
മൂന്നാം ഡബിള്‍ സെഞ്ച്വറിയുടെ വാര്‍ഷികം
രോഹിത് ഏകദിനത്തില്‍ മൂന്നാം ഡബിള്‍ സെഞ്ച്വറി നേടിയതിന്റെ വാര്‍ഷികം കൂടിയായിരുന്നു ഡിസംബര്‍ 13. മൊഹാലി സ്റ്റേഡിയത്തില്‍ ശ്രീലങ്കയ്‌ക്കെതിരേയാണ് ഹിറ്റ്മാന്‍ പുറത്താവാതെ 208 റണ്‍സ് അടിച്ചെടുത്തത്. മൂന്നാം ഡബിളിന്റെ വാര്‍ഷികകത്തോട് അനുബന്ധിച്ചാണ് ആരാധകരെ ആവേശത്തിലാക്കുന്ന രോഹിത്തിന്റെ ട്വീറ്റ് വന്നിരിക്കുന്നത്.
2017ല്‍ ഇതേ ദിവസമായിരുന്നു രോഹിത് 'ഹിറ്റ്മാന്‍' ശര്‍മ മൂന്നാം ഏകദിന ഡബിള്‍ സെഞ്ച്വറി നേടിയതെന്ന സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ട്വീറ്റിനു താഴെയായിരുന്നു രോഹിത്തിന്റെ മാസ് പ്രതികരണം. കൂടുതല്‍ വരാനിരിക്കുന്നുവെന്നായിരുന്നു ചിരിക്കുന്ന ഇമോജിയോടു കൂടി രോഹിത് ട്വീറ്റ് ചെയ്തത്.

ആദ്യ ഡബിള്‍ ഓസ്‌ട്രേലിയക്കെതിരേ
കരിയറിലെ ആദ്യത്തെ ഏകദിന ഡബിള്‍ സെഞ്ച്വറി രോഹിത് നേടിയത് ഓസ്‌ട്രേലിയക്കെതിരേയായിരുന്നു. 2013ല്‍ ബെംഗളൂരുവില്‍ നടന്ന ഏകദിനത്തിലായിരുന്നു ഹിറ്റ്മാന്റെ ചരിത്രനേട്ടം. 209 റണ്‍സായിരുന്നു അന്നു അദ്ദേഹം നേടിയത്. മല്‍സരത്തില്‍ ഇന്ത്യ വിജയിക്കുകയും ചെയ്തു. 158 പന്തുകള്‍ നേരിട്ട ഹിറ്റ്മാന്റെ ഇന്നിങ്‌സില്‍ 16 സിക്‌സറുകളും 12 ബൗണ്ടറികളുമുള്‍പ്പെട്ടിരുന്നു.
തൊട്ടടുത്ത വര്‍ഷം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ശ്രീലങ്കയ്‌ക്കെതിരേ രോഹിത് ഡബിള്‍ സെഞ്ച്വറി ആവര്‍ത്തിച്ചു. അന്നു കരിയര്‍ ബെസ്റ്റ് പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്. ഒപ്പം ലോക റെക്കോര്‍ഡും കുറിച്ചു. 173 പന്തില്‍ 33 ബൗണ്ടറികളും ഒമ്പത് സിക്‌സറുമടക്കം രോഹിത് വാരിക്കൂട്ടിയത് 264 റണ്‍സായിരുന്നു. ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന അദ്ദേഹത്തിന്റെ ഈ റെക്കോര്‍ഡിന് ഇപ്പോഴും ഇളക്കം തട്ടിയിട്ടില്ല.

മൂന്നാം ഡബിളിന്റെ പിറവി
രണ്ടാം ഡബിളിനു ശേഷം മൂന്നു വര്‍ഷം കഴിഞ്ഞ് 2017ലായിരുന്നു രോഹിത് ഡബബിള്‍ സെഞ്ച്വറിയില്‍ ഹാട്രിക്ക് തികച്ചത്. ഇത്തവണയും എതിരാളികള്‍ ശ്രീലങ്ക തന്നെ. മല്‍സരം നടന്നത് ചണ്ഡീഗഡിലായിരുന്നു. വിരാട് കോലിയുടെ അഭാവത്തില്‍ രോഹിത്തായിരുന്നു മല്‍സരത്തില്‍ ഇന്ത്യയെ നയിച്ചത്.
ക്യാപ്റ്റന്റെ കളി പുറത്തെടുത്ത അദ്ദേഹം ടീമിനെ മുന്നില്‍ നിന്നു നയിച്ചു. ആദ്യ ഏകദിനത്തില്‍ ഏഴു വിക്കറ്റിനു തോറ്റതിനാല്‍ മൂന്നു മല്‍സരങ്ങളുടെ പരമ്പര നഷ്ടമാവാതിരിക്കാന്‍ ഇന്ത്യക്കു ജയം അനിവാര്യമായിരുന്നു. 153 പന്തില്‍ 208 റണ്‍സ് അടിച്ചെടുത്ത രോഹിത്തിന്റെ മികവില്‍ ഇന്ത്യ നാലു വിക്കറ്റിന് 392 റണ്‍സെടുത്തു. 153 ബോളില്‍ 13 ബൗണ്ടറികളും 12 സിക്‌സറുകളും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ശ്രേയസ് അയ്യര്‍ (88), ശിഖര്‍ ധവാന്‍ (68) എന്നിവരും മികച്ച പ്രകടനം നടത്തി. മറുപടിയില്‍ ലങ്കയെ എട്ടു വിക്കറ്റിന് 251 റണ്‍സിനൊതുക്കി ഇന്ത്യ 141 റണ്‍സിന്റെ വമ്പന്‍ ജയം ആഘോഷിക്കുകയും ചെയ്തു. രോഹിത്തായിരുന്നു മാന്‍ ഓഫ് ദി മാച്ച്.


Click it and Unblock the Notifications











