പാരിസ് ഒളിംപിക്‌സിന്റെ ആവേശത്തിലേക്ക് കായിക ലോകം ഉണര്‍ന്ന് കഴിഞ്ഞു. ഈ മാസം 26 മുതല്‍ ആഗസ്റ്റ് 11വരെയാണ് പാരിസില്‍ ഒളിംപിക്‌സ് നടക്കുന്നത്. ടീമുകളെല്ലാം അവസാന ഘട്ട മുന്നൊരുക്കങ്ങളിലേക്ക് കടന്ന് കഴിഞ്ഞു. ഇന്ത്യ ഇത്തവണയും മികച്ച താരനിരയോടെയാണ് ഒളിംപിക്‌സിനിറങ്ങുന്നത്. ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷ നല്‍കുന്ന നിരവധി താരങ്ങള്‍ ഇത്തവണയുമുണ്ട്. ഇതില്‍ പ്രധാനിയാണ് നീരജ് ചോപ്ര. അത്‌ലറ്റിക്‌സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണ്ണ മെഡല്‍ ജേതാവാണ് നീരജ് ചോപ്ര.
ജാവലിന്‍ ത്രോയില്‍ ഇത്തവണയും നീരജ് ഇന്ത്യയിലേക്ക് മെഡല്‍ കൊണ്ടുവരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ടോക്കിയോ ഒളിംപിക്‌സിന് ശേഷം നീരജിന്റെ പ്രകടനം എങ്ങനെയായിരുന്നു?. പ്രധാന നേട്ടങ്ങള്‍ പരിശോധിക്കാം. ഫിന്‍ലാന്‍ഡില്‍ നടന്ന പാവോ നൂര്‍മി ഗെയിംസില്‍ അദ്ദേഹം റെക്കോഡ് പ്രകടനത്തോടെ വെള്ളിയാണ് നേടിയത്. 89.30 മീറ്ററാണ് നീരജ് ജാവലിന്‍ പായിച്ചത്. പുതിയ ദേശീയ റെക്കോഡിട്ടാണ് നീരജിന്റെ പ്രകടനം.
2022ലെ ഓറിജോണ്‍ ലോക ചാമ്പ്യന്‍ഷിപ്പിലും നീരജ് വെള്ളി നേടി. ലൗസാനി ഡയമണ്ട് ലീഗില്‍ സ്വര്‍ണ്ണവും നേടാന്‍ നീരജിനായി. ആഗസ്റ്റ് 2023ല്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 88.17 മീറ്റര്‍ ജാവലിന്‍ പായിച്ച് സ്വര്‍ണ്ണ മെഡല്‍ നേടാന്‍ നീരജിനായി. 2022ലെ ഏഷ്യന്‍ ഗെയിംസില്‍ സീസണിലെ ബെസ്റ്റ് പ്രകടനത്തോടെ സ്വര്‍ണ്ണം നേടാനും നീരജിനായി. 2023ല്‍ ബുദാപെസ്റ്റില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണവും നീരജ് നേടി. 2023ലെ ഡയമണ്ട് ലീഗിലും നീരജ് സ്വര്‍ണ്ണത്തിലേക്കെത്തി.
28 അത്‌ലറ്റുകള്‍ പങ്കെടുക്കുന്ന ഇന്ത്യയുടെ ഒളിംപിക്‌സ് ടീമിനെ നയിക്കുന്ന നീരജ് ചോപ്രയാണ്. അവസാന ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യക്കായി വ്യക്തിഗത മെഡല്‍ നേടിയ ആറ് താരങ്ങളും വെങ്കല മെഡല്‍ നേടിയ ഹോക്കി ടീമും ഇത്തവണയും ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു. നീരജ് ചോപ്രക്കൊപ്പം പിവി സിന്ധു, ബജ്‌റംഗ് പുനിയ, രവി ദഹിയ, ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍, സൈന നെഹ്വാള്‍, യോഗേശ്വര്‍ ദത്ത്, ഗഗന്‍ നാരങ്ക് തുടങ്ങിയവരെല്ലാം അവസാന ഒളിംപിക്‌സില്‍ ഇന്ത്യക്കായി മെഡല്‍ നേടി.

ഇത്തവണ ഇന്ത്യക്കായി മെഡല്‍ നേടുക ആരൊക്കെയാണെന്നതാണ് കണ്ടറിയേണ്ടത്. നീരജ് ചോപ്രയുടെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതാണ്. അതുകൊണ്ടുതന്നെ മെഡലിലേക്കെത്താന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് പ്രതീക്ഷിക്കാം. പിവി സിന്ധുവിന്റെ പ്രകടനവും മോശമല്ല. 2020ലെ ടോക്കിയോ ഒളിംപിക്‌സിന് ശേഷം 2022 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണ മെഡല്‍ നേടാന്‍ സിന്ധുവിനായി. മിക്‌സഡ് ടീം ഇനത്തില്‍ വെങ്കലവും സിന്ധു നേടി.
2022ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും സിന്ധു നേടി. 2024 ഏഷ്യ ടീം ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണവും നേടിയാണ് സിന്ധു പാരിസ് ഒളിംപിക്‌സിന് വരുന്നത്. അതുകൊണ്ടുതന്നെ മൂന്നാം ഒളിംപിക്‌സ് മെഡല്‍ പ്രതീക്ഷ സജീവമാണ്. എന്നാല്‍ ഇന്ത്യയുടെ ഹോക്കി ടീമില്‍ നിന്ന് ഇത്തവണ വലിയ മെഡല്‍ പ്രതീക്ഷയില്ല.
അവസാന ഓസീസ് പരമ്പരയില്‍ അഞ്ച് മത്സരങ്ങളാണ് ഇന്ത്യ തോറ്റത്. കൂടാതെ ഇത്തവണ കൂടുതലും യുവതാരങ്ങളാണ് ഇന്ത്യന്‍ ടീമിനൊപ്പമുള്ളത്. അതുകൊണ്ടുതന്നെ പ്രകടനം എങ്ങനെയാവുമെന്നത് കണ്ടറിയണം.