന്റെ ടെസ്റ്റിലെ മോശം പ്രകടനം തുടരുന്ന സാഹചര്യത്തില്‍ നിര്‍ണ്ണായക നീക്കവുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. നായകസ്ഥാനത്ത് നിന്ന് ജോ റൂട്ടിനെ ഇസിബി പുറത്താക്കിയിരിക്കുകയാണ്. ഫാബുലസ് ഫോറില്‍ ഉള്‍പ്പെടുന്ന താരമാണ് റൂട്ടെങ്കിലും ഇംഗ്ലണ്ടിന്റെ നായകനെന്ന നിലയില്‍ പ്രതീക്ഷക്കൊത്ത പ്രകടനമല്ല റൂട്ട് കാഴ്ചവെച്ചത്. ബാറ്റ്‌സ്മാനെന്ന നിലയില്‍ പ്രതിഭയാണെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം വന്‍ പരാജയമായിരുന്നു.
അവസാന 17 ടെസ്റ്റ് മത്സരത്തില്‍ ഒരു മത്സരം മാത്രമാണ് ഇംഗ്ലണ്ടിന് ജയിക്കാനായത്. ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസീലന്‍ഡ് ടീമുകളോട് ഇംഗ്ലണ്ട് പരമ്പര കൈവിട്ടു. ടീമിനെ മുന്നോട്ട് നയിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ റൂട്ടിന് സാധിക്കാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് നായകസ്ഥാനം ഒഴിയാന്‍ റൂട്ട് തീരുമാനിച്ചത്. പല പ്രമുഖരുമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് റൂട്ട് ഇത്തരമൊരു നിര്‍ണ്ണായക പ്രഖ്യാപനം നടത്തിയത്.

വലിയ വെല്ലുവിളി നിറഞ്ഞ തീരുമാനമായിരുന്നുവെന്ന് നായകസ്ഥാനം രാജിവെച്ച് ജോ റൂട്ട് പറഞ്ഞു. 'കരീബിയന്‍ പര്യടനത്തിന് ശേഷം ചിന്തിക്കാനുള്ള സമയമായിരുന്നു. പുരുഷ ടെസ്റ്റ് ടീം നായകസ്ഥാനം ഒഴിയാന്‍ തീരുമാനിച്ചിരിക്കുകയാണ്'- ഇസിബി പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറപ്പിലൂടെ റൂട്ട് പറഞ്ഞു. എന്റെ കരിയറില്‍ ഞാനെടുത്ത ഏറ്റവും മികച്ച തീരുമാനമാണിത്. എന്നാല്‍ എന്റെ കുടുംബാംഗങ്ങളോടും അടുത്ത സുഹൃത്തുക്കളോടും ആലോചിച്ചെടുത്ത തീരുമാനമാണിത്. ശരിയായ സമയം ഇതാണെന്ന് എനിക്കറിയാം'- റൂട്ട് കൂട്ടിച്ചേര്‍ത്തു.
2017ല്‍ അലെസ്റ്റര്‍ കുക്ക് ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് റൂട്ട് ഇംഗ്ലണ്ട് നായകനാവുന്നത്. 64 ടെസ്റ്റുകളില്‍ അദ്ദേഹം ടീമിനെ നയിച്ചു. 27 മത്സരത്തില്‍ ജയം നേടിക്കൊടുത്തപ്പോള്‍ 26 മത്സരം തോറ്റു. 'കഴിഞ്ഞ അഞ്ച് വര്‍ഷം ഇംഗ്ലണ്ട് ടെസ്റ്റ് നായകനായിരിക്കുന്നതില്‍ അഭിമാനമുണ്ട്. ഇത്തരമൊരു പദവി ലഭിച്ചതിനെ അഭിമാനമായി കാണുന്നു' - റൂട്ട് പറഞ്ഞു.

നിലവില്‍ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിലേക്ക് മാത്രമാണ് റൂട്ടിനെ പരിഗണിക്കുന്നത്. നായകസ്ഥാനം പോയാലും റൂട്ട് ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിലെ അഭിവാജ്യ ഘടകമായി തുടരും. പുതിയ ടെസ്റ്റ് നായകനായി ആരെത്തുമെന്നത് കണ്ടറിയേണ്ട കാര്യമാണ്. ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ് എന്നിവരിലൊരാള്‍ക്കാണ് കൂടുതല്‍ സാധ്യത. ബെന്‍ സ്‌റ്റോക്‌സ് സമീപകാലത്തായി ഇടക്കിടെ ക്രിക്കറ്റില്‍ നിന്ന് അവധി എടുക്കാറുണ്ട്. ഈ സാഹചര്യത്തില്‍ ബട്‌ലറെ പരിഗണിക്കാനാണ് സാധ്യത. എന്തായാലും കാത്തിരുന്ന് കാണണം.

117 ടെസ്റ്റില്‍ നിന്ന് 49.2 ശരാശരിയില്‍ 9889 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ 25 സെഞ്ച്വറിയും അഞ്ച് ഇരട്ട സെഞ്ച്വറിയും 53 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 45 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. 152 ഏകദിനത്തില്‍ നിന്ന് 6109 റണ്‍സും 32 ടി20യില്‍ നിന്ന് 893 റണ്‍സുമാണ് റൂട്ട് നേടിയത്. ഏകദിനത്തില്‍ 16 സെഞ്ച്വറിയും 35 അര്‍ധ സെഞ്ച്വറിയും റൂട്ടിന്റെ പേരിലുണ്ട്.