ബോള്‍ട്ട് ഫുട്‌ബോളില്‍, ബ്ലെയ്ക്ക് ക്രിക്കറ്റിലേക്ക്... ലക്ഷ്യം ഐപിഎല്‍, ഡ്രീം ടീമുകള്‍ അവര്‍
മുംബൈ: ജമൈക്കയുടെ ഇതിഹാസ സ്പ്രിന്ററും ഒളിംപിക്, ലോക ചാംപ്യനുമായ യുസെയ്ന്‍ ബോള്‍ട്ട് ഫുട്‌ബോളിലും ഒരു കൈ നോക്കിയതിനു പിന്നാലെ മറ്റൊരു അത്‌ലറ്റ് കൂടി കളം മാറ്റി ചവിട്ടുന്നു. ബോള്‍ട്ടിന്റെ നാട്ടുകാരനും ഒളിംപിക്‌സിലെ മെഡല്‍ ജേതാവുമായ യൊഹാന്‍ ബ്ലെയ്ക്കാണ് ക്രിക്കറ്റ് കളിക്കാന്‍ തനിക്കു ആഗ്രഹമുണ്ടെന്നു വെളിപ്പെടുത്തിയിരിക്കുന്നത്. ഐപിഎല്ലില്‍ കളിക്കുകയെന്നതാണ് തന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്നും താരം പറയുന്നു.
2020 ഫെബ്രുവരി രണ്ടു മുതല്‍ 16 വരെ നടക്കാനിരിക്കുന്ന റോഡ് സുരക്ഷ ലോക സീരീസിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഇന്ത്യയിലെത്തിയപ്പോഴാണ് തന്റെ ക്രിക്കറ്റ് ഭ്രമത്തെക്കുറിച്ച് ബ്ലെയ്ക്ക് തുറന്നു പറഞ്ഞത്. അത്‌ലറ്റിക്‌സില്‍ നിന്നു വിരമിക്കുന്നതിനു മുമ്പ് ക്രിക്കറ്റില്‍ കൂടി കളിച്ചു നോക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

ഐപിഎല്ലിലെ പ്രിയ ടീമുകള്‍
ഐപിഎല്ലില്‍ തനിക്കു ഏറ്റവും പ്രിയപ്പെട്ട രണ്ടു ടീമുകളെക്കുറിച്ചും മനസ്സ് തുറക്കുകയാണ് ബ്ലെയ്ക്ക്. ഒന്ന് മുന്‍ ചാംപ്യന്‍മാര്‍ കൂടിയായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണെങ്കില്‍ മറ്റൊരു ടീം വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ്.
ഐപിഎല്‍ മാതൃകയില്‍ വിന്‍ഡീസില്‍ നടക്കുന്ന കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ നൈറ്റ് റൈഡേഴ്‌സിന്റെ മറ്റൊരു ഫ്രാഞ്ചൈസിയായ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ് കളിക്കുന്നുണ്ട്. പക്ഷെ വെസ്റ്റ് ഇന്‍ഡീസ് ദേശീയ ടീമിനായി കളിക്കാന്‍ തനിക്കു താല്‍പ്പര്യമില്ലെന്നു ലോകത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഓട്ടക്കാരന്‍ കൂടിയായ ബ്ലെയ്ക്ക് വ്യക്തമാക്കി. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ജമൈക്ക തലാവാസിനു വേണ്ടി കളിക്കാന്‍ നേരത്തേ അദ്ദേഹത്തിന് ഓഫറുണ്ടായിരുന്നു. എന്നാല്‍ സമയക്കുറവ് കാരണം ബ്ലെയ്ക്ക് ക്ഷണം സ്വീകരിക്കുകയായിരുന്നു.

ഇന്ത്യയില്‍ സ്വന്തമായൊരു ഫ്രാഞ്ചൈസി
അത്‌ലറ്റിക്‌സില്‍ ചുരുങ്ങിയത് രണ്ടു വര്‍ഷം കൂടിയെങ്കിലും തുടരാന്‍ കഴിയും. അതിനു ശേഷം ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ആഗ്രഹം. ഫ്രാഞ്ചൈസി ക്രിക്കറ്റിനോടാണ് കൂടുതല്‍ താല്‍പ്പര്യം. ഭാവിയില്‍ ഇന്ത്യയില്‍ സ്വന്തമായൊരു ഫ്രാഞ്ചൈസി വേണമെന്ന ആഗ്രഹവുമുണ്ട്. അതിനേക്കാള്‍ പ്രധാനം ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇവയിലൊരു ടീമിനുവേണ്ടി കളിക്കുകയെന്നതാണെന്നും ബ്ലെയ്ക്ക് പറഞ്ഞു.

കോലി, എബിഡി ഫേവറിറ്റുകള്‍
തന്റെ നാട്ടുകാരന്‍ കൂടിയായ ക്രിസ് ഗെയ്ല്‍ ഏറെകാലം റോയല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിച്ചിരുന്നു. അതുകൊണ്ടു തന്നെ ആര്‍സിബി ടീമിനെ ഇഷ്ടമാണ്. പ്രത്യേകിച്ച് വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ് എന്നിവരോട് വലിയ ആരാധനയാണ്.
അതു പോലെ തന്നെയാണ് കൊല്‍ക്കത്ത ടീമും. അവര്‍ക്കു വേണ്ടിയും ഗെയ്ല്‍ നേരത്തേ കളിച്ചിട്ടുണ്ടെന്നും ബ്ലെയ്ക്ക് ചൂണ്ടിക്കാട്ടി. നിലവില്‍ കെകെആര്‍ ടീമിന്റെ തുറുപ്പുചീട്ട് കൂടിയായ വിന്‍ഡീസിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലും തന്റെ നാട്ടുകാരനായതില്‍ അഭിമാനമുണ്ടെന്നു ബ്ലെയ്ക്ക് പറയുന്നു.

ഓഫര്‍ വന്നത് ഈ വര്‍ഷം
ഈ വര്‍ഷത്തെ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ജമൈക്ക തലാവാസ് ടീമിനു വേണ്ടി കളിക്കാന്‍ ഓഫര്‍ വന്നിരുന്നു. എന്നാല്‍ അതു സ്വീകരിക്കാന്‍ കഴിഞ്ഞില്ല. കാരണം ദോഹയില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പിനു വേണ്ടി താന്‍ തയ്യാറെടുക്കുകയായിരുന്നു. സമയക്കുറവ് കാരണമാണ് ഈ ഓഫര്‍ വേണ്ടെന്നു വച്ചത്.
ഒളിംപിക്‌സ് വരാനിരിക്കുകയാണ്. കൂടാതെ 2020 മാര്‍ച്ചില്‍ ചൈനയിലെ നാന്‍ജിങില്‍ ലോക ചാംപ്യന്‍ഷിപ്പും നടക്കാനിരിക്കുന്നു. ഇവയ്‌ക്കെല്ലാം തയ്യാറെടുപ്പ് നടത്തിക്കൊണ്ടിരിക്കുന്നതിനാല്‍ തനിക്കു ഇപ്പോള്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ലെന്നും ബ്ലെയ്ക്ക് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications